print edition യുഎസിന്റെ നുകത്തില്‍ ഇന്ത്യയെ കെട്ടിയത് കോൺഗ്രസ് എം

എം പ്രശാന്ത്
Published on Mar 08, 2026, 06:57 AM | 2 min read
ന്യൂഡൽഹി
:അമേരിക്കയുടെ സാമന്തരാജ്യമായി ഇന്ത്യയെ മാറ്റിയതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് കോൺഗ്രസിനും ഒഴിഞ്ഞുമാറാനാവില്ല. കേരളത്തിൽ ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ഇടപെടലിന് വഴിയൊരുക്കിയത് മുതൽ പല ഘട്ടങ്ങളിലും യുഎസ് താൽപ്പര്യത്തിനൊപ്പമാണ് കോൺഗ്രസ് സർക്കാരുകൾ നീങ്ങിയത്. ചേരിചേരാ നിലപാടിനെ പൂർണമായും അട്ടിമറിച്ച് അമേരിക്കയുടെ സാമ്രാജ്യത്വ താൽപ്പര്യങ്ങളോട് ഇന്ത്യയെ ചേർത്തുകെട്ടിയത് 1991 ലെ കോൺഗ്രസ് സർക്കാരാണ്.
പരിഷ്‌ക്കാരങ്ങളെന്ന പേരിൽ അമേരിക്കയുടെ സാമ്പത്തികതാൽപ്പര്യങ്ങൾക്ക് വിധേയപ്പെട്ടുള്ള ഉദാരവൽക്കരണ നയങ്ങൾക്ക് റാവു സർക്കാർ തുടക്കമിട്ടു. യുഎസ് നിക്ഷേപങ്ങൾക്കായി സമ്പദ്‌വ്യവസ്ഥയെ തുറന്നിട്ടു. മൻമോഹൻ സിങ് എന്ന മുതലാളിത്ത സാമ്പത്തിക ശാസ്‌ത്രജ്ഞനെ ഇതിനായി ധനമന്ത്രിയാക്കി.
മൻമോഹൻ സിങ് പ്രധാനമന്ത്രിയായ ഒന്നും രണ്ടും യുപിഎ സർക്കാരുകൾ ഇന്ത്യയെ കൂടുതലായി അമേരിക്കയോട് അടുപ്പിച്ചു. സാമ്പത്തിക കാര്യങ്ങൾക്ക് പുറമെ സുരക്ഷാ –സൈനിക മേഖലകളിലും അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വിധേയപ്പെട്ടു. ഒന്നാം യുപിഎ സർക്കാരിന്റെ നിലനിൽപ്പിനെ പോലും അപകടത്തിലാക്കും വിധം ഇടതുപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് ആണവോർജ മേഖലയിൽ അമേരിക്കയുമായി സഹകരിച്ചു. ആണവോർജ മേഖലയിലേക്ക് കൂടി അമേരിക്കൻ കടന്നുകയറ്റത്തിന് വഴിതുറന്നുകൊണ്ടുള്ള കരാറിൽ മൻമോഹൻ സിങ് സർക്കാർ ഒപ്പിട്ടു.
അമേരിക്കയുമായി പ്രതിരോധസഹകരണ ചട്ടക്കൂടിലും 2005ൽ ഒപ്പിട്ടു.
വലിയതോതിൽ ആയുധം വാങ്ങിക്കൂട്ടി. ഇടതുപക്ഷ പിന്തുണയിലല്ലാതെ അധികാരത്തിലെത്തിയ രണ്ടാം യുപിഎ സർക്കാർ ഇന്ത്യയെ പൂർണമായും അമേരിക്കയുടെ സാമന്തരാജ്യമാക്കി മാറ്റി. മലബാർ നാവികാഭ്യാസമടക്കം സംയുക്ത സൈനികാഭ്യാസങ്ങൾക്കും തുടക്കമിട്ടു. ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്‌ക്കലുകൾക്കും യുഎസ് പോർവിമാനങ്ങൾക്കും പടക്കപ്പലുകൾക്കും ഇന്ധനവും മറ്റും നിറയ്‌ക്കാൻ ഇന്ത്യൻ സൗകര്യങ്ങൾ ഒരുക്കികൊടുക്കുന്നതിനായുള്ള കരാറുകളിലും ഏർപ്പെട്ടു.
