എസ്‌എഫ്‌ഐ നേതാവിന് നോട്ടീസ് നല്‍കിയ സംഭവം; സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രം

എസ്‌എഫ്‌ഐ ഉത്തർപ്രദേശ് സംസ്ഥാന കമ്മിറ്റിംഗം അക്ഷത് ത്രിപാഠിക്ക് നോട്ടീസയച്ച എക്‌സിക്യൂട്ടീവ് മജിസ്‌ടേറ്റിനെ സസ്‌പെൻഡ് ചെയ്‌തുവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത് പച്ചക്കള്ളം. നോട്ടീസ് പുറപ്പെടുവിച്ച ഗ്രേറ്റർ നോയ്‌ഡ എക്‌സിക്യൂട്ടീവ് മജിസിട്രേറ്റ്-–3നെ സസ്‌പെൻഡ് ചെയ്‌തിട്ടില്ലെന്നും പകരം നോട്ടീസ് എത്തിച്ച എസ്‌ഐ ശിവ പാണ്ഡെക്കെതിരാണ് നടപടിയെടുത്തതെന്നും യുപി ഡിജിപി ഓഫീസ് സ്ഥിരീകരിച്ചു. കോടതിവിധി ലംഘിച്ച് നോട്ടീസയച്ച എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ സസ്‌പെൻഡ് ചെയ്‌തുവെന്ന് സോളിസിറ്റർ ജനറൽ തുഷാർമേത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിനെ വ്യാഴാഴ്‌ച അറിയിച്ചത് കള്ളമെന്ന് ഇതോടെ വ്യക്തമായി.
കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നടപടി ആവശ്യപ്പെട്ട് മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ച് അക്ഷത് സുപ്രീംകോടതിയിൽ പുതിയ അപേക്ഷ സമർപ്പിച്ചു. ഒരേസമയം കോടതിവിധി ലംഘിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തുവെന്ന ഗുരുതര കോടതിയലക്ഷ്യമാണ് യുപി സർക്കാരും കേന്ദ്രവും നടത്തിയത്.
നീറ്റ് പ്രക്ഷോഭത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കെതിരെയുള്ള എല്ലാ കേസും റദ്ദാക്കിയിട്ടും അക്ഷത് ത്രിപാഠിക്ക് അഞ്ചുലക്ഷം രൂപ കെട്ടിവെയ്‌ക്കാൻ ആവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് മജിസ്‌ടേറ്റ് നോട്ടീസ് അയച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്ഷത് സുപ്രീംകോടതിയെ സമീപിച്ചു. വ്യാഴാഴ്‌ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ഇക്കാര്യം പരാമർശിച്ചപ്പോഴാണ് മജിസ്‌ട്രേറ്റിനെ സസ്‌പെൻഡ് ചെയ്‌തുവെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചത്. സോളിസിറ്റർ ജനറലിന്റെ ഓഫീസിനെ ഉപയോഗിച്ച് യുപി സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും നോട്ടീസ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം, സ്വീകരിച്ച നടപടികൾ എന്നിവ അറിയേണ്ടതുണ്ടെന്നും അക്ഷത് അപേക്ഷയിൽ ആവശ്യപ്പെട്ടു.









0 comments