ad
Deshabhimani

print edition യുഎഇ കപ്പലുകൾ ആക്രമിച്ച് ഇറാൻ: ഹോർമുസില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

Oil tanker attack

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 15, 2026, 12:00 AM | 1 min read

തെഹ്‌റാൻ: ഹോർമുസില്‍ ഒമാന്‍ തീരത്തിന് സമീപം ബദല്‍പാതയിലൂടെ സഞ്ചരിച്ച രണ്ട് യുഎഇ എണ്ണക്കപ്പലുകൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരനായ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആറ്‌ ഇന്ത്യക്കാരും രണ്ട്‌ ഉക്രയ്‌ൻ സ്വദേശികളുടമടക്കം എട്ട്‌ കപ്പൽ ജീവനക്കാർക്ക്‌ പരിക്കേറ്റു. എംടി മൊംബാസ എന്ന കപ്പലിലുണ്ടായിരുന്നു ജീവനക്കാരനാണ്‌ കൊല്ലപ്പെട്ടത്‌. എംടി അൽ ബഹിയ ആണ്‌ ആക്രമിക്കപ്പെട്ട രണ്ടാമത്തെ കപ്പൽ. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. വിദേശകാര്യ മന്ത്രാലയം ന്യൂഡല്‍ഹിയിലെ ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. അന്താരാഷ്‌ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും സംഘർഷാവസ്ഥ ഒഴിവാക്കി ഇരുരാജ്യങ്ങളും എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 13 ആയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. മൂന്നുപേരെ കാണാതായി.


മുന്നറിയിപ്പ്‌ അവഗണിച്ച് നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കി അപകടകരമായ ജലപാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചതിനാലാണ് കപ്പലുകളെ ആക്രമിച്ചതെന്ന്‌ ഇറാൻ വ്യക്തമാക്കി. യുഎസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അറബ് ഗൾഫ് രാജ്യങ്ങൾ വലിയ വില നൽകേണ്ടിവരുമെന്നും ഹോർമുസ് കടലിടുക്ക് തുറക്കുന്നത് വൈകിപ്പിക്കുന്നത് ആഗോള ഊർജ പ്രതിസന്ധി രൂക്ഷമാക്കുമെന്നും ഇറാൻ മുന്നറിയിപ്പ്‌ നൽകി. ഒമാൻ തീരത്ത് നോർവീജിയൻ എണ്ണക്കപ്പൽ സ്റ്റോൾട്ട് മഗ്‌നീഷ്യത്തെയും ആക്രമിച്ചു.


ഇറാനിൽ യുഎസ്‌ അതിശക്തമായ ആക്രമണം തുടരുകയാണ്‌. ഇറാന്റെ ആണവനിലയമുള്ള ബുഷെർ തുറമുഖ നഗരത്തിന് പുറമെ ചബഹാർ, ജാസ്‌ക്‌, കോണാരക്, അബു മൂസ, ബന്ദർ അബ്ബാസ്, അബാദാൻ, മഹ്ഷഹർ എന്നീ തന്ത്രപ്രധാന മേഖലകളിലെ റഡാറുകളും സമുദ്ര പ്രതിരോധ താവളങ്ങളും യുഎസ് ആക്രമണത്തിൽ തകർന്നു. ഹോര്‍മുസ് പിടിച്ചെടുത്ത് 20 ശതമാനം ഫീസ് ഈടാക്കി കപ്പലുകള്‍ കടത്തിവിടുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. ജലപാതയുടെ കാവൽക്കാരായി ഇറാൻ "എന്നെന്നേക്കും" തുടരുമെന്ന് ഇറാന്‍ പ്രതികരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home