ad
Deshabhimani

പ്രവചനങ്ങൾക്കും മുമ്പേ നാശം വിതക്കുന്നു; കൊടുങ്കാറ്റുകൾ രൂപം മാറുന്നതായി ഗവേഷകർ

ELISSA
avatar
എൻ എ ബക്കർ

Published on Oct 30, 2025, 02:52 PM | 3 min read

രീബിയൻ ദ്വീപിലൂടെ ആഞ്ഞടിച്ച് മെലിസ ചുഴലിക്കാറ്റ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ചു. ജമൈക്കയിലേക്ക് റെക്കോർഡ് കാറ്റും പേമാരിയും കൊണ്ടുവന്ന മെലിസ ദുരിതങ്ങളുടെ പേരിലല്ല അമ്പരപ്പിച്ചത്.  അസാധാരണവും അതിദ്രുതവുമായ അതിന്റെ രൂപമാറ്റത്താലാണ്.


ഒറ്റ ദിവസം കൊണ്ട് ഒരു മിതമായ കൊടുങ്കാറ്റിൽ നിന്ന് 170 മൈൽ വേഗതയുള്ള ഒരു വലിയ ചുഴലിക്കാറ്റായി അത് പൊട്ടിത്തെറിക്കുകയായിരുന്നു. ശാസ്ത്രജ്ഞർ ഇതിനെ "ദ്രുത തീവ്രത" എന്ന് വിളിക്കുന്നു. ഭൂമി കൂടുതലായി ചൂടാകുമ്പോൾ പ്രകൃതി പ്രതിഭാസങ്ങളുടെ അക്രമാസക്ത ശക്തി കൂടുതൽ സാധാരണമായി മാറിക്കൊണ്ടിരിക്കയാണ്.


അതി ദ്രുത തീവ്രത പ്രവചിക്കുന്നത് എളുപ്പമല്ല. നിരീക്ഷണ  സംവിധാനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അവ എപ്പോഴും പിടിതരണമെന്നില്ല. മുൻകൂട്ടിയുള്ള രക്ഷാ ഒരുക്കങ്ങളെ അത് തകർക്കും. മനുഷ്യന് മുൻപിൽ ഇത് ഒരു വലിയ വെല്ലുവിളിയായി മാറുകയാണ്.


1980-കളുടെ തുടക്കം മുതൽ സാധാരണയെക്കാൾ ചൂടുള്ള കടലുകളും കൂടുതൽ ഈർപ്പമുള്ള അന്തരീക്ഷവും ഈ അവസ്ഥകൾ കൂടുതൽ സാധാരണമാക്കിക്കൊണ്ടിരിക്കയാണെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ പ്രവണതകളെ സ്വാഭാവിക വ്യതിയാനങ്ങൾ വെച്ച് വിലയിരുത്താനോ പ്രവചിക്കാനോ കഴിയില്ല എന്നതാണ് വെല്ലുവിളി തീർക്കുന്നത്. 


അക്രമാസക്തമായ കൊടുങ്കാറ്റുകൾ ലോകത്തെ അമ്പരപ്പിക്കുന്നതിന് പിന്നിൽ മനുഷ്യന്റെ വകതിരിവില്ലാത്ത പ്രവർത്തനങ്ങൾ തന്നെയാണ്.   ഇംഗ്ലണ്ടിലെ ബെർക്ക്‌ഷെയറിലെ റീഡിംഗ് സർവകലാശാല ഗവേഷകരായ അലക്സാണ്ടർ ബേക്കറും ലിസ് സ്റ്റീഫൻസും ഇത് സംബന്ധിച്ച് മുന്നറിപ്പ് നൽകുന്നു.


CYCLONE


സ്ഥിതിഗതികൾ ഇങ്ങനെ കൈവിട്ട് പോയാൽ അതിവേഗം ശക്തി പ്രാപിക്കുന്ന കൊടുങ്കാറ്റുകൾ നേരിടാൻ ഒഴിപ്പിക്കൽ കേന്ദ്രങ്ങൾ തുറക്കുകയോ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയോ നേരത്തെയുള്ള മുന്നറിയിപ്പ് നൽകുകയോ പോലുള്ള തയ്യാറെടുപ്പുകൾ നടത്താൻ സർക്കാർ ഏജൻസികൾക്ക് സമയം ലഭിക്കാതെ പോവും.


2023-ൽ മെക്സിക്കോയിലെ ഓട്ടിസ് ചുഴലിക്കാറ്റിലും 2021-ൽ ഫിലിപ്പീൻസിലെ ടൈഫൂൺ റായിലും സംഭവിച്ചത് ഇതാണ്. കരയിലേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പ് ഇവ രണ്ടും വേഗത്തിൽ ശക്തി പ്രാപിച്ചു. മുൻകൂട്ടി പ്രവചിക്കാനോ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനോ കഴിയാത്തതിനാൽ നൂറുകണക്കിന് ആളുകൾ മരിച്ചു.


ജമൈക്കയെ തുണച്ചത് ഭാഗ്യം


ഭാഗ്യവശാൽ മെലിസ കാറ്റഗറി 5 ചുഴലിക്കാറ്റാവാനുള്ള സാധ്യത അത് കരയിലേക്ക് പതിക്കുന്നതിന് മുമ്പ് എപ്പോഴോ പ്രവചിക്കപ്പെട്ടിരുന്നു. കൊടുങ്കാറ്റ് ജമൈക്കയിലേക്ക് വളരെ സാവധാനത്തിൽ നീങ്ങിയതിനാൽ ഈ പ്രവചനത്തിനുള്ള സമയം ലഭിച്ചു എന്ന് മാത്രം.


