ad
Deshabhimani

ഹാന്റ വൈറസ് ബാധ: ഇതുവരെ ഏഴ് പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു

hanta virus passsengers

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on May 11, 2026, 07:55 PM | 2 min read

ലണ്ടൻ: ക്രൂയിസ് കപ്പലിലെ യാത്രക്കാരില്‍ ഏഴ് പേര്‍ക്ക് ആന്‍ഡീസ് ഹാന്റവൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ‘എംവി ഹോണ്ടിയസ്’ എന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാര്‍ക്കിടയിലാണ് രോഗബാധയുണ്ടായത്. കപ്പലില്‍ നിന്ന് ഒഴിപ്പിച്ച ഫ്രഞ്ച് യാത്രക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം ഏഴായത്. ഇതുവരെ ഒമ്പത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.


രോഗം ബാധിച്ചവരില്‍ ഇതുവരെ മൂന്ന് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് ബാധ ആദ്യം ഏറ്റുവെന്ന് കരുതപ്പെടുന്ന വ്യക്തിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം വരുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ രണ്ടെണ്ണം ഹാന്റവൈറസ് ആണെന്ന് സംശയിക്കുന്നവയാണ്. ഇവരുടെ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കപ്പലില്‍ നിന്ന് മടങ്ങിയ ഒരു അമേരിക്കന്‍ പൗരനും ഒരു ഫ്രഞ്ച് പൗരനുമാണ് അവസാനം രോഗം സ്ഥിരീകരിച്ചവര്‍.


രോഗം സ്ഥിരീകരിച്ച രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ നിലവില്‍ നെതര്‍ലാൻഡ്‌സിലും ദക്ഷിണാഫ്രിക്കയിലുമായി ചികിത്സയിലാണ്. കപ്പലിലുണ്ടായിരുന്ന കനേഡിയന്‍, സ്പാനിഷ്, ഉക്രേനിയന്‍, ഓസ്‌ട്രേലിയന്‍ യാത്രക്കാരെ പ്രത്യേക വിമാനങ്ങളില്‍ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയച്ചു. ഇവര്‍ കര്‍ശന നിരീക്ഷണത്തിലാണ്. തെക്കേ അമേരിക്കയില്‍ വെച്ചാണ് കപ്പലിലെ യാത്രക്കാര്‍ക്ക് വൈറസ് ബാധയേറ്റതെന്ന് കരുതുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ക്രൂ അം​ഗങ്ങളിൽ രണ്ട് ഇന്ത്യൻ പൗരന്മാരുമുള്ളതായാണ് റിപ്പോർട്ട്.


സാധാരണയായി എലികളില്‍ നിന്നാണ് ഹാന്റവൈറസ് പകരുന്നത്. എന്നാല്‍ ആന്‍ഡീസ് ഹാന്റവൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. പനി, കടുത്ത ക്ഷീണം, പേശി വേദന, വയറുവേദന, ഛര്‍ദ്ദി, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.


കപ്പലില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് 42 ദിവസത്തെ ഐസൊലേഷന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തു. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നത് അപൂര്‍വമാണെന്ന് പറഞ്ഞ് യുഎസ് ഈ നിര്‍ദ്ദേശം ലംഘിച്ചു. ഇത് അപകടമുണ്ടാക്കിയേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കപ്പല്‍ നിലവില്‍ സ്പെയിനിലെ കാനറി ദ്വീപുകളില്‍ നങ്കൂരമിട്ടിരിക്കുകയാണ്. ബാക്കിയുള്ള യാത്രക്കാരുമായി കപ്പല്‍ ഉടന്‍ നെതര്‍ലാൻഡ്‌സിലേക്ക് തിരിക്കും. യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ക്കിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചതായും സ്പാനിഷ് അധികൃതര്‍ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home