ad
Deshabhimani

ഇസ്രയേലുമായി ചർച്ചക്കില്ല; ലെബനൻ സർക്കാരിനെ തള്ളി ഹിസ്ബുള്ള നേതാവ്

Hezbollah

ഹിസ്ബുള്ള നേതാവ് നയീം ഖാസിം (Photo Credit: Aziz Taher/REUTERS)

വെബ് ഡെസ്ക്

Published on Apr 27, 2026, 03:42 PM | 1 min read

ബെയ്റൂട്ട് : ഇസ്രയേലുമായി നേരിട്ടുള്ള ചർച്ചകൾ നടത്താനുള്ള ലെബനൻ സർക്കാരിന്റെ നീക്കത്തെ ഹിസ്ബുള്ള നേതാവ് നയീം ഖാസിം ശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞു. തിങ്കളാഴ്ച നടത്തിയ പ്രസ്താവനയിലാണ് ഹിസ്ബുള്ള നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലുമായി ചർച്ചക്ക് തയ്യാറാവുന്നത് പോലും ലെബനനെ അസ്ഥിരപ്പെടുത്തുന്ന ഒരു വലിയ പാപമാണെന്ന് നയീം ഖാസിം പറഞ്ഞു.


ഹിസ്ബുള്ള ഇപ്പോഴും കരുത്തോടെ മുന്നേറുകയാണെന്നും പ്രതിരോധം തുടരുമെന്നും ഖാസിം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ നേരിട്ടുള്ള ചർച്ചകൾ സാധ്യമല്ലെന്നും ഖാസിം വ്യക്തമാക്കി. അതിനൊപ്പം ലെബനൻ സർക്കാരും ഇസ്രയേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ തള്ളിക്കളയുകയും ചെയ്തു.


നേരിട്ടുള്ള ചർച്ചകൾ നടക്കണമെങ്കിൽ പാലിക്കപ്പെടേണ്ട അഞ്ച് പ്രധാന ആവശ്യങ്ങളും ഖാസിം മുന്നോട്ടുവെച്ചു. ഇസ്രയേൽ ആക്രമണങ്ങൾ പൂർണമായും നിർത്തുക, അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പിന്മാറുക, തടവുകാരെ മോചിപ്പിക്കുക, കുടിയിറക്കപ്പെട്ടവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുക, തകർന്ന പ്രദേശങ്ങളുടെ പുനർനിർമാണം നടത്തുക എന്നിവയാണ് ഈ ആവശ്യങ്ങൾ.


അതേസമയം ലെബനൻ - ഇസ്രയേൽ അതിർത്തിയിൽ ഷെല്ലാക്രമണങ്ങളും വ്യോമാക്രമണങ്ങളും ശക്തമായി തുടരുകയാണ്. ഇസ്രയേലിന്റെ വടക്കൻ മേഖലകളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. നയീം ഖാസിമിന്റെ പുതിയ പ്രസ്താവനയോടെ ലെബനൻ സർക്കാർ നടത്തിവന്ന സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home