ദക്ഷിണ സുഡാനിൽ ഇന്ത്യൻ സമാധാന സേനയ്ക്ക് യു എൻ ആദരം; അഭിലാഷ ബരാക്കിന് അന്താരാഷ്ട്ര പുരസ്കാരം

ന്യൂയോർക്ക്: ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യത്തിൽ മികച്ച സേവനം കാഴ്ചവെച്ച ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യു എൻ മെഡൽ ഓഫ് ഓണർ ബഹുമതി. ദക്ഷിണ സുഡാനിലെ മലാക്കൽ നഗരത്തിൽ ചടങ്ങിൽ 53 വനിതകൾ ഉൾപ്പെടെ 565 ഇന്ത്യൻ സൈനികരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഇവർക്കൊപ്പം 464 റുവാണ്ടൻ സമാധാന സേനാംഗങ്ങളും ആദരിക്കപ്പെട്ടു.
ലോകമെമ്പാടുമുള്ള യു എൻ സമാധാന ദൗത്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ സൈനികരെ സംഭാവന ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് നേപ്പാളാണ്.
പ്രദേശത്ത് സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കൽ, പട്രോളിംഗ്, കമ്മ്യൂണിറ്റി ഇടപെടലുകൾ, വെറ്ററിനറി ക്യാമ്പുകൾ, വനിതകൾക്കുള്ള സ്വയംരക്ഷാ പരിശീലനം, ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധം, മാനുഷിക സഹായങ്ങൾ എത്തിക്കൽ തുടങ്ങിയ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളാണ് ഇന്ത്യൻ സംഘത്തെ നേട്ടത്തിന് അർഹരാക്കിയത്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യൻ സൈനികർ (ബ്ലൂ ഹെൽമെറ്റ്സ്) കാട്ടിയ അച്ചടക്കവും ടീം വർക്കും മാതൃകാപരമാണെന്ന് യു.എൻ മിഷൻ ഫോഴ്സ് കമാൻഡർ മേജർ ജനറൽ ജുൻഹുയി വു പ്രശംസിച്ചു.
മേജർ അഭിലാഷ ബരാക്കിന് ചരിത്ര നേട്ടം
യു എന്നിന്റെ 2025-ലെ 'മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ' പുരസ്കാരത്തിന് ഇന്ത്യൻ സൈന്യത്തിലെ മേജർ അഭിലാഷ ബരാക് അർഹയായി. ലബനനിലെ (UNIFIL) യു എൻ ദൗത്യത്തിൽ ഫീമെയിൽ എൻഗേജ്‌മെന്റ് ടീം കമാൻഡറായി സേവനമനുഷ്ഠിക്കുന്ന മേജർ അഭിലാഷ, അവിടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്കായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ആദരിക്കപ്പെട്ടത്. ഇന്ത്യൻ കരസേനയിലെ ആദ്യ വനിതാ കോംബാറ്റ് ഹെലികോപ്റ്റർ പൈലറ്റ് കൂടിയാണ് ഇവർ.
മരണാനന്തര ബഹുമതി
അന്താരാഷ്ട്ര യു.എൻ സമാധാന ദിനത്തോടനുബന്ധിച്ച്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (MONUSCO) സേവനമനുഷ്ഠിച്ച ലാൻസ് ഹവിൽദാർ ഹർഭജൻ സിംഗ്, ദക്ഷിണ സുഡാനിൽ സേവനമനുഷ്ഠിച്ച നായിബ് സുബേദാർ സുജിത് കുമാർ പ്രധാൻ എന്നിവർക്ക് യു.എന്നിന്റെ ഏറ്റവും ഉയർന്ന ഔദ്യോഗിക ബഹുമതിയായ 'ഡാഗ് ഹാമ്മർസ്കോൾഡ് മെഡൽ' മരണാനന്തര ബഹുമതിയായി കൈമാറി.

നിലവിൽ ദക്ഷിണ സുഡാൻ, ലബനൻ, കോംഗോ, വെസ്റ്റേൺ സഹാറ, സൈപ്രസ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് ഉൾപ്പെടെയുള്ള ഒൻപതോളം മേഖലകളിൽ 155 വനിതകൾ ഉൾപ്പെടെ 4,200-ലധികം ഇന്ത്യൻ സൈനികരും പോലീസുകാരും സേവനമനുഷ്ഠിക്കുന്നുണ്ട്. ആഗോള സമാധാനത്തിനായി ഇതുവരെ ഏറ്റവും കൂടുതൽ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതും ഇന്ത്യയ്ക്കാണ്—ഏതാണ്ട് 180-ഓളം ഇന്ത്യൻ ജവാന്മാരാണ് ഇതുവരെ സമാധാന ദൗത്യങ്ങൾക്കിടെ കൊല്ലപ്പെട്ടത്.










0 comments