ഉയർന്ന ജീവിതച്ചെലവും സുരക്ഷാ ഭീഷണിയും; ഇന്ത്യൻ വംശജർ അമേരിക്ക വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

അമേരിക്കയിലെ 40 ശതമാനം ഇന്ത്യൻ വംശജരും രാജ്യം വിടാൻ ആലോചിക്കുന്നതായാണ് സർവേ വ്യക്തമാക്കുന്നത്. (REUTERS/Eduardo Munoz/File Photo)
വാഷിങ്ടൺ : ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളുടെ സ്വപ്നഭൂമിയായ അമേരിക്കയോടുള്ള താല്പര്യം ഇന്ത്യൻ വംശജർക്കിടയിൽ കുറയുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരിൽ 40 ശതമാനം പേരും രാജ്യം വിടുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. വർധിച്ചുവരുന്ന ജീവിതച്ചെലവും സുരക്ഷാ ആശങ്കകളുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിൽ 52 ലക്ഷത്തിലധികം ഇന്ത്യൻ വംശജർ അമേരിക്കയിൽ താമസിക്കുന്നുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 14 ശതമാനം പേർ ഇടയ്ക്കിടെ അമേരിക്ക വിട്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ടെന്ന് വ്യക്തമാക്കിയപ്പോൾ, 26 ശതമാനം പേർ എപ്പോഴെങ്കിലും ഒക്കെ ഇത്തരത്തിൽ ചിന്തിച്ചിട്ടുള്ളവരാണ്.
കൗതുകകരമായ വസ്തുത, പത്തിൽ ആറ് പേരും അതായത് 58 ശതമാനം ആളുകൾ അമേരിക്കൻ രാഷ്ട്രീയത്തോടുള്ള അതൃപ്തിയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. 54 ശതമാനം പേർ ജീവിതച്ചെലവ് വർധിക്കുന്നതിലുള്ള ആശങ്കയും, 41 ശതമാനം ആളുകൾ വ്യക്തിസുരക്ഷയെക്കുറിച്ചുള്ള ഭയവും കാരണങ്ങളായി സൂചിപ്പിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഉയർന്ന നികുതി നിരക്കും കുതിച്ചുയരുന്ന വാടകയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും പലരെയും പുനർചിന്തനത്തിന് പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ച് പ്രധാന നഗരങ്ങളിലും ടെക് ഹബ്ബുകളിലും. മെച്ചപ്പെട്ട സമ്പാദ്യം ലക്ഷ്യമിട്ട് അമേരിക്കയിലെത്തിയവർക്ക് നിലവിലെ സാമ്പത്തിക സാഹചര്യം വലിയ വെല്ലുവിളിയാണ്.
ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തോടുള്ള വ്യാപകമായ അതൃപ്തി ഈ വികാരത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 71 ശതമാനം പേരും സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നീ വിഷയങ്ങൾ ട്രംപ് കൈകാര്യം ചെയ്ത രീതിയിൽ അതൃപ്തി പ്രകടിപ്പിച്ചു.
"അമേരിക്ക അമേരിക്കക്കാർക്ക് വേണ്ടിയുള്ളതാണ്" എന്ന തരത്തിലുള്ള പ്രസംഗങ്ങളും പ്രചാരണങ്ങളും ഇന്ത്യൻവംശജരടക്കമുള്ള കുടിയേറ്റ സമൂഹത്തിനിടയിൽ അവിടെ ഉൾപ്പെടാത്തവരാണെന്ന തോന്നൽ ഉണ്ടാക്കിയതായി വിദഗ്ധർ വിലയിരുത്തുന്നു.
