ad
Deshabhimani

പശ്ചിമേഷ്യൻ സംഘർഷം; ഖത്തറിലുള്ള പൗരന്മാർക്ക് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി

quatar attacked by iran
വെബ് ഡെസ്ക്

Published on Mar 05, 2026, 06:29 AM | 1 min read

ദോഹ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യവും അനിശ്ചിതാവസ്ഥയും കണക്കിലെടുത്ത് ഖത്തറിലെ ഇന്ത്യൻ പൗരന്മാർക്കായി ദോഹയിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ മാർ​ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി നിർദേശിച്ചു. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കി വീടുകൾക്കുള്ളിൽ തന്നെ തുടരാനും ജനാലകൾ, ബാൽക്കണികൾ, തുറന്ന സ്ഥലങ്ങൾ എന്നിവയിൽ നിന്ന് അകലം പാലിക്കാനും നിർദേശമുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്നും എംബസി അറിയിച്ചു.



നിലവിലെ അടിയന്തര സാഹചര്യം നേരിടുന്നതിനായി ഇന്ത്യൻ എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്. +974 55647502; +974 55362508 എന്നിവയാണ് ഹെൽപ്പ്‌ലൈൻ നമ്പറുകൾ. കൂടാതെ, [email protected] എന്ന ഇമെയിൽ വിലാസം വഴിയും പൗരന്മാർക്ക് സഹായം തേടാവുന്നതാണ്. ഖത്തർ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനാൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഖത്തർ എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ വെള്ളിയാഴ്ചയോടെ മാത്രമേ ലഭ്യമാകൂ എന്ന് എയർലൈൻ അധികൃതർ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ യാത്രകൾ പുനഃക്രമീകരിക്കുന്നതിനായി അതത് എയർലൈൻ കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home