യുദ്ധം മനുഷ്യരാശിയുടെ പരാജയം: മാർപാപ്പ
മനുഷ്യക്കുരുതിയുടെ സ്‌മരണ പുതുക്കി ലോകം

ഹിരോഷിമ സമാധാന സ്‌മാരകത്തിൽ വണങ്ങുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ
ടോക്യോ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഹീനമായ മനുഷ്യക്കുരുതിയുടെ നടുക്കുന്ന ഓർമകൾക്ക് എൺപതാണ്ട്. ജപ്പാനിൽ അമേരിക്ക നടത്തിയ ആണവായുധ കൂട്ടക്കൊലയുടെ ഭീകരതയെ സ്‌മരിച്ച് ലോകം. സാമ്രാജ്യത്വ ദുർമോഹങ്ങളും ആണാവായുധ ഭീഷണിയും സൃഷ്‌ടിക്കുന്ന അപകടം ഓർമപ്പെടുത്തി ലോകമെങ്ങും ഹിരോഷിമ ദിനാചരണ പരിപാടികൾ നടന്നു.
ജപ്പാനിൽ വിവിധ കേന്ദ്രങ്ങളിൽ മൗനപ്രാർഥനയും ആണവായുധവിരുദ്ധ പരിപാടികളും നടന്നു. ഹിരോഷിമ സമാധാന സ്‌മാരകത്തിൽ നടന്ന ചടങ്ങിൽ ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ, മന്ത്രിമാർ, മേയർ കസുമി മറ്റ്‌സുയി തുടങ്ങിയവർ പങ്കെടുത്തു. 120 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കാളികളായി.
1945 ആഗസ്‌ത് ആറിന് രാവിലെ 8.15നാണ് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് വിക്ഷേപിച്ചത്. മൂന്നു ദിവസത്തിനുശേഷം നാഗസാക്കിയിലും അണുബോംബിട്ടു. ഇരു നഗരങ്ങളും പൂർണമായി തകർന്നു. രണ്ടു ലക്ഷത്തിലധികം മനുഷ്യർ തൽക്ഷണം മരിച്ചു. ആയിരങ്ങൾ അണുവികിരണം കാരണം മാരകരോഗങ്ങളുടെ പിടിയിലായി.
യുദ്ധം മനുഷ്യരാശിയുടെ പരാജയം: മാർപാപ്പ
ഹിരോഷിമയിലെ അമേരിക്കൻ ആണവായുധ കൂട്ടക്കൊലയുടെ എൺപതാം വാർഷികത്തിൽ ലിയോ പതിനാലാമൻ മാർപാപ്പാ സമാധാന സന്ദേശമയച്ചു. ഹിരോഷിമ മെത്രാൻ അലക്‌സിസ് മിത്സുരു ഷിരഹാമയ്ക്കാണ് മാർപാപ്പ സന്ദേശമയച്ചത്. ഹിരോഷിമയിൽ നടന്ന അനുസ്മരണ ദിവ്യബലിക്കിടെ മാർപാപ്പയുടെ സന്ദേശം വായിച്ചു.
യുദ്ധം മനുഷ്യരാശിയുടെ പരാജയമാണെന്ന് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു. വർധിച്ചുവരുന്ന ആഗോള പിരിമുറുക്കങ്ങളുടെയും സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ ഹിരോഷിമയും നാഗസാക്കിയും ഓർമയുടെ പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.










0 comments