സുരക്ഷയിലെ പഴുതുകൾ ചോര്‍ത്താൻ നിമിഷങ്ങൾ മതി, നിര്‍മ്മിത ബുദ്ധി മോഡലുകൾ ബാങ്കുകൾക്ക് ഭീഷണിയാവുന്നു

ചിത്രം ഏഐ നിര്‍മ്മിതം

എൻ എ ബക്കർ
Published on Apr 13, 2026, 01:48 PM | 3 min read
വാഷിങ്ടൺ: അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലെ പുത്തൻ കണ്ടെത്തലുകൾ ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് വൻ സുരക്ഷാ ഭീഷണി തീര്‍ക്കുന്നതായി ഐഎംഎഫ് മേധാവി. എഐ കാലം ഉയർത്തുന്ന സൈബർ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ആഗോള സാമ്പത്തിക രംഗം ഇനിയും സജ്ജമായിട്ടില്ലെന്നും അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ ആശങ്ക പങ്കുവെച്ചു.
ഐഎംഎഫ്-ലോകബാങ്ക് വാർഷിക യോഗങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി വാഷിങ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അവര്‍. ആഗോള സാമ്പത്തിക മേഖലയെ വൻതോതിലുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള ശേഷി നിലവിൽ ലോകത്തിനില്ലെന്ന് ജോർജിയേവ തുറന്നു പറഞ്ഞു. എഐ ലോകത്ത് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ശക്തമായ 'ഗാർഡ്‌റെയിലുകൾ' ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. ഇപ്പോൾ ഇത്തരം എഐ ഭീഷണികൾ തടയാൻ വേണ്ടത്ര സംവിധാനങ്ങളില്ല.
ഏത്പഴുതുകളും തുറക്കുന്ന മിത്തോസ്
അമേരിക്ക ആസ്ഥാനമായുള്ള ആന്ത്രോപിക് (Anthropic) എന്ന എഐ കമ്പനിയുടെ 'മിത്തോസ്' (Mythos) എന്ന മോഡൽ പുറത്തിറങ്ങിയതും വലിയ രീതിയിലുള്ള ചര്‍ച്ചകൾക്ക് തുടക്കമിട്ടിരുന്നു. അവരുടെ ഈ മോഡൽ ഉപയോഗിച്ച് ഏത് പ്രോഗ്രാമിലെയും സുരക്ഷാ പഴുതുകൾ വേഗം കണ്ടെത്താം. ഹാക്കര്‍മാര്‍ക്ക് എളുപ്പം നുഴഞ്ഞു കയറാം.
മിത്തോസ് പുറത്തിറങ്ങിയതും ബാങ്കുകളും സമാന സാമ്പത്തിക സ്ഥാപനങ്ങളും അതീവ ജാഗ്രതയിലായി. രഹസ്യ സ്വഭാവമുള്ള സൈബര്‍ സംവിധാനങ്ങളിൽ എല്ലാം പഴുതുകൾ തുറന്നുള്ള സൈബര്‍ അറ്റാക്കുകൾ പ്രതീക്ഷിക്കേണ്ടി വരും എന്ന മുന്നറിയിപ്പുകൾ പറന്നു നടന്നു. സര്‍വ്വ മേഖലകളിവും ആശങ്കയും സമ്മര്‍ദ്ദവും കടുത്തു. ഇതോടെ 'മിത്തോസ്' എന്ന തങ്ങളുടെ പുതിയ എഐ മോഡലിൻ്റെ റിലീസ് നിയന്ത്രിക്കുകയാണെന്ന് ആന്ത്രോപിക് പ്രഖ്യാപിച്ചു. ഏപ്രിൽ ഏഴ് മുതൽ ഈ ഏഐ മോഡലിനെ കമ്പനി തന്നെ നിയന്ത്രിച്ച് നിര്‍ത്തിയിരിക്കയാണ്. എന്നിട്ടും ആശങ്ക തീരുന്നില്ല, മിത്തോസ് ഒരു മോഡൽ മാത്രമാണ്.
