'ടേസ്റ്റ് ദി ട്രോപ്പിക്കൽ മാജിക്'; വാഷിംഗ്ടണിൽ മാമ്പഴ മധുരവുമായി ഇന്ത്യൻ എംബസി

വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച 'ടേസ്റ്റ് ദി ട്രോപ്പിക്കൽ മാജിക്' ഫുഡ് ഫെസ്റ്റിൽ നിന്ന്
വാഷിംഗ്ടൺ : ഇന്ത്യൻ എംബസി സംഘടിപ്പിച്ച വാർഷിക സമ്മർ ഇവന്റായ 'ടേസ്റ്റ് ദി ട്രോപ്പിക്കൽ മാജിക്' (Taste the Tropical Magic) രുചിമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡ്യൂപോണ്ട് സർക്കിളിൽ നടന്ന വിഭവസമൃദ്ധമായ ചടങ്ങിലേക്ക് ഇന്ത്യൻ മാമ്പഴങ്ങളുടെയും വൈവിധ്യമാർന്ന ഭക്ഷണങ്ങളുടെയും രുചിയറിയാൻ വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. മൂന്ന് മണിക്കൂർ നീണ്ട ചടങ്ങിൽ പങ്കെടുക്കാൻ എണ്ണായിരത്തിലധികം ആളുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.
ഇന്ത്യൻ മാമ്പഴ ഇനങ്ങളായ കേസർ (Kesar), ലങ്ക്ര (Langra), മാൽഡ (Malda) എന്നിവയ്ക്കൊപ്പം ബിരിയാണി, ലസ്സി, മാംഗോ ഹൽവ, ഇന്ത്യൻ ചായ, കാപ്പി എന്നീ രുചി വൈവിധ്യങ്ങളും ആസ്വദിക്കാൻ സന്ദർശകരുടെ നീണ്ട ക്യൂ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ മികച്ച പ്രതികരണം കണക്കിലെടുത്ത് ഇത്തവണ അഞ്ച് വ്യത്യസ്ത ബൂത്തുകളാണ് എംബസി സജ്ജീകരിച്ചിരുന്നത്.
യുഎസിലേക്കുള്ള ഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതിയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നതെന്ന് അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ അഭിഷേക് ദേവ് വ്യക്തമാക്കി. കഴിഞ്ഞ വർഷം 2300 ടൺ മാമ്പഴമാണ് യുഎസിലേക്ക് കയറ്റി അയച്ചത്. എന്നാൽ ഈ വർഷം ഒരു മാസം മുൻപ് തന്നെ ആ റെക്കോർഡ് മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. അത്യാധുനികവും അതിവേഗത്തിലുള്ളതുമായ ലോജിസ്റ്റിക്‌സ് സംവിധാനങ്ങളിലൂടെ മികച്ച ഗുണനിലവാരമുള്ള മാമ്പഴങ്ങൾ കൃത്യമായ വിലയിൽ യുഎസിൽ എത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് കെ ബി എക്‌സ്‌പോർട്ട്‌സ് സിഇഒ കൗശൽ ഖാക്കറും വ്യക്തമാക്കി.
ഇന്ത്യൻ ഭക്ഷണത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി ഇത്തരം ഫുഡ് പ്രൊമോഷൻ പരിപാടികൾ സംഘടിപ്പിക്കാൻ എംബസി പദ്ധതിയിടുന്നുണ്ടെന്ന് യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര പറഞ്ഞു.
മാമ്പഴരുചിയറിഞ്ഞ് പഴയകാല ഓർമകൾ പുതുക്കാൻ അയൽ സംസ്ഥാനങ്ങളായ വിർജീനിയ, മേരിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഇന്ത്യൻ-അമേരിക്കൻ വംശജരും പരിപാടിക്ക് എത്തിയിരുന്നു. നാട്ടിലെ വേനൽക്കാല ഓർമകൾ പങ്കുവച്ചാണ് പലരും മാമ്പഴങ്ങൾ വാങ്ങിയത്. ഫുട്ബോൾ ലോകകപ്പ് കാണാനായി യുഎസ് സന്ദർശിക്കുന്ന വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരും ഇന്ത്യൻ മാമ്പഴത്തിന്റെ തനത് രുചിയെ പ്രശംസിച്ചു.
അമേരിക്കക്കാർക്ക് പ്രിയപ്പെട്ട ഇന്ത്യൻ മാമ്പഴം
അമേരിക്കയിലെ ഇന്ത്യൻ മാമ്പഴങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് 2006ലാണ്. വടക്കേ അമേരിക്കയിൽ കാണപ്പെടാത്ത 'മാംഗോ സീഡ് വീവിൽ' (മാങ്ങയണ്ടിയിലെ വണ്ട്) എന്ന കീടത്തിന്റെ സാന്നിധ്യം കാരണം മുൻപ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾക്ക് യുഎസ് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ 2006 ജനുവരിയിൽ കുറഞ്ഞ അളവിലുള്ള ഇറേഡിയേഷൻ പ്രക്രിയയ്ക്ക് വിധേയമാക്കിയ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ യുഎസ് കാർഷിക മന്ത്രാലയം അനുമതി നൽകി.
അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് ഔദ്യോഗികമായി അനുമതി നൽകിയതോടെയാണ് വിപണി തുറക്കപ്പെട്ടത്. ഇന്ത്യ - യുഎസ് സിവിൽ ആണവ കരാറിനായുള്ള പ്രഖ്യാപനത്തെപ്പോലെ തന്നെ ഏറെ ആവേശത്തോടെയാണ് അന്ന് ഈ തീരുമാനത്തെയും ഇരുരാജ്യങ്ങളും വരവേറ്റത്. വാഷിംഗ്ടണിൽ നടന്ന ഈ മാമ്പഴരുചിമേള മധുരമുള്ള പഴയകാല ഓർമകളുടെയും വൈവിധ്യമാർന്ന ഭക്ഷണസംസ്കാരത്തിന്റെയും മനോഹരമായൊരു ഒത്തുചേരലായി മാറി.











0 comments