ബംഗ്ലാദേശിലെ ഇന്ത്യൻ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി

ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങിലുള്ള (ചട്ടോഗ്രാം) ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിനുള്ളിൽ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. ചണ്ഡീഗഢ് സ്വദേശിയായ നരേൻ ധറിനെയാണ് (38) ചൊവ്വാഴ്ച പുലർച്ചെ ഓഫീസിലെ പഴയ വിസ സെന്റർ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിക്ക് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ചിറ്റഗോങ് പൊലീസ് ഉദ്യോഗസ്ഥൻ അമിനൂർ റഷീദ് അറിയിച്ചു. വിദേശ നയതന്ത്ര ഉദ്യോഗസ്ഥനായതിനാൽ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചിറ്റഗോങ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ മരണത്തിലെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അമിറുൽ ഇസ്ലാം വ്യക്തമാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈമാറും. സംഭവത്തെക്കുറിച്ച് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.










0 comments