കാനഡയിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ വെടിയേറ്റ് മരിച്ചു

ഒട്ടാവ: കാനഡയിലെ സറേയിലുള്ള വാൾമാർട്ട് സ്റ്റോറിന് പുറത്ത് ഇന്ത്യൻ വംശജരായ യുവമിഥുനങ്ങൾ വെടിയേറ്റ് മരിച്ചു. ആസൂത്രിതമായ ആക്രമണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡെൽറ്റ സ്വദേശികളായ ഗഗൻപ്രീത് (ഗാരി) രെഹാൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. നവംബർ 15-ന് രാത്രി 10.38ഓടെ സ്റ്റോറിന്റെ പാർക്കിംഗ് ഏരിയയിലാണ് ഇരുവരെയും വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സറേ പൊലീസ് സർവീസ് അറിയിച്ചു. കാനഡയിലെ ഏറ്റവും വലിയ കൊലപാതക അന്വേഷണ വിഭാഗമായ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം കേസിന്റെ അന്വേഷണം ഏറ്റെടുത്തു. സംഭവസ്ഥലത്ത് ചില്ലുകൾ തകർന്ന നിലയിൽ ഒരു ചുവന്ന മസ്താങ് കാർ ഉണ്ടായിരുന്നതായി റിപ്പോർട്ട്.
ആയുധം കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ ഗഗൻപ്രീത് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, സുഖ്ജീത് കൗറിന് കാനഡയിൽ പരിമിതമായ സൗഹൃദബന്ധങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെടിവെപ്പ് നടന്ന് ഏകദേശം 13 മിനിറ്റിനുശേഷം സമീപപ്രദേശത്ത് ഒരു കാർ കത്തിനശിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അക്രമികൾ ഉപയോഗിച്ച വാഹനമാണിതെന്നാണ് പോലീസ് കരുതുന്നത്.
സംഘടിത കുറ്റകൃത്യങ്ങളുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടെന്നും, കൃത്യമായ ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണിതെന്നും ഐഎച്ച്ഐടി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളോ ഡാഷ് ക്യാം ദൃശ്യങ്ങളോ കൈവശമുള്ളവർ അന്വേഷണ സംഘത്തെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.








0 comments