ഹന്റാവൈറസ്; ക്രൂസിലുണ്ടായിരുന്ന ഫ്രഞ്ച് യാത്രക്കാരന് രോഗലക്ഷണം

പ്രതീകാത്മക ചിത്രം
പാരിസ് : ലോകത്തെ മുൾമുനയിൽ നിർത്തിയ ഹന്റാ വൈറസ് ബാധയെത്തുടർന്ന് വിനോദസഞ്ചാര കപ്പലിൽ നിന്നും ഒഴിപ്പിച്ച യാത്രക്കാരിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായി. എംവി ഹോണ്ടിയസ് ക്രൂസിൽ നിന്ന് പാരിസിലേക്ക് മടക്കിയ അഞ്ച് ഫ്രഞ്ച് പൗരന്മാരിൽ ഒരാൾക്കാണ് ടെനറിഫിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ വെച്ച് രോഗലക്ഷണം കണ്ടത്. ഇതേത്തുടർന്ന് ഇയാളെയും കൂടെയുള്ളവരെയും പാരിസിലെ ബിഷാ ആശുപത്രിയിൽ കർശനമായ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു.
പാരിസിലെ ലെ ബൂർഗെ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പിപിഇ കിറ്റുകൾ ധരിച്ച ഉദ്യോഗസ്ഥരെത്തി ഇവരെ ആംബുലൻസിൽ മാറ്റുകയായിരുന്നു. 72 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ഇവരെ 45 ദിവസത്തെ കർശനമായ സ്വയം നിരീക്ഷണത്തിനായി വീടുകളിലേക്ക് അയക്കുമെന്ന് ഫ്രഞ്ച് അധികൃതർ വ്യക്തമാക്കി.
കാനറി ദ്വീപിന് സമീപം നങ്കൂരമിട്ടിരുന്ന കപ്പലിലെ 150ഓളം വരുന്ന യാത്രക്കാരെയും ജീവനക്കാരെയും അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് വിവിധ രാജ്യങ്ങൾ ഞായറാഴ്ചയോടെ നാട്ടിലെത്തിച്ചു തുടങ്ങിയത്. പിപിഇ കിറ്റുകൾ ധരിച്ച ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കപ്പലിൽ നിന്ന് ചെറിയ ബോട്ടുകളിലാണ് യാത്രക്കാരെ കരയിലെത്തിച്ചത്. 90ലധികം യാത്രക്കാരുടെ ഒഴിപ്പിക്കൽ ഞായറാഴ്ചയോടെ പൂർത്തിയായി.
ടെനറിഫിൽ നിന്ന് മാഡ്രിഡിലെത്തിച്ച 14 സ്വദേശികളെ സ്പെയിൻ സൈനിക ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ബ്രിട്ടീഷ് പൗരന്മാരെ മാഞ്ചസ്റ്ററിലെത്തിച്ച് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അമേരിക്കൻ, ഡച്ച് പൗരന്മാർക്കായും പ്രത്യേക വിമാനങ്ങൾ ഞായറാഴ്ച തന്നെ ക്രമീകരിച്ചിരുന്നു. ഓസ്‌ട്രേലിയൻ പൗരന്മാരെ തിങ്കളാഴ്ച നാട്ടിലെത്തിക്കും.
നെതർലാൻഡ്‌സിൽ നിന്നുള്ള ഈ കപ്പലിലെ എട്ട് യാത്രക്കാർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ മൂന്ന് പേർ ഇതിനോടകം മരണപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെയും സ്പാനിഷ് സർക്കാരിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്.
എലികളിലൂടെ പടരുന്ന ഹന്റാവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് അപൂർവമാണെങ്കിലും കപ്പലിലെ സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രതയാണ് പുലർത്തുന്നത്. രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെപ്പോലും നിശ്ചിത ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് വിവിധ രാജ്യങ്ങൾ തീരുമാനിച്ചിട്ടുള്ളത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഓരോ രാജ്യവും തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കുന്നത്.










0 comments