യുഎസ് വിമാനത്താവളത്തില് യാത്രക്കാരെ വലിച്ചിഴച്ച് ഇമിഗ്രേഷന് ഉദ്യോഗസ്ഥർ; ദൃശ്യങ്ങൾ പുറത്ത്

വാഷിങ്ടൺ: അമേരിക്കയിലെ സിയാറ്റിൽ വിമാനത്താവളത്തിൽ യാത്രക്കാരെ ബലമായി പിടിച്ചുകൊണ്ടുപോയി കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥർ. ലോസ് ആഞ്ചലസിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെയാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മുഖംമൂടി ധരിച്ചെത്തിയ ഉദ്യോഗസ്ഥരാണ് യാത്രക്കാരിലൊരാളെ നിലത്തുകൂടി വലിച്ചിഴച്ച് കൊണ്ടുപോയത്. മകളെ കൊണ്ടുപോകരുതേ എന്ന് അമ്മ നിലവിളിക്കുന്നുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ സംഘർഷാവസ്ഥയുണ്ടായി. വിമാനസർവീസും വൈകി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിനെതിരെ (ഐസിഇ) പ്രതിഷേധം ശക്തമായി. നടപടി അമേരിക്കൻ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് വിമർശിച്ച വാഷിങ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ ഐസിഇ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.
ശനിയാഴ്ച സിയാറ്റിൽ–ടകോമ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. അലാസ്ക എയർലൈൻസിന്റെ 1306-ാം നമ്പർ വിമാനത്തിൽ യാത്രക്കാർ കയറുന്നതിനിടെയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ എത്തിയത്. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഇടനാഴിയിൽവെച്ച് യാത്രക്കാരെ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ലോസ് ആഞ്ചലസിലേക്കുള്ള അലാസ്ക എയർലൈൻസ് വിമാനത്തിൽ യാത്രക്കാർ കയറുന്നതിനിടെയാണ് മുഖംമൂടി ധരിച്ച ഉദ്യോഗസ്ഥർ എത്തിയത്. വിമാനത്തിലേക്കുള്ള ഇടനാഴിയിൽവെച്ച് രണ്ടുപേരെ പിടികൂടി. ഒരാളെ നിലത്തുകൂടി വലിച്ചിഴച്ച് കൊണ്ടുപോകുന്നതും യാത്രക്കാർ ഭീതിയോടെ നോക്കിനിൽക്കുന്നതും വീഡിയോയിലുണ്ട്. മകൾക്ക് ജോലി ചെയ്യാനുള്ള അനുമതിയുണ്ടെന്ന് ഒരു സ്ത്രീ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.
സംഭവത്തെ ശക്തമായി അപലപിച്ച ഗവർണർ ബോബ് ഫെർഗൂസൺ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് പറഞ്ഞു. കാര്യക്ഷമവും മനുഷ്യത്വപരവുമായ കുടിയേറ്റ നിയന്ത്രണ സംവിധാനമാണ് അമേരിക്കയ്ക്ക് വേണ്ടത്. എന്നാൽ ഐസിഇ അത്തരമൊരു സംവിധാനമല്ല. പരിഷ്കരിക്കാൻ കഴിയാത്തവിധം ഏജൻസി മാറിയെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ മുഖംമറച്ചെത്തിയത് സംസ്ഥാന നിയമത്തിന്റെ ലംഘനമായിരിക്കാമെന്നും വിമാനത്തിലേക്കുള്ള ഇടനാഴിയിൽ പ്രവേശിക്കാൻ എങ്ങനെ അനുമതി ലഭിച്ചെന്ന് പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
മെക്സിക്കൻ സ്വദേശി റിക്കാർഡോ ലറോണ്ടോ മെൻഡോസയെ അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്നാണ് ഐസിഇയുടെ വിശദീകരണം. വിസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ തുടരുകയായിരുന്നെന്ന് ഏജൻസി ആരോപിച്ചു. ഇതിനിടെ സോഫിയ ഹെർണാണ്ടസ് മെജിയ എന്ന യുവതി ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് ചൂടുകാപ്പി ഒഴിച്ചെന്നും ഐസിഇ ആരോപിച്ചു. ഇവർക്കെതിരെ ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് കേസെടുത്തേക്കുമെന്നും അറിയിച്ചു.
മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഉദ്യോഗസ്ഥരുടെ നടപടിയെന്ന് അലാസ്ക എയർലൈൻസ് വ്യക്തമാക്കി. യാത്രക്കാർക്കും ജീവനക്കാർക്കും കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കിയ സംഭവമാണിതെന്നും കമ്പനി അറിയിച്ചു. രാവിലെ 8.10ന് പുറപ്പെടേണ്ടിയിരുന്ന വിമാനവും വൈകി. നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് വിമാനത്താവള അധികൃതരുമായി ചേർന്ന് പരിശോധിക്കും.
ആറുലക്ഷത്തിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന വാഷിങ്ടൺ സ്റ്റേറ്റ് ലേബർ കൗൺസിലും നടപടിക്കെതിരെ രംഗത്തെത്തി. യാത്രാത്തിരക്കേറിയ സമയത്ത് ആളുകളിൽ കൂടുതൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുകയാണ് ഫെഡറൽ ഉദ്യോഗസ്ഥർ ചെയ്തതെന്ന് കൗൺസിൽ പ്രസിഡന്റ് ഏപ്രിൽ സിംസ് വിമർശിച്ചു.
കഴിഞ്ഞ വേനൽക്കാലം മുതൽ അമേരിക്കൻ വിമാനത്താവളങ്ങളിൽ ഐസിഇ പരിശോധനയും അറസ്റ്റും ശക്തമാക്കിയിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.








0 comments