ആശങ്കയിൽ കാർഷിക വ്യാവസായിക മേഖലകൾ
വ്യാപാര ചർച്ചകൾ ഇന്ന് പുനരാരംഭിക്കും, വിപണി തുറന്ന് നൽകാൻ സമ്മർദ്ദ തന്ത്രവുമായി യു എസ്

ന്യൂഡൽഹി: കാർഷിക വ്യാവസായിക മേഖകളിൽ അമേരിക്കൻ ഉത്പന്നങ്ങളുടെ കടന്നു കയറ്റം ആശങ്കയായി തുടരവെ ഇന്ത്യ യുഎസ് ഉഭയകക്ഷി വ്യാപാര ചർച്ചകൾക്ക് ഇന്ന് തുടക്കം. പ്രതികാര ചുങ്കത്തിന് തുടർച്ചയായി ട്രംപ് ഇരട്ടി നികുതി പ്രഖ്യാപിച്ചതോടെ മുടങ്ങിപ്പോയ ചർച്ചയാണ്.
യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിൻജ് ഡൽഹിയിൽ കേന്ദ്ര വാണിജ്യ വകുപ്പ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളുമായി ചർച്ച നടത്തും. ദക്ഷിണ, മധ്യ ഏഷ്യയുടെ ചുമതലയുള്ള ലിൻജ് ചൊവ്വാഴ്ച ഡൽഹിയിൽ എത്തും.
ആഗസ്ത് 25നും 29നും ഇടയിൽ നിശ്ചയിച്ചിരുന്ന ചർച്ച മുടങ്ങുകയായിരുന്നു. വ്യാപാര കരാറിനായുള്ള ആറാം വട്ട ചർച്ചയാണ് നടക്കേണ്ടിയിരുന്നത്. ഇതിന് തുടക്കമിടുന്ന കൂടിക്കാഴ്ചയാണ് ചൊവ്വാഴ്ച. യുഎസ്-ഇന്ത്യ വ്യാപാര നയ ഫോറത്തിന്റെ (TPF) ഉത്തരവാദിത്തവും പ്രാദേശിക പങ്കാളികളുമായുള്ള വ്യാപാര, നിക്ഷേപ ചട്ടക്കൂട് കരാറുകൾ (TIFA) പ്രകാരമുള്ള പ്രവർത്തനങ്ങളുടെ ഏകോപനവും ഉൾപ്പെടെ 15 പ്രാദേശിക രാജ്യങ്ങളിലായി യുഎസ് വ്യാപാര നയ വികസന ഉത്തരവാദിത്തങ്ങൾ വഹിക്കുന്നത് ലിഞ്ച് ആണ്.
അമേരിക്കൻ ഉത്പന്നങ്ങൾ വിപണി കീഴടക്കുമോ
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. 120 ബില്യൻ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വർഷം യുഎസുമായി ഇന്ത്യക്കുണ്ടായിരുന്നത്. ട്രംപ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയോടെ കാർഷിക വ്യവസായ മേഖലകൾ വെല്ലുവിളിയിലാണ്.
ഇതിനിടയിൽ ഇന്ത്യയുമായി വ്യാപാര ചർച്ചകൾ തുടരും എന്ന് പ്രഖ്യാപിച്ച് ട്രംപ് രംഗത്ത് വന്നതോടെയാണ് തുടർച്ചയുണ്ടായത്. എന്നാൽ ഇന്ത്യയിലേക്ക് ഇറക്കുമതി വസ്തുക്കൾ നിയന്ത്രണമില്ലാതെ എത്തുമോ എന്ന ആശങ്കയിലാണ് കാർഷിക വ്യവസായ മേഖലകൾ. ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധി സംഘത്തെ യുഎസിലേക്കും ക്ഷണിച്ചിട്ടുണ്ട്.
വ്യാപാര കരാളിൽ ഒക്ടോബർ–നവംബർ മാസത്തോടെ ആദ്യഘട്ട ധാരണയിലെത്താനായിരുന്നു നീക്കം. ഇന്ത്യൻ കാർഷിക, ക്ഷീര മേഖലകൾ പൂർണ്ണമായി തുറന്നു കിട്ടാനുള്ള സമ്മർദ്ദമാണ് യു എസ് ചെലുത്തുന്നത്. ഗോതമ്പ്, ചോളം, പരുത്തി, സോയാബീൻ, സോയാബീൻ എണ്ണ, കനോല എണ്ണ, പാൽ, ചിക്കൻ ഉൽപ്പന്നങ്ങൾ, ആപ്പിൾ, മറ്റ് ചില പഴങ്ങൾ എന്നിവയിൽ എല്ലാം കടന്നു കയറാനുള്ള ശ്രമമാണ്.
പേറ്റന്റ് അപേക്ഷകളുടെ അംഗീകാരങ്ങൾ ത്വരിതപ്പെടുത്തുന്നത് യുഎസ് ഫാർമസ്യൂട്ടിക്കൽ, ടെക് കമ്പനികളെ ഇന്ത്യയിലേക്ക് വരാനും, നിർമ്മാണ യൂണിറ്റുകൾ, ഗവേഷണ സൗകര്യങ്ങൾ തുറക്കാനും, ഇവിടെ നിക്ഷേപിക്കാനും അവസരം നൽകും.
യുഎസ് വ്യാപാര പ്രതിനിധി ഓഫീസിൽ നിന്നുള്ള ഡാറ്റ പ്രകാരം, 2024 ൽ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം 128.9 ബില്യൺ ഡോളറായിരുന്നു. 2024 ൽ ഇന്ത്യയിലേക്കുള്ള യുഎസ് ചരക്ക് കയറ്റുമതി 41.5 ബില്യൺ ഡോളറായിരുന്നു. ഇന്ത്യയിൽ നിന്നുള്ള യുഎസ് ചരക്ക് ഇറക്കുമതി 87.3 ബില്യൺ ഡോളറിലെത്തി. ഈ വർഷം മാർച്ചിലാണ് വിപുലമായ വ്യാപാര ചർച്ചകൾക്ക് ഇരുരാജ്യങ്ങളും തുടക്കമിട്ടത്. ലോകത്തിലെ ഏറ്റവും വൈവിധ്യമുള്ള വിപണിയാണ് അമേരിക്കയെ സംബന്ധിച്ച് ഇന്ത്യ.
ഇരട്ടി ചുങ്കം വന്നതോടെ ആഗസ്തിൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ നീക്കത്തിൽ 15.41 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂലൈയിൽ 801.2 കോടി രൂപയുടെ ഉത്പന്നങ്ങൾ കയറ്റി അയച്ചിരുന്നത് കഴിഞ്ഞ മാസം 686.5 കോടി ഡോളറായി ഇടിഞ്ഞു. രാജ്യത്തെ മൊത്തം കയറ്റുമതിയിൽ അഞ്ച് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഇതിനിടയിലാണ് ഇറക്കുമതി വസ്തുക്കളുടെ മേൽ സമ്മർദ്ദ തന്ത്രം തുടരുന്നത്.
യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ ചർച്ച തുടരുകയാണ്. 13 വട്ടം ചർച്ചകൾ നടത്തി. അടുത്ത ഘട്ടം ഒക്ടോബർ ആറിന് നിശ്ചയിച്ചിരിക്കയാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യാപാര കരാറുകളാണ് വരാനിരിക്കുന്നത്. എത്രത്തോളം സമ്മർദ്ദങ്ങൾക്ക് വഴങ്ങും എന്നതാണ് ആശങ്ക.









0 comments