ad
Deshabhimani

print edition ഹോർമുസ്‌ തുറക്കൽ കരാർ ഇ‍ൗയാഴ്‌ചയെന്ന്‌ ട്രംപ്‌

Trump_Airforceone

ഡോണൾഡ് ട്രംപ്

വെബ് ഡെസ്ക്

Published on Aug 06, 2026, 01:30 AM | 1 min read

കാലിഫോർണിയ : ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള കരാർ ഈ ആഴ്‌ച തന്നെ ഉണ്ടായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിന് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നതായും അദ്ദേഹം കാലിഫോർണിയയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ അമേരിക്കയുമായി ചർച്ചയില്ലെന്നും ഒമാനുമായാണ്‌ ചർച്ച നടത്തിയതെന്നും ഇറാൻ പ്രതികരിച്ചു


അതേസമയം, ഇറാനും ഒമാനും തയ്യാറാക്കിയ കരട് കരാർ അന്തിമ അനുമതിക്കായി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള മുജ്തബ ഖമനേയിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്‌. ഇറാൻ പാതയിലൂടെ പേർഷ്യൻ ഗൾഫിലേക്ക് കപ്പലുകൾ പ്രവേശിക്കുകയും ഒമാൻ പാതയിലൂടെ പുറത്തുപോവുകയും ചെയ്യുന്ന തരത്തിലാണ് നിലവിലെ നിർദേശം. സ‍ൗദി അറേബ്യയിലെ നജ്രൻ വിമാനത്താവളത്തിലേക്ക്‌ ഹൂതികൾ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.


ചെങ്കടലിൽ സ‍ൗദി ടാങ്കർ ആക്രമിച്ച്‌ ഹൂതികൾ


ചെങ്കടലിൽ കപ്പലുകൾക്ക്‌ നേരെ വീണ്ടും ആക്രമണം. സ‍ൗദി അറേബ്യയിലെ യാൻബു തുറമുഖത്തോട്‌ ചേർന്ന്‌ യമനിലെ ഹൂതി വിമതർ എണ്ണക്കപ്പൽ ആക്രമിച്ചു. സ‍ൗദിയുടെ വഫ എന്ന എണ്ണകപ്പലാണ്‌ ആക്രമിച്ചത്‌. കഴിഞ്ഞദിവസം യമൻ തീരത്ത്‌ അജ്ഞാതർ ഇന്ത്യൻ കപ്പൽ ആക്രമിച്ച്‌ മുക്കിയതിന്‌ പിന്നാലെയാണിത്‌. ബുധനാഴ്‌ച ഹൂതി വിമതർ തന്നെയാണ്‌ ആക്രമണവിവരം പുറത്തുവിട്ടത്‌.


സ‍ൗദി ഏർപ്പെടുത്തിയ നാവിക ഉപരോധത്തിനുള്ള തിരിച്ചടിയാണ്‌ ആക്രമണമെന്ന്‌ ഹൂതി വക്താവ്‌ എക്‌സിലൂടെ അറിയിച്ചു. ഉപരോധത്തിന്‌ ഉപരോധം എന്ന വഴിയാണ്‌ തങ്ങൾ സ്വീകരിക്കുന്നതെന്നും ബാബ് അൽ-മന്ദബ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം വിജയമായതിനാലാണ്‌ സ‍ൗദി കപ്പലുകൾക്ക്‌ ചെങ്കടൽ ഉപയോഗിക്കേണ്ടി വന്നതെന്നും ഹൂതികൾ പറഞ്ഞു.‍


ബാബ്- അൽ-മന്ദബ് കടലിടുക്ക്, ചെങ്കടൽ, ഏദൻ ഉൾക്കടൽ തുടങ്ങിയ നിർണായക പാതകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ സംരക്ഷിക്കുന്നതിനായി പ്രതിരോധ സ്വഭാവമുള്ള ഒരു നാവികസേനാ സഖ്യം രൂപീകരിക്കാൻ സൗദി അറേബ്യയും മറ്റ് 13 രാജ്യങ്ങളും തീരുമാനിച്ചിരുന്നു. ചൊവ്വാഴ്‌ചയാണ്‌ യമൻ തീരത്ത്‌ ഇന്ത്യൻ ചരക്കുകപ്പൽ ആക്രമിച്ച്‌ മുക്കിയത്‌. 13 ഇന്ത്യക്കാരടക്കം 14 ജീവനക്കാരെയും രക്ഷിക്കാനായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home