നിയന്ത്രണം കൈവിട്ടാൽ
മിത്തോസ് പോലുള്ള മോഡലുകളുടെ അസാധാരണമായ കഴിവുകൾ തെറ്റായ കൈകളിൽ എത്തിയാൽ ആഗോള ബാങ്കിംഗ് ശൃംഖലകളെപ്പോലും തകർക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ഭയപ്പെടുന്നു. ആന്ത്രോപിക് അവതരിപ്പിച്ചത് ഒരു മോഡൽ മാത്രമാണ് ഇങ്ങനെ എത്ര മോഡലുകളും രംഗത്ത് വരാം. ഏഐ രംഗത്ത് അസാധാരണ വേഗത്തിലാണ് ഗവേഷണങ്ങൾ മുന്നേറുന്നത്. ഇതിൽ ആഗോള ജാഗ്രതാ സംവിധാനങ്ങൾ ആവശ്യമാവുന്ന സാഹചര്യമാണ്.
"എഐ ഉയർത്തുന്ന ഭീഷണികൾ ഒരു രാജ്യത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. അതുകൊണ്ട് തന്നെ അമേരിക്കയും മറ്റ് വികസിത രാജ്യങ്ങളും നടത്തുന്ന സുരക്ഷാ പരീക്ഷണങ്ങളിൽ ലോകത്തെ മറ്റ് രാജ്യങ്ങളെയും പങ്കാളികളാക്കണം"- ക്രിസ്റ്റലീന ജോർജിയേവ ആവശ്യപ്പെട്ടു.
സാമ്പത്തിക മേഖലയിലെ ആഘാതം
എഐ ഉപയോഗിച്ച് ബാങ്കിംഗ് സോഫ്റ്റ്‌വെയറുകളിലെ പഴുതുകൾ കണ്ടെത്താനും സെക്കൻഡുകൾക്കുള്ളിൽ പണം തട്ടാനും സൈബർ കുറ്റവാളികൾക്ക് സാധിച്ചേക്കും. ഇത്തരമൊരു സാഹചര്യത്തിൽ, രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും പുതിയ നിയന്ത്രണങ്ങളും അത്യന്താപേക്ഷിതമാണെന്ന് ജോർജിയേവ വ്യക്തമാക്കി. വരും ദിവസങ്ങളിൽ നടക്കുന്ന ഐഎംഎഫ്-ലോകബാങ്ക് യോഗങ്ങളിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യും.
സാങ്കേതികവിദ്യയുടെ വളർച്ചാ വേഗതയ്ക്ക് അനുസരിച്ച് നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും മാറാത്തത് വലിയൊരു പ്രതിസന്ധിയായി മാറുകയാണ്. ലോകമെമ്പാടുമുള്ള ബാങ്കിംഗ് മേഖലയും സർക്കാരുകളും ഒരുപോലെ ജാഗ്രത പാലിക്കേണ്ട സമയമാണിത്. പല രാജ്യങ്ങളും ഇത്തരം കാര്യങ്ങളിൽ ജാഗ്രതയിലല്ല. ബാങ്കിങ് മേഖലയിൽ മാത്രമല്ല. വ്യക്തികളുടെയും ഇതര ഗ്രൂപ്പുകളുടെയും രാജ്യങ്ങളുടെ തന്നെയും രഹസ്യങ്ങൾ സൂക്ഷിക്കുന്ന സംവിധാനങ്ങളിലേക്ക് എഐ എളുപ്പ വഴികൾ തുറന്നു നൽകാം.
എന്താണ് 'മിത്തോസ്' നൽകിയ
അപായ സൂചന
നിലവിലുള്ള എഐ മോഡലുകളിൽ നിന്നും വ്യത്യസ്തമായി 'മിത്തോസ്' ഒരു പുതിയ തലത്തിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്. സോഫ്റ്റ്‌വെയറുകളിലെ പിഴവുകൾ (Zero-day vulnerabilities) കണ്ടെത്താൻ മാത്രമല്ല, അവ ഉപയോഗപ്പെടുത്തി എങ്ങനെ സൈബർ ആക്രമണം നടത്താം എന്നതിനുള്ള കോഡുകൾ സ്വയം നിർമ്മിക്കാൻ കൂടി മിത്തോസിന് സാധിക്കും. എതാനും മണിക്കൂറുകൾ മാത്രം മതി ഇതിന്. മണിക്കൂറുകൾ എന്നത് ചിലപ്പോൾ ഒരു അതിശയോക്തിയാണ്. നുഴഞ്ഞു കയറേണ്ട പ്രോഗ്രാമുകൾക്ക് അനുസരിച്ച് നിമിഷങ്ങൾ തന്നെയും മതിയാവും.