ഒന്നും രണ്ടും യുപിഎ സർക്കാരുകൾ തീവ്ര അമേരിക്കൻ അനുകൂല നയനിലപാടുകളാണ് ഇപ്പോൾ ഒന്നും രണ്ടും മൂന്നും മോദി സർക്കാരുകളും തുടരുന്നത്. യുപിഎ സർക്കാർ ഒപ്പിട്ട ആണവകരാറിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇന്ത്യൻ ആണവമേഖല യുഎസ് കമ്പനികൾക്കായി മോദി സർക്കാർ തുറന്നുകൊടുത്തത്. അമേരിക്കയുമായുള്ള വ്യാപാരകരാർ ചർച്ചകളും യുപിഎ സർക്കാരുകളുടെ നയനിലപാടുകളുടെ തുടർച്ചയാണ്.
മോദി സർക്കാർ കാഴ്‌ചക്കാർ
ഇന്ത്യൻ മഹാസമുദ്രത്തിലും യുഎസ് അധിനിവേശം
ന്യൂഡൽഹി
ഇന്ത്യൻ മഹാസമുദ്രത്തിന്റെ കാവൽക്കാർ ഇന്ത്യൻ നാവികസേനയാണെന്നാണ് കഴിഞ്ഞ ഒക്‌ടോബറിൽ ഐഎൻഎസ് വിക്രാന്തിൽ ഹോളി ആഘോഷിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇവിടെ വച്ചാണ് രാജ്യത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് മടങ്ങിയ ഇറാൻ പടക്കപ്പലിനെ അമേരിക്കയുടെ ആണവ അന്തർവാഹിനി ചുട്ടെരിച്ചത്. ദിവസങ്ങൾ പിന്നിട്ടിട്ടും കടന്നുകയറ്റത്തിനെതിരെ പ്രതിഷേധിക്കാന്‍ പോലും മോദി സർക്കാര്‍ തയ്യാറല്ല.
വിശാഖപട്ടണത്ത് ‘മിലൻ’ നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഐആർഐഎസ് ദേനയെന്ന ഇറാൻ കപ്പലിനെ ആക്രമിച്ചത്.
കന്യാകുമാരിയിൽ നിന്ന് മുന്നൂറ് കിലോമീറ്റർ മാത്രം മാറിയാണ് ആക്രമണമുണ്ടായത്. അതിഥികൾ അപകടത്തിൽപ്പെട്ടിട്ടും അമേരിക്കയെ ഭയന്ന് സഹായമെത്തിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ശ്രീലങ്കൻ നാവികസേനയാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
ഇറാൻ കപ്പൽ സഹായം ആവശ്യപ്പെട്ടില്ലെന്ന ന്യായീകരണമാണ് പറയുന്നത്. എന്നാൽ, പശ്‌ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചപ്പോൾ തന്നെ ആതിഥേയത്വം സ്വീകരിച്ച് മടങ്ങിയ കപ്പലിന് സുരക്ഷ ഉറപ്പുവരുത്തുകയെന്ന കടമ കേന്ദ്രസർക്കാരിനുണ്ടായിരുന്നു.
ഇന്ത്യയുടെ ‘വാതിൽക്കൽ’ അമേരിക്ക നടത്തിയ ആക്രമണം കേന്ദ്രസർക്കാരിന്റെ കൂടി അറിവോടെയാകുമോയെന്ന സംശയവും ഉയരുന്നു.










0 comments