Deshabhimani

സൗദിയിലെ ഹൂതി ആക്രമണം: വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനികളുടെ നിർദേശം

Riyadh  King Khalid International Airport Houthi Attack

കിങ്‌ ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതി ആക്രമണമുണ്ടായപ്പോൾ

വെബ് ഡെസ്ക്

Published on Oct 09, 2026, 07:51 AM | 1 min read

റിയാദ്: സൗദി അറേബ്യയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കുനേരെ യമനിലെ ഹൂതി മിലിഷ്യ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങൾക്ക് പിന്നാലെ സുരക്ഷ ശക്തമാക്കി. റിയാദിലെ നിരവധി ബഹുരാഷ്ട്ര സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടതായാണ് വിവരം.


സൗദി തലസ്ഥാനമായ റിയാദിലെ കിങ്‌ ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന അസീര്‍ പ്രവിശ്യയിലെ അബഹ വിമാനത്താവളത്തിലുമാണ് ഹൂതി ആക്രമണമുണ്ടായത്. ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. അബഹ വിമാനത്താവളത്തില്‍ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ടു വനിതകളാണ് കൊല്ലപ്പെട്ടത്. ഇവിടെ 28 പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ വിമാനത്താവളത്തില്‍ ഒരു സുഡാന്‍ പൗരന്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു.


ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഹൂതി സൈനിക വക്താവ് യഹിയ സരീ പറഞ്ഞു. 24 മണിക്കൂറിനിടെ സൗദി സഖ്യസേന യമനില്‍ നടത്തിയ 60 വ്യോമാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണിതെന്നും സരീ പറഞ്ഞു.


ഹൂതി ആക്രമണത്തെ തുടർന്ന് വിമാന സർവീസുകളും പ്രതിസന്ധിയിലായി. വ്യാഴാഴ്‌ച റിയാദിൽനിന്നുള്ള നൂറിലേറെ സർവീസുകൾ മുടങ്ങി.

ഏവിയേഷൻ അനലിറ്റിക-്‌സ്‌ കമ്പനിയായ സിറിയത്തിന്റെ കണക്കുകൾ പ്രകാരം, പ്രാദേശിക സമയം വൈകിട്ട്‌ 4.25 വരെ റിയാദിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന 378 വിമാനങ്ങളിൽ 169 എണ്ണവും റിയാദിലേക്കുള്ള 369 ഇൻബൗണ്ട് സർവീസുകളിൽ 124 എണ്ണവും റദ്ദാക്കുകയോ മുടങ്ങുകയോ ചെയ്തു. സൗദിയയുടെ സർവീസുകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. റിയാദിൽനിന്നുള്ള 140 സർവീസുകളിൽ 97 എണ്ണവും റിയാദിലേക്കുള്ള 136 സർവീസുകളിൽ 87 എണ്ണവും തടസപ്പെട്ടു. കൊച്ചിയിൽനിന്നുള്ള റിയാദ് സർവീസുകൾ ഉൾപ്പെടെ ആകാശ് എയറിന്റെ ചില വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ് സ്ഥിതി ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home