കാനഡ മന്ത്രിസഭയിൽ 2 ഇന്ത്യൻ വംശജർ

മനിന്ദർ സിദ്ദു അനിത് ആനന്ദ്
ഒട്ടാവ
മന്ത്രിസഭ അഴിച്ചുപണിയിൽ രണ്ട് ഇന്ത്യൻ വംശജരെ പ്രധാന വകുപ്പുകളിൽ നിയമിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി. ലിബറൽ പാർടിയുടെ മുതിർന്ന നേതാവ് അനിത ആനന്ദിനെ വിദേശമന്ത്രിയായി നിയമിച്ചു. മനിന്ദർ സിദ്ദു രാജ്യത്തിന്റെ പുതിയ അന്താരാഷ്ട്ര വ്യാപാര മന്ത്രിയാകും.
ജസ്‌റ്റിൻ ട്രൂഡോ സർക്കാരിലും അനിത് ആനന്ദ് മന്ത്രിയായിരുന്നു. ട്രൂഡോയുടെ രാജിയെ തുടർന്ന് പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്മാറി. നോവ സ്കോട്ടിയയിൽ ജനിച്ച അനിത, ക്വീൻസ് സർവകലാശാല, ഓക്സ്‌ഫഡ്, ഡൽഹൗസി സർവകലാശാല എന്നിവിടങ്ങളില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടി. 2019ലാണ് രാഷ്ട്രീയപ്രവേശം. ഓക്‌വിൽ എംപിയാണ്.
സംരംഭകനായ മനിന്ദർ സിദ്ദു 2019 മുതൽ ബ്രാംപ്‌ടൺ ഈസ്‌റ്റിനെ പ്രതിനിധീകരിക്കുന്നു. വിദേശകാര്യ പാർലമെന്ററി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയോട് കടുത്ത ശത്രുതാ മനോഭാവം തുടരുന്ന സാഹചര്യത്തിലാണ് രണ്ട് ഇന്ത്യൻ വംശജർ മന്ത്രിമാരാകുന്നത്. കാർനി പ്രഖ്യാപിച്ച മന്ത്രിസഭയിൽ 28 മന്ത്രിമാരും 10 സ്‌റ്റേറ്റ് സെക്രട്ടറിമാരു(ജൂനിയർ മന്ത്രിമാർ)മുണ്ട്. രൺദീപ് സരായ് (അന്താരാഷ്ട്ര വകസനം), റൂബി സഹോത (കുറ്റകൃത്യങ്ങൾ തടയൽ) എന്നിവരാണ് സ്‌റ്റേറ്റ് സെക്രട്ടറിമാരായ ഇന്ത്യൻ വംശജർ. ഏപ്രിൽ 28ന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ 22 ഇന്ത്യൻ വംശജർ വിജയിച്ചു.










0 comments