ad
Deshabhimani

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു; പ്രതിക്കായി തിരച്ചിൽ

sivank avasthy
വെബ് ഡെസ്ക്

Published on Dec 26, 2025, 07:48 AM | 1 min read

ന്യൂഡൽഹി: കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാമ്പസിന് സമീപം ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു. ഗവേഷണ വിദ്യാർഥിയായ ശിവങ്ക് അവസ്തി (20) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30-ഓടെ ഹൈലാൻഡ് ക്രീക്ക് ട്രയൽ ഭാഗത്താണ് വെടിയേറ്റ നിലയിൽ ശിവങ്കിനെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചതായി ടൊറന്റോ പൊലീസ് സ്ഥിരീകരിച്ചു.


ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:34-ഓടെ ഹൈലാൻഡ് ക്രീക്ക് ട്രയലിനും ഓൾഡ് കിംഗ്സ്റ്റൺ റോഡിനും സമീപം ഒരാൾക്ക് പരിക്കേറ്റതായി വിവരം ലഭിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ വെടിയേറ്റ നിലയിൽ ശിവങ്കിനെ കണ്ടെത്തുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇവരെത്തുന്നതിനു മുൻപേ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്നവർ പൊലീസുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.


ശിവങ്കിന്റെ മരണത്തിൽ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദുഃഖം രേഖപ്പെടുത്തി. കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രാദേശിക അധികൃതരുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരികയാണെന്നും കോൺസുലേറ്റ് അറിയിച്ചു.


കഴിഞ്ഞ ഒരാഴ്ചക്കിടെ ടൊറന്റോയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനാണ് ശിവങ്ക്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഹിമാൻഷി ഖുറാന (30) എന്ന ഇന്ത്യൻ യുവതിയെ നഗരത്തിലെ ഒരു താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ ശനിയാഴ്ചയാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. ഈ കേസിൽ ഹിമാൻഷിയുടെ സുഹൃത്തായ അബ്ദുൾ ഗഫൂരി (32) എന്നയാൾക്കെതിരെ പൊലീസ് ഫസ്റ്റ് ഡിഗ്രി മർഡറിന് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർ തമ്മിൽ അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്നുവെന്നും വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home