Live News ബ്രിക്‌സ് ഉച്ചകോടി ലക്ഷ്യം ബഹുധ്രുവ ലോകക്രമം


സ്വന്തം ലേഖകൻ
Published on Sep 12, 2026, 04:19 AM | 2 min read
ന്യൂഡൽഹി :
ശനിയാഴ്‌ച ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ സംയുക്തമായി ‘ന്യൂഡൽഹി പ്രഖ്യാപനം’ പുറപ്പെടുവിച്ചേക്കും. ആഗോള ഭരണക്രമത്തിൽ ബ്രിക്‌സ് രാജ്യങ്ങൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആവശ്യം പ്രഖ്യാപനത്തിലൂടെ ഉന്നയിച്ചേക്കുമെന്ന് നയതന്ത്ര വിദഗ്‌ധർ ചൂണ്ടിക്കാണിച്ചു. ഐക്യരാഷ്ട്രസഭ, ഐഎംഎഫ്, ലോക ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ കൂടുതൽ പ്രാതിനിധ്യവും പരിഷ്‌കാരങ്ങളും ആവശ്യപ്പെടാൻ സാധ്യതയുമുണ്ട്. ബ്രിക്‌സ് പൊതുകറൻസിയെന്ന പ്രഖ്യാപനം ഉണ്ടാകില്ലെങ്കിലും ഡോളറിനെ ആശ്രയിക്കുന്നത് കുറയ്‌ക്കാനുള്ള നടപടി ചർച്ച ചെയ്‌തേക്കും.
പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ വ്യാപാര, വിതരണ ശൃംഖലകൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള ആലോചനകളുമുണ്ടാകും. കൃഷി, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ഉൗർജസുരക്ഷ, വളം, ധാതുക്കൾ, ഡിജിറ്റൽ മേഖലകളിൽ സഹകരണം എന്നിവ ശക്തമാക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്‌തേക്കും.
സൈബർ ആക്രണമങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സർക്കാർ ഉദ്യോഗസ്ഥരും താൽക്കാലിക ജീവനക്കാരും ജാഗ്രത പുലർത്തണമെന്ന് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി. വിവിഐപി സഞ്ചാരം തടസ്സപ്പെടുത്താനും മനഃപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോയും പൊലീസിന് റിപ്പോർട്ട് നൽകി. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമർ പുടിനും ഷി ജിൻ പിങ്ങിനും റഷ്യ, ചൈന സുരക്ഷാഏജൻസികൾ പ്രത്യേക സുരക്ഷാകവചങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഉച്ചകോടിയുടെ ഭാഗമായി ‘ഭാരത് ഇന്നോവേറ്റ്‌സ്’ പ്രദർശനവും അരങ്ങേറും. വിദ്യാഭ്യാസ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 37 ഇന്ത്യൻ ഡീപ്‌ടെക് സ്റ്റാർട്ടപ്പുകളും സംരംഭങ്ങളും അണിനിരക്കും.
ഉൗർജപ്രതിസന്ധി പരിഹരിക്കണമെന്ന് ഇറാനോട് ഇന്ത്യ
ന്യൂഡൽഹി
പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിർത്താൻ ആത്മാർഥ പരിശ്രമങ്ങളുണ്ടാകണമെന്ന് പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായുള്ള കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെയും ആശയവിനിമയങ്ങളിലൂടെയും സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. ഉൗർജപ്രതിസന്ധി പരിഹരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഇന്ധന, വാതക കപ്പലുകൾക്ക് സുഗമസഞ്ചാരത്തിന് വഴിയൊരുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ദേശീയ കറൻസികൾ ഉപയോഗിക്കണമെന്ന് മസൂദ് പെസെഷ്‌കിയാൻ വെള്ളിയാഴ്‌ച ബ്രിക്‌സ് ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ടു. അമേരിക്കയുടെ കടന്നാക്രമണങ്ങളെയും ഉപരോധങ്ങളെയും ഇറാൻ പ്രസിഡന്റ് രൂക്ഷമായി വിമർശിച്ചു. സാന്പത്തിക സംവിധാനങ്ങളെ കുത്തകവൽക്കരിച്ച് ഏതെങ്കിലും രാജ്യത്തിന്റെ നിയമാനുസൃത വ്യാപാര ഇടപാടുകൾ തടസ്സപ്പെടുത്താൻ ഒരു രാജ്യത്തിനും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments