ട്രംപിന് വഴങ്ങി ബിജെപി സര്‍ക്കാര്‍
റഷ്യയെവെട്ടി സൗദി എണ്ണ വാങ്ങുന്നത് കൂട്ടി; വിലക്കയറ്റ ഭീഷണിയിൽ രാജ്യം

അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധ-സമ്മര്‍ദ്ദ തന്ത്രങ്ങൾക്ക് വഴങ്ങിയതോടെ ഇന്ത്യയുടെ എണ്ണ വാങ്ങൽ ചെലവേറിയതായി. യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ തൃപ്തിപ്പെടുത്താൻ റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന എണ്ണ വിട്ട് സൗദി അറേബ്യയെ കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യമായി. ഇതോടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് വൻതോതിൽ വര്‍ധിച്ചു. പെട്രോൾ, ഡീസൽ ചില്ലറ വിപണിയിലും വിലക്കയറ്റം പ്രതിഫലിക്കുമോ എന്ന ആശങ്കയാണ്.
സൗദി അറേബ്യ ഇന്ത്യയിലേക്ക് 2019നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന അളവിൽ ക്രൂഡ് ഓയിൽ കയറ്റി അയച്ചു തുടങ്ങിയതായി ഷിപ്പിങ് ഡേറ്റയും വ്യവസായ വിദഗ്ധരും വ്യക്തമാക്കുന്നു.
2025ഡിസംബറിൽ ദിവസം 12.8ലക്ഷം ബാരൽ ആയിരുന്ന റഷ്യൻ ഇറക്കുമതി ജനുവരിയിൽ 12.2ലക്ഷമായും ഫെബ്രുവരിയിൽ 10.9ലക്ഷമായും ഇടിഞ്ഞു. റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയുന്നതോടെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ചെലവ് ബാരലിന് 2മുതൽ 3ഡോളർ വരെ ഉയരുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
റഷ്യൻ എണ്ണ വാങ്ങുമ്പോൾ ലഭിച്ച കിഴുവുകൾ ഒന്നും തന്നെ പെട്രോൾ ഡീസൽ വിപണിയിൽ സാധാരണ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നില്ല. ലോക മാര്‍ക്കറ്റിൽ ക്രൂഡ് വില ഏറ്റവും കുറഞ്ഞ് നിന്നപ്പോൾ പോലും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് വില ഉയര്‍ത്തി നിര്‍ത്താൻ എണ്ണ കമ്പനികൾക്ക് അനുമതി നൽകി ഉത്തരാവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മാത്രമാണ് പ്രകടമായ ഒരു വിലക്കുറവ് വരുത്തിയത്. എന്നാൽ എണ്ണ വാങ്ങൽ സൗദിയിൽ നിന്നാവുന്നതോടെ വീണ്ടും വിലക്കയറ്റം ഏര്‍പ്പെടുത്താം എന്ന സാഹചര്യമാണ്.
ഏറ്റവും അടുത്ത് ഏറ്റവും വിലക്കുറവിൽ റഷ്യ
2022-ലെ ഉക്രൈൻ യുദ്ധത്തിന് ശേഷം കുറഞ്ഞ വിലയ്ക്ക് ലഭ്യമായ റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ വൻ തോതിൽ ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഒരു ഘട്ടത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആകെ ക്രൂഡ് ഓയിലിന്റെ 40ശതമാനം വരെ റഷ്യയിൽ നിന്നായിരുന്നു. ഇതാണ് ട്രംപിന്റെയും സംഘത്തിന്റെയും തന്ത്രങ്ങളിൽ ഭയന്ന് കുത്തനെ വെട്ടിക്കുറച്ചത്.
റഷ്യൻ ഇറക്കുമതി ഇടിഞ്ഞപ്പോൾ ഇതിലെ അളവ് നികത്തിക്കൊണ്ട് സൗദി അറേബ്യ കടന്നു വന്നു. ഫെബ്രുവരിയിൽ 10ലക്ഷം മുതൽ 11ലക്ഷം ബാരൽ വരെ സൗദി എണ്ണ ദിവസം ഇന്ത്യയിലേക്ക് എത്തുന്നു. ഫെബ്രുവരി അവസാനത്തോടെ ഇന്ത്യയ്ക്ക് എണ്ണ നൽകുന്നതിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് കണക്കുകൾ. റഷ്യ,ഇറാഖ് എന്ന ക്രമം പിന്നാലെയാവും. യുക്രൈൻ യുദ്ധത്തിന് മുൻപ് ഇറാഖ് ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാർ. യുദ്ധാനന്തരം റഷ്യ ആ സ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ സൗദിയിലേക്ക് മാറിക്കൊണ്ട് ഒരു പുനക്രമീകരണം സംഭവിക്കുകയാണ്.
എണ്ണ ശേഖരവും വെട്ടിക്കുറയ്ക്കുമോ
ഇന്ത്യ ഒരു ചെറിയ അളവിൽ വെനസ്വേലൻ ക്രൂഡ് ഓയിൽ കൂടി ഇറക്കുമതി ആരംഭിച്ചിട്ടുണ്ടെങ്കിലും,ഉൽപ്പാദന പരിമിതികളും ലോജിസ്റ്റിക്സ് ബുദ്ധിമുട്ടുകളും കാരണം അത് ഒരിക്കലും റഷ്യൻ ഇറക്കുമതിക്ക് പൂർണ്ണ പകരം ആകില്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. വെനസ്വേലയെ നിയന്ത്രണത്തിലാക്കി എണ്ണപ്പാടങ്ങൾ യു എസ് കോര്‍പ്പറേറ്റുകൾക്ക് കീഴിലാക്കുക എന്ന തന്ത്രമാണ് ട്രംപ് പ്രയോഗിച്ചത്. ഇന്ത്യ പോലുള്ള വമ്പൻ വിപണി രാജ്യങ്ങളെ ഇടപാടുകാരായി ഉറപ്പിക്കുന്ന നപടികളും തുടങ്ങി വെച്ചു.
ഉപരോധ സമ്മർദ്ദങ്ങളും ഭൗമരാഷ്ട്രീയ ഘടകങ്ങളും ഇന്ത്യയുടെ ഇന്ധന ഇറക്കുമതി തന്ത്രം പുനർനിർണ്ണയിക്കുന്ന സാഹചര്യമാണ്. ഇതിൽ നരേന്ദ്ര മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും അമേരിക്കൻ താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നു എന്നതാണ് വ്യക്തമാവുന്നത്. രാജ്യം ഇപ്പോൾ എണ്ണ വാങ്ങുന്നതും ശേഖരിക്കുന്നതും തന്നെ കുറച്ചതായി കണക്കുകൾ കാണിക്കുന്നു. ഫെബ്രുവരി 1 മുതൽ 18 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതി ദിനേന ശരാശരി 48.5 ലക്ഷം ബാരൽ (4.85 million bpd) ആയിരുന്നു. ജനുവരിയിൽ 52.5 ലക്ഷം ബാരൽ വാങ്ങിച്ചിരുന്നപ്പോഴാണ് പെട്ടെന്നുള്ള കുറവ്.









0 comments