ഹാന്റ വൈറസ്; കൂടുതല്‍ പേർക്ക് രോഗബാധയെന്ന് സംശയം

പ്രതീകാത്മകചിത്രം
കാനറി (സ്പെയിൻ): അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ആഡംബര കപ്പലിൽ കണ്ടെത്തിയ ഹാന്റ വൈറസ് ബാധ കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്തതായി വിവരം. നിലവിൽ വൈറസ് ബാധയേറ്റ് മൂന്നുപേർ മരിച്ചു. മൂന്ന് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കപ്പലിലെ യാത്രക്കാരനായിരുന്ന ബ്രിട്ടീഷ് പൗരന് ഹാന്റവൈറസ് ബാധിച്ചതായി സംശയിക്കുന്നതായി വെള്ളിയാഴ്ച യുകെ ആരോഗ്യ അധികൃതർ പറഞ്ഞു. ഏപ്രിലിൽ കപ്പൽ നിർത്തിയ ദക്ഷിണ അറ്റ്ലാന്റിക്കിലെ വിദൂര ബ്രിട്ടീഷ് വിദേശ പ്രദേശമായ ട്രിസ്റ്റൻ ഡ കുൻഹ ദ്വീപിലാണ് ഇദ്ദേഹം ഉള്ളതെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസി പറഞ്ഞു.
തെക്കുകിഴക്കൻ സ്പാനിഷ് പ്രവിശ്യയായ അലികാന്റെയിലെ ഒരു സ്ത്രീക്ക് ഹാന്റവൈറസ് അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുണ്ടെന്നും അവരെ പരിശോധിച്ചുവരികയാണെന്നും സ്പാനിഷ് ആരോഗ്യ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പറഞ്ഞു. ക്രൂയിസ് കപ്പലിൽ യാത്ര ചെയ്ത ശേഷം വിമാനയാത്രയ്ക്കിടെ അസുഖബാധിതയായി മരിച്ച ഡച്ച് വനിതയുടെ അതേ വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഇവരെന്ന് ആരോഗ്യ സെക്രട്ടറി ജാവിയർ പാഡില്ല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കപ്പലിലുണ്ടായിരുന്ന മറ്റ് രണ്ട് ബ്രിട്ടീഷുകാർക്കും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഒരാൾ നെതർലൻഡ്‌സിലും മറ്റൊരാൾ ദക്ഷിണാഫ്രിക്കയിലുമാണ് ആശുപത്രിയിലുള്ളത്. ഏപ്രിൽ 25 ന് തെക്കൻ അറ്റ്ലാന്റിക്കിലെ വിദൂര ദ്വീപായ സെന്റ് ഹെലീനയിൽ പല യാത്രക്കാരും കപ്പലിൽ നിന്ന് ഇറങ്ങിയിരുന്നു. പിന്നാലെ ജോഹന്നാസ്ബർഗിലേക്കുള്ള വിമാനത്തിലാണ് കൂടുതൽ പേരും യാത്ര ചെയ്തത്.
മെയ് രണ്ടിനാണ് കപ്പലിൽ ആദ്യമായി രോഗബാധ റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാൽ ഏപ്രിൽ 24നാണ് കപ്പലിലുണ്ടായിരുന്ന യാത്രക്കാരൻ വിമാനയാത്രയ്ക്കിടെ രോഗബാധിതനായി മരിച്ചത്. പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യയും മരണമടഞ്ഞു. അർജന്റീന, ചിലി എന്നിവിടങ്ങളിൽ നിന്നാണ് യാത്ര ആരംഭിച്ചത്. അവിടെ വെച്ച് കപ്പലിൽ കയറുന്നതിന് മുൻപ് തന്നെ യാത്രക്കാർക്ക് രോഗബാധ ഏറ്റിട്ടുണ്ടാകാം എന്നാണ് നിഗമനം.











0 comments