Live News സഹകരണം ശക്തമാക്കാൻ ഇന്ത്യ–റഷ്യ ധാരണ

ന്യൂഡൽഹി:
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാരം, പ്രതിരോധ സഹകരണം, ഉൗർജം തുടങ്ങിയ വിഷയങ്ങളിൽ നിർണായകചർച്ച നടത്തി. പശ്‌ചിമേഷ്യൻ സംഘർഷ പശ്‌ചാത്തലത്തിൽ റഷ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിച്ചു. സിവിൽ ആണവോർജ മേഖലയിൽ സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ചയും നടന്നു.
ബ്രഹ്മോസ് മിസൈൽ നവീകരണം, എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വിതരണം പൂർത്തിയാക്കൽ, അഞ്ചാം തലമുറ സു–57 യുദ്ധവിമാനങ്ങളുടെ കൈമാറ്റം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. ഉക്രയ്നുമായുള്ള സംഘർഷം സമാധാനപൂർണമായ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി പുടിനെ അറിയിച്ചു.
ആഗോളതലത്തിൽ വലിയ അനിശ്‌ചിതത്വം നിലനിൽക്കുന്ന ഘട്ടത്തില്‍പോലും ഇന്ത്യയും റഷ്യയും തന്ത്രപരമായ പങ്കാളിത്തം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഇരുനേതാക്കളും പറഞ്ഞു. രണ്ടാഴ്‌ചയ്‌ക്കിടെ പുടിനും മോദിയും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്‌ചയാണിത്. ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയ്ക്കിടെ ആഗസ്‌ത് 31ന് കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. തമിഴ് ക്ലാസിക്ക് ഗ്രന്ഥം തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ മോദി പുടിന് സമ്മാനിച്ചു. 24ാമത് ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയെ പുടിൻ ഒൗദ്യോഗികമായി ക്ഷണിച്ചു. ഉച്ചകോടിയുടെ തിയതി പിന്നീട് തീരുമാനിക്കും.









0 comments