സൈബർ തട്ടിപ്പ് കേന്ദ്രം തകർത്ത് സൈന്യം; മ്യാൻമറിൽനിന്നും രക്ഷപെട്ട 500 ഇന്ത്യക്കാർ തായ്ലൻഡിൽ തടവിൽ

യംഗോൺ: മ്യാൻമറിലെ കുപ്രസിദ്ധമായ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ സൈനിക ഭരണകൂടം നടത്തിയ പരിശോധനകളെ തുടർന്ന് തായ്‌ലൻഡിലേക്ക് ഒളിച്ചു കടന്നവരിൽ 500 ഇന്ത്യക്കാരും. മ്യാൻമറിലെ കെകെ പാർക്ക് സമുച്ചയത്തിലെ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ട ഇവരുടെ വിവരങ്ങൾ തായ്ലാൻഡ് സർക്കാർ പരസ്യപ്പെടുത്തി.
പടിഞ്ഞാറൻ തായ്‌ലൻഡിലെ മേ സോട്ടിൽ എത്തിച്ചേർന്നവരിൽ ഏകദേശം 500 ഇന്ത്യക്കാരുണ്ടെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചർൺവിരാകുൽ പറഞ്ഞു. "അവരെ നേരിട്ട് തിരികെ കൊണ്ടുപോകാൻ ഇന്ത്യൻ സർക്കാർ ഒരു വിമാനം അയയ്ക്കും," എന്നും അദ്ദേഹം പറഞ്ഞു.
ബാങ്കോക്കിലെ ഇന്ത്യൻ എംബസി ഈ വിഷയത്തിൽ തായ്‌ലൻഡ് അധികൃതരുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായാണ് ഇവർ മ്യാൻമറിൽ നിന്ന് തായ്‌ലൻഡിലേക്ക് രക്ഷപെട്ടത്. തട്ടിപ്പ് കേന്ദ്രങ്ങൾക്കെതിരായ നടപടികളെത്തുടർന്ന് മ്യാൻമറിൽ നിന്ന് പലായനം ചെയ്ത 28 രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം പേരിൽ അധികവും എത്തിച്ചേർന്നത് തായ്ലൻഡിലാണ്.

മ്യാൻമർ സേനയായ ടാറ്റ്മഡോ റെയിഡ് ചെയ്ത മ്യവാഡിയിലെ സൈബർ-സ്കാം ഹബ്ബ് തായ് അതിർത്തിക്ക് സമീപം മ്യാൻമറിനുള്ളിലാണ് പ്രവർത്തിച്ചിരുന്നത്. ബോട്ടുകളിലും മറ്റുമായാണ് ഇവരുടെ രക്ഷപെടൽ. 2025 ഒക്ടോബർ 21-ന് മ്യാൻമർ സൈന്യം പാർക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. 2,000-ത്തിലധികം തൊഴിലാളികളെ മോചിപ്പിക്കുകയും 30 സ്റ്റാർലിങ്ക് സാറ്റലൈറ്റ് ടെർമിനലുകൾ കണ്ടുകെട്ടുകയും ചെയ്തതായി പ്രഖ്യാപിച്ചു.
യുഎൻ റിപ്പോർട്ട് അനുസരിച്ച് കംബോഡിയ, ലാവോസ്, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിലും സമാനമായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ തടവിലാക്കപ്പെട്ട അവസ്ഥയിലാണ് വിവിധ രാജ്യങ്ങളിൽ നിന്നായി റിക്രൂട്ട് ചെയ്യപ്പെട്ടവർ കഴിയുന്നത്. അടിമ ജോലിയാണ് ചെയ്യിക്കുന്നത്. അതത് രാജ്യങ്ങളിലെ തട്ടിപ്പുകൾക്ക് ഇത്തരത്തിൽ സാങ്കേതിക ജ്ഞാനമുള്ളവരെയും അല്ലാത്തവരെയും ഉപയോഗിപ്പെടുത്തുന്നതാണ് രീതി.
മ്യാൻമറിലെ കെകെ പാർക്ക് അന്തർദേശീയ സൈബർ തട്ടിപ്പുകളിൽ പേരുകേട്ടതാണ്. കെകെ പാർക്കും സമീപത്തുള്ള മറ്റ് കോമ്പൗണ്ടുകളും നടത്തുന്നത് ക്രിമിനൽ സംഘങ്ങളാണ്. മ്യാൻമർ സൈന്യവുമായി ബന്ധമുള്ള പ്രാദേശിക മിലിഷ്യ ഗ്രൂപ്പുകളുടെ സഹായവും ആരോപിക്കപ്പെടുന്നു.
കോവിഡ് -19 പാൻഡെമിക്കിന് ശേഷം തായ്‌ലൻഡ്, മ്യാൻമർ, ലാവോസ്, കംബോഡിയ എന്നിവയ്ക്കിടയിലുള്ള അതിർത്തി പ്രദേശങ്ങൾ ഓൺലൈൻ തട്ടിപ്പിന്റെ കേന്ദ്രങ്ങളായി വളർന്നു. യുഎൻ പറയുന്നതനുസരിച്ച് ലക്ഷക്കണക്കിന് ആളുകളെ തൊഴിൽ വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയി കോടിക്കണക്കിന് ഡോളർ വെട്ടിപ്പ് നടത്തി സമാഹരച്ചു.










0 comments