കാറ്റ് ദ്രുതഗതിയിലുള്ള തീവ്രത ആർജിക്കുന്നതിന് പ്രത്യേക സാഹചര്യങ്ങൾ ആവശ്യമാണ്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, ഉയരത്തിനനുസരിച്ച് കാറ്റിന്റെ വേഗതയിലെ മാറ്റം, ചൂടുള്ള കടൽഉപരിതല താപനില എന്നിങ്ങനെ മനുഷ്യർ സൃഷ്ടിച്ചവയാണ് ഇവ.


മെലിസയുടെ സാഹചര്യം വിവരിച്ചുകൊണ്ട് ഇരു ഗവേഷകരും ഇതിന്റെ ആസുതരത ചർച്ചയ്ക്ക് വെക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വിരലടയാളങ്ങൾ അതിനെ ഇത്രയും വിനാശകരമായ ഒരു കൊടുങ്കാറ്റാക്കി മാറ്റിയ ഘടകങ്ങളിൽ ദൃശ്യമാണ്.


ഈ മേഖലയിലെ സമുദ്രോപരിതല താപനില നിലവിൽ സാധാരണയേക്കാൾ ഒരു ഡിഗ്രിയിൽ കൂടുതലാണ്. ചൂടുള്ള കടലുകൾ കൊടുങ്കാറ്റിന്റെ തീവ്രതയ്ക്ക് അധിക ഊർജ്ജം നൽകുന്നു. സമുദ്രനിരപ്പ് ഉയരുന്നത് കൊടുങ്കാറ്റിന്റെ തിരമാലകൾക്കും തീരപ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മഴ വർദ്ധിക്കുന്നു. ചൂടുള്ള അന്തരീക്ഷം കൂടുതൽ ഈർപ്പം നിലനിർത്തുന്നു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ ഈ പ്രവണത പ്രകടമാണ്.


ചുഴലിക്കാറ്റുകൾ കടന്നു പോകുന്ന വേഗത കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നുവെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. തീവ്രമായി അത് ഒരേ പ്രദേശത്ത് കൂടുതൽ സമയം നിൽക്കും. ഇതിനർത്ഥം അവ തങ്ങിനിൽക്കുകയും കൂടുതൽ മഴ പെയ്യിക്കയും ചെയ്യുന്നു എന്നാണ്.


MELISSA


മെലിസ ചുഴലിക്കാറ്റ് അപകടസാധ്യതകളെ മൂർച്ചയുള്ള ഒരു പ്രശ്നമായി ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. കൊടുങ്കാറ്റുകൾ വേഗത്തിൽ തീവ്രമാവുകയും കൂടുതൽ ശക്തമായി അടിക്കുകയും ആളുകൾക്ക് രക്ഷപ്പെടാൻ കുറഞ്ഞ സമയം നൽകുകയും ചെയ്യുന്നു.

 

ഭൂമിയെ ചൂടാക്കുന്നവർ


നാസ, എൻ‌ഒ‌എ‌എ, യുകെ മെറ്റ് ഓഫീസ്, കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് എന്നിവയുൾപ്പെടെ നിരവധി ആഗോള ഡാറ്റാസെറ്റുകൾ പ്രകാരം 2023 ഔദ്യോഗികമായി രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷമായിരുന്നു. ആഗോള ശരാശരി ഉപരിതല താപനില വ്യാവസായികത്തിനു മുമ്പുള്ള ശരാശരിയേക്കാൾ (1850–1900) ഏകദേശം 1.48°C കൂടുതലായിരുന്നു.


അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവും സമുദ്രത്തിലെ ചൂടും പുതിയ ഉയരങ്ങളിലെത്തി.


2024 ൽ, ലോകത്തിലെ പവിഴപ്പുറ്റുകൾ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വ്യാപകമായ ബ്ലീച്ചിംഗ് അനുഭവിച്ചു. 2023 ജനുവരി മുതൽ 2025 മെയ് വരെയുള്ള കാലയളവിൽ ലോകത്തിലെ പവിഴപ്പുറ്റുകളുടെ ഏകദേശം 84 ശതമാനത്തെയും ഇത് ബാധിച്ചു.


Related News

ഗ്രീൻലാൻഡിലെയും അന്റാർട്ടിക്ക് പ്രദേശത്തെയും ഹിമപാളികൾ റെക്കോർഡ് താഴ്ന്ന നിലയിലേക്ക് ഉരുകിയമർന്നു. ഭൂമുഖത്ത് മാരകവും വൻ നാശനഷ്ടങ്ങൾ വിതച്ചതുമായ ദുരന്തങ്ങൾ വർദ്ധിച്ചു, 2000 മുതൽ, ആഗോള കാലാവസ്ഥാ അനുബന്ധ ദുരന്തങ്ങൾ 27 ട്രില്യൺ യുഎസ് ഡോളറിലധികം നാശനഷ്ടങ്ങൾക്ക് കാരണമായി.


ഫോസിൽ ഇന്ധന ഉപഭോഗം വർദ്ധിച്ചതിന്റെ ഫലമായി കാർബൺ ഉദ്‌വമനം 2024 ൽ 1.3 ശതമാനം ഉയർന്ന് 40.8 ഗിഗാ ടൺ (Gt) കാർബൺ ഡൈ ഓക്സൈഡിന് തുല്യമായ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കയാണ്.


സൗരോർജ്ജത്തിന്റെയും കാറ്റിൽ നിന്നുള്ള ഊർജത്തിന്റെയും സംയോജിത ഉപഭോഗം 2024 ൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഫോസിൽ ഇന്ധന (എണ്ണ, കൽക്കരി, വാതകം) ഊർജ്ജ ഉപഭോഗം ഇപ്പോഴും 31 മടങ്ങ് കൂടുതലാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home