അന്താരാഷ്ട്ര ആണവോർജ്ജ സമിതിയിൽ ഭിന്നിപ്പ്, രാഷ്ട്രീയവൽക്കരിക്കുന്നെന്ന് ഇറാൻ

തെഹറാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്കും രാജ്യത്തെ എല്ലാ ആണവ ശേഖരണങ്ങളുടെ വിശദാംശങ്ങളിലേക്കും പൂർണ്ണ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് അന്താരാഷ്ട്ര ആണവോർജ്ജ സമിതി (ഐഎഇഎ)യുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് പാസാക്കിയ പ്രമേയത്തെ അപലപിച്ച് ഇറാൻ.
യുഎസും യൂറോപ്യൻ സഖ്യകക്ഷികളും സമിതിയിലെ അംഗങ്ങളുടെ മേൽ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായാണ് പ്രമേയം കൊണ്ടുവന്നതെന്ന് ഇറാൻ അവകാശപ്പെട്ടു. പ്രമേയത്തിന്റെ ഉള്ളടക്കം ഇറാന്റെ അവകാശങ്ങളെയും ഐഎഇഎയുടെ അടിസ്ഥാന നടപടിക്രമങ്ങളെയും ചട്ടങ്ങളെയും ലംഘിക്കുന്നുവെന്നും അവകാശപ്പെട്ടു.
ചൈനയ്ക്കും റഷ്യയ്ക്കും പുറമേ, നൈജറും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
ഇറാന്റെ ആണവ പദ്ധതിയെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി റഷ്യ, ചൈന, ഇറാൻ എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങൾ സംയുക്ത പ്രസ്താവന ഇറക്കുകയും അംഗരാജ്യങ്ങളോട് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രമേയത്തിന്റെ കരട് യുഎസും യൂറോപ്യൻ സഖ്യകക്ഷികളായ യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളും ചേർന്ന് അവതരിപ്പിച്ചു. 35 അംഗ ഐഎഇഎ ബോഗിൽ 19 വോട്ടുകൾക്ക് അനുകൂലമായും മൂന്ന് വോട്ടുകൾക്ക് എതിർത്തും പ്രമേയം പാസാക്കി. പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് 12 അംഗ രാജ്യങ്ങൾ വിട്ടുനിന്നു.
ഇറാനിലെ ആണവ വസ്തുക്കളുടെ അക്കൗണ്ടൻസി, സംരക്ഷിത ആണവ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഐഎഇഎയ്ക്ക് കാലതാമസമില്ലാതെ നൽകണമെന്നും ഈ വിവരങ്ങൾ പരിശോധിക്കാൻ ഏജൻസിക്ക് ആവശ്യമായ എല്ലാ ആക്‌സസും നൽകണമെന്നും പ്രമേയം ഇറാനോട് ആവശ്യപ്പെടുന്നു.
ജൂണിൽ 12 ദിവസത്തെ യുദ്ധത്തിൽ യുഎസും ഇസ്രായേലും ബോംബിട്ട് തകർത്തവ ഉൾപ്പെടെ, ഇറാന്റെ എല്ലാ ആണവ സൈറ്റുകളും പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു. ഇറാന്റെ സമ്പുഷ്ടമായ യുറേനിയം സ്റ്റോക്കിന്റെ വിശദാംശങ്ങൾ, യുറേനിയം സമ്പുഷ്ടമാക്കിയ സെൻട്രിഫ്യൂജുകളുടെ ഇൻവെന്ററി, 2003 ൽ ഒപ്പുവച്ച ഐഎഇഎ അധിക പ്രോട്ടോക്കോൾ പൂർണ്ണമായി നടപ്പിലാക്കൽ എന്നിവയും പ്രമേയം ആവശ്യപ്പെടുന്നു.
പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് എപ്പോഴും തയ്യാറാണ്, പക്ഷേ ഭീഷണിപ്പെടുത്തലിന് വഴങ്ങില്ല എന്നാണ് ഇറാൻ പ്രതികരിച്ചത്. സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി യുഎൻ ഏജൻസിയെ ഉപയോഗിക്കാൻ യു എസ് പക്ഷ രാജ്യങ്ങൾ ശ്രമിക്കുന്നതായി ആരോപിച്ചു.
നിയമവിരുദ്ധമായ ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ യുഎസും യൂറോപ്യൻ സഖ്യകക്ഷികളും ഐഎഇഎയെ ഉപയോഗിക്കുന്നു.
ആണവ നിർവ്യാപന ഉടമ്പടിയിൽ (എൻപിടി) ഒപ്പുവച്ച രാജ്യമെന്ന നിലയിൽ സമാധാനപരമായ ആണവ പദ്ധതി നടത്താനുള്ള ഇറാന്റെ അവകാശങ്ങളെ പ്രമേയം അംഗീകരിക്കുന്നുണ്ട്. ഇത് ലംഘിക്കുന്നതാണ് പ്രമേയം എന്നും ഇറാൻ പ്രസ്താവനയിൽ പറയുന്നു.
അമേരിക്കയും ഇസ്രായേലും തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ നിയമവിരുദ്ധ സൈനിക ആക്രമണങ്ങളെക്കുറിച്ച് പരാമർശിക്കുന്നത് മനഃപൂർവ്വം ഒഴിവാക്കിയതും ചൂണ്ടികാട്ടി.
ഈ വർഷം ജൂണിൽ നടന്ന ആക്രമണങ്ങളെത്തുടർന്ന് ഇറാൻ ഐഎഇഎയുമായി സഹകരിക്കുന്നത് നിർത്തിയിരിക്കയാണ്. സെപ്റ്റംബറിൽ ഇറാൻ തങ്ങളുടെ ചില ആണവ കേന്ദ്രങ്ങളിലേക്ക് ഇൻസ്പെക്ടർമാരെ തിരികെ കൊണ്ടുവരാൻ ഐഎഇഎയുമായി ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു. ഇറാനെതിരെ "സ്‌നാപ്പ്‌ബാക്ക്" ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് അത് അപ്രസക്തമായിത്തീർന്നു.









0 comments