രാജ്യത്ത് വർധിച്ചുവരുന്ന ഗൺ വയലൻസും വംശീയ വിദ്വേഷവും
ഇന്ത്യൻവംശജരുടെ സുരക്ഷാ ബോധത്തെ ബാധിച്ചിട്ടുണ്ട്. ഇത് കുട്ടികളുടെ ഭാവി ഓർത്തുള്ള ആശങ്ക വർദ്ധിപ്പിക്കുന്നു. ജോലിസ്ഥലങ്ങളിലും ഓൺലൈൻ ഇടങ്ങളിലും നേരിടുന്ന വിവേചനങ്ങളിൽ പലരും ആശങ്കാകുലരാണ്. പലരും തങ്ങളുടെ പെരുമാറ്റരീതികളിൽ മാറ്റം വരുത്തിയതായും ചില സംഭാഷണങ്ങൾ ഒഴിവാക്കുന്നതായും പൊതുസ്ഥലങ്ങളിൽ സുരക്ഷിതത്വം കുറഞ്ഞതായി തോന്നുന്നതായും സർവേയിൽ വ്യക്തമാക്കി. ആദ്യതലമുറ കുടിയേറ്റക്കാരും പൗരത്വമില്ലാത്തവരും ധാരാളമുള്ളതിനാൽ, ചെറുതെങ്കിലും നിരന്തരമായുണ്ടാകുന്ന ഈ അസ്വസ്ഥതയാണ് രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്.
ഇതു കൂടാതെ എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട നൂലാമാലകളും ഗ്രീൻ കാർഡ് ലഭിക്കാനുള്ള ദീർഘകാലത്തെ കാത്തിരിപ്പും പ്രൊഫഷണലുകളെ നിരാശരാക്കുന്നു.
പലരും ഇന്ത്യയിലേക്ക് മടങ്ങാനോ, ജീവിതച്ചെലവ് കുറഞ്ഞ മറ്റ് വികസിത രാജ്യങ്ങളിലേക്ക് മാറാനോ താല്പര്യം പ്രകടിപ്പിച്ചതായി സർവേ പറയുന്നു. ഇന്ത്യയിലെ വളരുന്ന സാമ്പത്തിക അവസരങ്ങളും ഇതിനൊരു കാരണമാണ്.
വിസ ലഭിക്കുന്നതിലെ വലിയ കാലതാമസം, ഗ്രീൻ കാർഡ് വൈകുന്നത്, നയപരമായ അനിശ്ചിതത്വം എന്നിവ ഇന്ത്യൻ പ്രവാസികളിലെ വലിയൊരു വിഭാഗത്തെ ഇപ്പോഴും ബാധിക്കുന്നു. ഇവരിൽ ഭൂരിഭാഗവും താല്കാലിക വർക്ക് വിസയിലുള്ള വിദഗ്ധരായ പ്രൊഫഷണലുകളാണ്. സ്ഥിരതാമസത്തിനുള്ള അനുമതി ഇന്നും വിദൂരവും അനിശ്ചിതത്വത്തിലുമാണ്. പതിറ്റാണ്ടുകളോളം അമേരിക്കയിൽ ജോലി ചെയ്യുകയും സ്ഥിര താമസമാക്കുകയും ചെയ്തിട്ടും സുരക്ഷിതമായ ഒരു സാഹചര്യം ഇല്ലെന്നത് വലിയ ആശങ്കതന്നെയാണ്.
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനിടയിൽ രാഷ്ട്രീയപരമായ മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അവർ ഇപ്പോൾ ഒരു പ്രത്യേക പാർട്ടിയിൽ മാത്രം ഉറച്ചുനിൽക്കുന്നില്ല. 2020 മുതൽ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അതേസമയം റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള പിന്തുണ മാറ്റമില്ലാതെ തുടരുന്നു. ഏകദേശം 30 ശതമാനം ആളുകൾ ഇപ്പോൾ സ്വതന്ത്രരായാണ് നിലനിൽക്കുന്നത്. ഈ വിഭാഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തേക്കാൾ ഉപരിയായി തൊഴിൽ സുരക്ഷിതത്വം, കുടുംബത്തിന്റെ സുരക്ഷ, ദീർഘകാല സ്ഥിരത തുടങ്ങിയ പ്രായോഗിക കാര്യങ്ങൾ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്ന രീതിയിലേക്ക് അവർ മാറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലും സാങ്കേതിക മേഖലയിലും നിർണായക സ്വാധീനമുള്ള ഇന്ത്യൻ വംശജർക്കിടയിലെ ഈ മാറ്റം ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ലോകത്തെ ഏറ്റവും വലിയ കുടിയേറ്റ കേന്ദ്രമെന്ന അമേരിക്കയുടെ പദവിക്ക് ഈ പുതിയ പ്രവണത വെല്ലുവിളിയായേക്കാം. കാർണഗീ എൻഡോവ്‌മെന്റ് ആണ് ഈ സർവേക്ക് നേതൃത്വം നൽകിയത്.










0 comments