ad
Deshabhimani

ഹന്റാ വൈറസ് ബാധ; ഹോണ്ടിയസ് ക്രൂസ് സ്പെയിനിൽ നങ്കൂരമിട്ടു

Hondius

ഹോണ്ടിയസ് ക്രൂയിസ് |Image: REUTERS/Handout via REUTERS

വെബ് ഡെസ്ക്

Published on May 10, 2026, 12:49 PM | 1 min read

മാഡ്രിഡ് : യാത്രക്കാർക്കിടയിൽ ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂസ് ഹോണ്ടിയസ് സ്പെയിനിലെ ടെനറൈഫിലുള്ള പോർട്ട് ഓഫ് ഗ്രനാഡില്ലയ്ക്ക് സമീപം നങ്കൂരമിട്ടു. കപ്പലിലെ എട്ട് പേർക്ക് വൈറസ് ബാധിച്ചതായും ഇതിൽ മൂന്ന് പേർ മരിച്ചതായും ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരു ഡച്ച് ദമ്പതികളും ഒരു ജർമൻ പൗരനും ഉൾപ്പെടുന്നു. കപ്പലിലെ ബാക്കിയുള്ള യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഞായറാഴ്ച പുലർച്ചെ ആരംഭിച്ചു.


കപ്പലിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും സ്പാനിഷ് ആരോഗ്യ അധികൃതർ എല്ലാവരെയും വിശദമായ പരിശോധനകൾക്ക് വിധേയമാക്കും. ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ചെറിയ ബോട്ടുകളിൽ ഇവരെ കരയിലെത്തിക്കും. സ്പാനിഷ് പൗരന്മാരെയാണ് ആദ്യം ഒഴിപ്പിക്കുക. തുടർന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ വിവിധ ഗ്രൂപ്പുകളായി പുറത്തെത്തിക്കും. കപ്പൽ അണുവിമുക്തമാക്കുന്നതിനായി 30 ജീവനക്കാർ കപ്പലിൽ തന്നെ തുടരും. ഇതിനു ശേഷം കപ്പൽ നെതർലൻഡ്‌സിലേക്ക് തിരിക്കും.


രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രസ് അഥനോം ഗെബ്രിയേസസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്പെയിനിലെ ആഭ്യന്തര, ആരോഗ്യ മന്ത്രിമാരും അദ്ദേഹത്തോടൊപ്പമുണ്ട്. ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ യൂണിയന്റെയും നിർദേശപ്രകാരം ബുധനാഴ്ചയാണ് കപ്പൽ കേപ് വെർഡെ തീരത്തുനിന്നും സ്പെയിനിലേക്ക് തിരിച്ചത്.


സാധാരണയായി എലികളിലൂടെയാണ് ഹന്റാ വൈറസ് പടരുന്നത്. അപൂർവമായി മാത്രമേ ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളൂ. വൈറസ് ബാധ ആഗോളതലത്തിൽ വലിയ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിലെ യാത്രക്കാർക്കും ജീവനക്കാർക്കും വൈറസ് പകരാൻ സാധ്യത നിലനിൽക്കുന്നതിനാലാണ് കടുത്ത മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home