പ്രതികാരം തീരാതെ അമേരിക്ക: വ്യാപാരം വർധിപ്പിക്കുമെന്ന വാഗ്ദാനവുമായി പീയൂഷ് ഗോയൽ

piyush goyal
വെബ് ഡെസ്ക്

Published on Sep 24, 2025, 02:44 PM | 2 min read

ന്യൂയോർക്ക്: ഇന്ത്യയുടെ ഊർജസുരക്ഷയിൽ അമേരിക്കൻ പങ്കാളിത്തം ഏറെ പ്രധാനപ്പെട്ടതാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. ഊർജ മേഖലയിലും ആണവോർജ മേഖലയിലും സഹകരണം വർധിപ്പിക്കുമെന്ന് ഗോയൽ പറഞ്ഞു. ന്യൂയോർക്കിൽ യു.എസ്.-ഇന്ത്യാ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) യോഗത്തിൽ പങ്കെടുത്ത് സംസാരിക്കയായിരുന്നു മന്ത്രി.


ഇരട്ട പ്രതികാര ചുങ്കവും കടുത്ത വിസ നിയന്ത്രണങ്ങളും മുന്നോട്ട് വെച്ച് അമേരിക്ക ഇന്ത്യക്കെതിരെ വ്യാപാര യുദ്ധം തുടരുന്നതിനിടെയാണ് യു എസിൽ നേരിട്ടെത്തി മന്ത്രിയുടെ സഹകരണ വാഗ്ദാനം.


“ഊർജ വ്യാപാരത്തിലെ വലിയ കളിക്കാരൻ ഇന്ത്യയാണ്. അമേരിക്കയിൽ നിന്ന് ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമാണ് ഞങ്ങൾ ഊർജം ഇറക്കുമതി ചെയ്യുന്നത്. വരും വർഷങ്ങളിൽ അമേരിക്കയുമായി ഞങ്ങളുടെ ഊർജ വ്യാപാരം കൂടുതൽ വളരും,” - ഗോയൽ പറഞ്ഞു.

 

ഇന്ത്യയും അമേരിക്കയും ചേർന്ന് ആണവോർജ രംഗത്തും സഹകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലങ്ങളായി ഇതിനെക്കുറിച്ച് ചർച്ചകൾ തുടരുകയായിരുന്നു. ചില തടസ്സങ്ങൾ നീക്കം ചെയ്യേണ്ടിയിരുന്നു. ഇന്ത്യയിൽ ഈ രംഗത്ത് സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് എന്നും വെളിപ്പെടുത്തി.

 

യൂറോപ്യൻ യൂണിയൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം (CBAM) നടപടിയെ ഗോയൽ യോഗത്തിൽ പരാമർശിച്ചു. 2026 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ സംവിധാനത്തിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഉയർന്ന തീരുവയാണ് യൂറോപ്പ് ചുമത്താൻ പോകുന്നത്. ഇതും ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്ന സാഹചര്യമാണ്.


“കാലാവസ്ഥാ മാറ്റത്തിനെതിരെ പോരാടേണ്ടത് ആവശ്യമാണ്. എന്നാൽ അതിനെ വ്യാപാരവുമായി കലർത്താൻ പാടില്ല. അത് രാജ്യങ്ങളെ പിന്തിരിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കും, എന്നായിരുന്നു ഇത് സംബന്ധിച്ച് മന്ത്രിയുടെ വാക്കുകൾ.  


 “പച്ചയായ സംരക്ഷണവാദം ഒരു കുടുക്കുപോലെയാണ്, ഒരിക്കൽ അതിൽ കുടുങ്ങിയാൽ പുറത്തുകടക്കുന്നത് പ്രയാസകരമായിരിക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കൂടാതെ, പ്രധാന ധാതുക്കളുടെ (critical minerals) വിതരണ ശൃംഖല പൊട്ടാതെ സൂക്ഷിക്കുന്നതിന് പ്രതിരോധ ശേഷിയോടെ മുന്നോട്ട് കൊണ്ടുപോകണമെന്നും അതിനിടയിൽ ‘വ്യാപാരം ആയുധമാക്കരുത്’ എന്നും പറഞ്ഞു.


കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിങ്കളാഴ്ച ന്യൂയോർക്കിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എച്ച് -1 ബി വിസകൾക്ക് യുഎസ് കുത്തനെ ഫീസ് ഏർപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച. യുഎൻ ജനറൽ അസംബ്ലിയുടെ 80-ാമത് സെഷനോടനുബന്ധിച്ച് ലോട്ടെ ന്യൂയോർക്ക് പാലസിൽ ഇരുവരും ചർച്ച നടത്തി. എങ്കിലും അമേരിക്കൻ നിലപാടിൽ മാറ്റം ഒന്നുമുണ്ടായില്ല. അമേരിക്കയ്ക്ക് പ്രത്യേക താത്പര്യമുള്ള കൂടുൽ മേഖലകളിൽ വാഗ്ദാനങ്ങൾ മുന്നോട്ട് വെക്കുകയാണ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Home