സാധാരണ എഐ മോഡലുകൾ ഇത്തരം സുരക്ഷാ പരീക്ഷണങ്ങളിൽ 1% മാത്രം വിജയിക്കുമ്പോൾ, മിത്തോസ് 72% വിജയമാണ് രേഖപ്പെടുത്തിയത്. ഇത് സുരക്ഷാ വിദഗ്ധരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. മനുഷ്യരായ ഹാക്കർമാർ ദിവസങ്ങൾ എടുക്കുന്ന സങ്കീർണ്ണമായ കോർപ്പറേറ്റ് നെറ്റ്‌വർക്ക് ആക്രമണങ്ങൾ എല്ലാം തന്നെ യാതൊരു മനുഷ്യസഹായവുമില്ലാതെ പൂർത്തിയാക്കാൻ ഈ മോഡലിന് കഴിയും.
മുന്നറിയിപ്പ് ചെറുതല്ല
പഴയകാല സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ബാങ്കിംഗ് സംവിധാനങ്ങൾ മിത്തോസിനെപ്പോലെയുള്ള അതിവേഗ എഐ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പ്രാപ്തമല്ലെന്ന് ബാങ്ക് തലവന്മാർ തന്നെ സമ്മതിക്കയുണ്ടായി.
ഈ മോഡലിന്റെ ഒരു പതിപ്പെങ്കിലും ചോർന്ന് ഡാർക്ക് വെബിൽ എത്തിയാൽ, അത് ആഗോള സാമ്പത്തിക തകർച്ചയ്ക്ക് തന്നെ കാരണമായേക്കാവുന്ന 'ഓട്ടോമേറ്റഡ് ബാങ്ക് കൊള്ളകൾക്ക്' വഴിവെക്കാം.
ലോകത്തെ എല്ലാ ബാങ്കുകളും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ, ഒരു ചെറിയ രാജ്യത്തെ ബാങ്കിന് നേരെയുണ്ടാകുന്ന എഐ ആക്രമണം നിമിഷങ്ങൾക്കുള്ളിൽ ആഗോള വിപണികളെ ബാധിക്കും. നിലവിൽ മിത്തോസിന്റെ സുരക്ഷാ വിവരങ്ങൾ ആന്ത്രാപിക് പങ്കുവെക്കുന്നത് അമേരിക്കയിലെ 40 ഓളം പ്രമുഖ കമ്പനികളുമായി മാത്രമാണ്. ഇത് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളെ പ്രതിരോധമില്ലാത്ത അവസ്ഥയിൽ എത്തിക്കാം. ഒരു സാമ്രാജ്യത്വ ടൂൾ ആയും യുദ്ധോപകരണമായും പോലും മാറാം.
ഈ മാസം നടക്കുന്ന ഐഎംഎഫ്-ലോകബാങ്ക് വസന്തകാല യോഗങ്ങളിൽ എഐ സുരക്ഷയെ ആണവ സുരക്ഷയ്ക്ക് തുല്യമായി പരിഗണിക്കാനുള്ള പ്രഖ്യാപനം ഉണ്ടാവാം. 'സൈബർ സ്റ്റെബിലിറ്റി ചാർട്ടർ' എന്നാണ് ഇതിനെ വിളിക്കുന്നത്. അടിയന്തിര മുന്നറിയിപ്പ് ആവശ്യമായ സാഹചര്യം പരഗണിച്ച് ഇത്തവണ തന്നെ ചാര്‍ട്ടര്‍ പുറപ്പെടവിക്കാം എന്നാണ് റിപ്പോർട്ടുകൾ.











0 comments