ad
Deshabhimani

കാര്‍ഷിക മേഖലയിൽ ആശങ്ക, കാര്‍ബൺ നികുതിയിൽ അവ്യക്തത

ഇന്ത്യ യൂറോപ്യൻ യൂണിയൻ വ്യാപാര കരാര്‍ അന്തിമമായി, "എല്ലാ ഇടപാടുകളുടെയും മാതാവ്" എന്ന് ഉർസുല വോൺ ഡെർ

fta
വെബ് ഡെസ്ക്

Published on Jan 27, 2026, 03:57 PM | 2 min read

ഇന്ത്യയും യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാര്‍ അന്തിമ രൂപമായി.റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ ഇയു മേധാവിമേധാവി ഉർസുല വോൺ ഡെർ ലെയ്ന്റെ സാന്നിധ്യത്തിലായിരുന്നു അവസാന വട്ട ചര്‍ച്ചകൾ. "എല്ലാ ഇടപാടുകളുടെയും മാതാവ്"എന്നാണ് അവര്‍ കരാറിനെ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിൽ ഈ കരാർ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുമെന്നും വിശേഷിപ്പിച്ചു.


കരാര്‍ അന്തിമമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ചേർന്ന് സംയുക്ത പ്രസ്താവന നടത്തി. ഈ കരാർ ഇന്ത്യയ്ക്ക് മേലുള്ള ഏകദേശം 4ബില്യൺ യൂറോയുടെ താരിഫ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.കരാര്‍ ഇരു പക്ഷത്തെയും രാജ്യങ്ങളിലെ ബിസിനസുകൾക്ക് വലിയ ഉത്തേജനം നൽകുകയും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും സംയുക്ത പ്രസ്താവനയിൽ അവകാശപ്പെടുന്നു.


ഇരുപക്ഷത്തിന്റെയും നിയമപരമായ പരിശോധനകൾക്ക് ശേഷമാണ് കരാര്‍ അന്തിമമായി ഒപ്പു വെക്കുക. "ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ- 2026”ഔദ്യോഗികമായി ഒപ്പിടാൻ നടപടി ക്രമങ്ങൾ പൂ‍ര്‍ത്തീകരിക്കാൻ കുറഞ്ഞത് ആറ് മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.


വ്യാപാര കരാറിനുള്ള (FTA) ചര്‍ച്ചകൾ 2007ൽ ആണ് ആരംഭിച്ചത്. 2013ൽ ധാരണയാവാതെ നിർത്തിവച്ചു. 2022ജൂണിൽ ചര്‍ച്ച പുനരാരംഭിച്ചു. ധാരണാ പത്രം അന്തിമമാക്കി കഴിഞ്ഞതോടെ ഇത് 2027 ആരംഭത്തിൽ പ്രാബല്യത്തിൽ വരാനിടയുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


സംയുക്ത പ്രസ്താവനയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കരാറിനെ "ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ"എന്ന് വിശേഷിപ്പിച്ചു. ഇത് ഇരുപക്ഷത്തിന്റെയും പാരസ്പര്യപൂര്‍ണ്ണമായ അഭിവൃദ്ധിക്കുള്ള ബ്ലൂപ്രിന്റാണെന്നും പറഞ്ഞു.


fta

യുറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങൾ പങ്കാളികളാണ്.തുണിത്തരങ്ങൾ,രത്നങ്ങൾ,ആഭരണങ്ങൾ,തുകൽ വസ്തുക്കൾ എന്നിവയുൾപ്പെടെ നിരവധി ആഭ്യന്തര മേഖലകൾക്ക് ആശ്വസമാവും.വിശേഷിച്ചും ട്രംപിന്റെ താരിഫ് ഭീഷണി മൂലം അനിശ്ചിതത്വത്തിലായ മേഖലകൾക്കും പിൻബലം നൽകും എന്നുമാണ് അവകാശ വാദങ്ങൾ.


കാര്‍ഷിക മേഖലയിൽ ആശങ്ക,

കാര്‍ബൺ നികുതിയിൽ അവ്യക്തത


കാര്‍ഷിക ചെറുകിട വ്യവസായ മേഖലകളിലാണ് ഏറ്റവും അധികം ആശങ്ക നിലനിൽക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇത്തരം വസ്തുക്കൾ ഇന്ത്യൻ വിപണിയിലേക്ക് പമ്പ് ചെയ്യപ്പെടും. കരാറിൽ ഇന്ത്യയ്ക്ക് മേലുള്ള കാർബൺ നിയന്ത്രണങ്ങളിൽ യൂറോപ്യൻ യൂണിയൻ യാതൊരു ഇളവുകളും നൽകിയിട്ടില്ല. 27 അംഗ രാഷ്ട്ര കൂട്ടായ്മയായ ഇയു മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന ഏതെങ്കിലും തരത്തിലുള്ള കാര്‍ബൺ ഇളവുകൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് സ്വയമേവ ബാധകമായിത്തീരുമെന്ന് ഉദ്യോഗസ്ഥ തലത്തിൽ വിശദീകരിക്കപ്പെടുന്നു.


ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന കാർബൺ ബോർഡർ അഡ്ജസ്റ്റ്മെന്റ് മെക്കാനിസം (സിബിഎഎം) അല്ലെങ്കിൽ കാർബൺ നികുതി, ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള വ്യാപാര കരാറിലെ തർക്കവിഷയങ്ങളിലൊന്നായിരുന്നു. ഈ സംവിധാനത്തിന് കീഴിൽ, സ്റ്റീൽ, അലുമിനിയം, വളം, സിമന്റ് തുടങ്ങിയ വസ്തുക്കൾ ഉൽപ്പാദന സമയത്ത് ഒരു നിശ്ചിത പരിധിക്കപ്പുറം കാർബൺ പുറന്തള്ളുന്നതിനാൽ അവയ്ക്ക് യൂറോപ്യൻ യൂണിയൻ കാർബൺ നികുതി ചുമത്തും. നിലവിൽ, സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് നികുതി ബാധകമാണ്.


ഈ കരാർ ആഗോള ജിഡിപിയുടെ ഏകദേശം 25ശതമാനവും ആഗോള വ്യാപാരത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഭാഗവും പ്രതിനിധീകരിക്കുന്നു.

ഇന്ത്യ-ഇയു ഉഭയകക്ഷി വ്യാപാരം 2024–25ൽ 190ബില്യൺ യുഎസ് ഡോളർ കവിഞ്ഞു. ഇന്ത്യ 75.9ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള സാധനങ്ങളും 30ബില്യൺ യുഎസ് ഡോളർ സേവനങ്ങളും യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്തു. അതേസമയം ഇന്ത്യയിലേക്കുള്ള യൂറോപ്യൻ യൂണിയൻ കയറ്റുമതി 60.7ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള സാധനങ്ങളും 23ബില്യൺ യുഎസ് ഡോളർ സേവനങ്ങളുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home