ഇനി ഐഎഇഎ വരേണ്ട ; ബന്ധം വിച്ഛേദിച്ച് ഇറാന്‍

IAEA
വെബ് ഡെസ്ക്

Published on Jun 26, 2025, 03:48 AM | 1 min read


തെഹ്‌റാൻ

ഇറാനിലെ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രങ്ങൾക്കുനേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണം നിഷ്‌ക്രിയമായി നോക്കിനിന്ന അന്താരാഷ്‌ട്ര ആണവോർജ ഏജൻസി(ഐഎഇഎ)യുമായുള്ള സഹകരണം ഇറാൻ ഉപേക്ഷിച്ചു. 290 അംഗ പാർലമെന്റിൽ ബുധനാഴ്‌ച നടന്ന വോട്ടെടുപ്പിൽ പങ്കെടുത്ത 221 പേരും പ്രമേയത്തെ അനുകൂലിച്ചു.


ഇറാന്റെ ആണവോർജ ഏജൻസി ഐഎഇഎയുമായി ഇനി സഹകരിക്കില്ലെന്ന്‌ പാർലമെന്റ്‌ സ്‌പീക്കർ മുഹമ്മദ്‌ ബാഗർ ഖാലിബാഫ്‌ വോട്ടെടുപ്പിനുശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇസ്രയേൽ, അമേരിക്കൻ ആക്രമണത്തിൽ മൗനം പാലിച്ച ഐഎഇഎ അവരുടെ ആഗോള വിശ്വാസ്യത സ്വയം നശിപ്പിച്ചന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ആക്രമണങ്ങളെ അപലപിക്കാൻ ഏജൻസി തയ്യാറായില്ല.


‘അമേരിക്ക നശിക്കട്ടെ, ഇസ്രയേൽ നശിക്കട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ്‌ ഇറാൻ എംപിമാർ പാർലമെന്റിൽ ബിൽ പാസ്സായത്‌ ആഘോഷിച്ചത്‌. പരമോന്നത സമിതിയായ ദേശീയ സുരക്ഷാ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ ഇത്‌ നിയമമാകും. ഇതോടെ, ഇറാൻ ആണവകേന്ദ്രങ്ങളിലേക്ക്‌ ഐഎഇഎ ഉദ്യോഗസ്ഥർക്ക്‌ പ്രവേശിക്കാനോ പരിശോധന നടത്താനോ കഴിയാതെയാകും. ഐഎഇഎ നിരീക്ഷകരെ രാജ്യത്ത്‌ പ്രവേശിപ്പിക്കില്ല.


അതേസമയം, പാർലമെന്റ്‌ പാസാക്കിയ ബിൽ ഐഇഎയുമായുള്ള ബന്ധം പൂർണമായി വിച്ഛേദിക്കാനല്ല, മരവിപ്പിക്കാനാണെന്ന്‌ വിദേശ വക്താവ്‌ ഇസ്‌മായിൽ ബാഗേയി പ്രതികരിച്ചു. ആണവകേന്ദ്രങ്ങൾക്കും ശാസ്‌ത്രജ്ഞർക്കും സുരക്ഷ ഉറപ്പാക്കുകയും ഇറാന്റെ ആണവ അവകാശങ്ങൾ മാനിക്കുകയും ചെയ്‌താൽ മാത്രമേ ഭാവിയിൽ സഹകരിക്കൂ. അണുവായുധ നിർവ്യാപന ഉടമ്പടി പ്രകാരം രാജ്യത്തിനുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾത്തന്നെ, അവകാശങ്ങൾ ലഭ്യമാകുന്നു എന്നും ഐഎഇഎ ഉറപ്പാക്കണം.


അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക്‌ സാരമായ ക്ഷതം സംഭവിച്ചെന്നും ബാഗേയി സമ്മതിച്ചു. ഫോർദോ ആണവകേന്ദ്രത്തിന്‌ സമീപം ബോംബ്‌ പതിച്ച്‌ ഗർത്തം രൂപപ്പെട്ടതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ബുധനാഴ്‌ച പ്രചരിച്ചിരുന്നു.

ഐഎഇഎയുമായി ബന്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ തീരുമാനം സ്വാഭാവികമാണെന്ന്‌ റഷ്യ പ്രതികരിച്ചു.


ഇറാന്‍ ആണവപദ്ധതികൾ തുടരുമെന്ന്‌ കഴിഞ്ഞ ദിവസംതന്നെ ഇറാൻ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്‌ക്യനും വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയും വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home