ad
Deshabhimani

ദുബായ്, ദോഹ അസ്വസ്ഥം ; ഇന്ത്യൻ തൊഴിലാളികൾ ആശങ്കയിൽ

print edition ഗൾഫിൽ ഭീതി ; ഇന്ത്യൻ തൊഴിലാളികൾ ആശങ്കയിൽ

gulf in tension

ഇറാൻ ആക്രമണത്തിൽ മനാമയിലെ അമേരിക്കൻ സെെനിക താവളത്തിൽ പുക ഉയരുന്നു

avatar
അനസ് യാസിന്‍

Published on Mar 03, 2026, 12:04 AM | 3 min read


ദുബായ്

പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് മൂന്നാം ദിവസവും ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് മരണം റിപ്പോര്‍ട്ടുചെയ്തു. വന്‍ നാശനഷ്ടവും ഉണ്ടായി.


​അരാംകോ റിഫൈനറിയില്‍ ആക്രമണം

പ്രമുഖ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ രാസ് തനൂറയിലെ എണ്ണ ശുദ്ധീകരണ ശാലക്കുനേരെ തിങ്കളാഴ്ച പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണമുണ്ടായി. രണ്ട്‌ ഡ്രോണുകൾ പ്രതിരോധ സേന വെടിവെച്ചിട്ടെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ച്‌ റിഫൈനറിയില്‍ തീപിടുത്തമുണ്ടായി.


കിഴക്കന്‍ പ്രവിശ്യയിലെ ദമാമിന് സമീപമുള്ള റിഫൈനറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി കേന്ദ്രങ്ങളില്‍ ഒന്നാണിത്‌. പ്രതിദിനം 5,50,000 ബാരല്‍ എണ്ണയാണ് ഉല്‍പ്പാദന ശേഷി. ഇതോടെ ആഗോള വിപണിയില്‍ എണ്ണവില 10 ശതമാനത്തോളം വര്‍ധിച്ചു.


ആളപായമില്ലെന്നും തീപിടുത്തം നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. റിയാദിലെ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി സൗദി പ്രതിഷേധമറിയിച്ചു.


ഖത്തര്‍ എല്‍എന്‍ജി 
ഉൽപ്പാദനം നിര്‍ത്തി

ഖത്തറിലെ പ്രധാന ഊര്‍ജ വ്യവസായ കേന്ദ്രങ്ങളായ മിസൈദ്, റാസ് ലഫാന്‍ എന്നിവിടങ്ങളില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഇതില്‍ ഒരു ഡ്രോണ്‍ മിസൈദിലെ പവര്‍ പ്ലാന്റിലെ ജലസംഭരണിയില്‍ പതിച്ചു, മറ്റൊന്ന് പതിച്ച് റാസ് ലഫാനിലെ വ്യവസായ ശാലയ്ക്ക് നാശനഷ്ടങ്ങള്‍ നേരിട്ടു. മുന്‍കരുതലിന്റെ ഭാഗമായി എല്‍എന്‍ജി ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തി.


​ബഹ്‌റൈനില്‍ കപ്പലിന് 
തീപിടിച്ചു; 
തൊഴിലാളി മരിച്ചു

ഇറാന്റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ ബഹ്‌റൈനില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന വിദേശ കപ്പലിന് തീപിടിച്ചു. ഏഷ്യക്കാരനായ ജീവനക്കാരൻ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ​


മിന സല്‍മാന്‍ തുറമുഖത്തിന് സമീപമുള്ള തന്ത്രപ്രധാനമായ മാരിടൈം കേന്ദ്രത്തിലും വന്‍ തീപിടുത്തമുണ്ടായി. ജുഫൈറില്‍ യുഎസ് അഞ്ചാം കപ്പല്‍പടയുടെ ആസ്ഥാനത്തിന് നേരെയും മിസൈല്‍ ആക്രമണമുണ്ടായി. ബഹ്‌റൈന്‍ പ്രതിരോധ സേന 61 മിസൈലുകളും 34 ഡ്രോണുകളും വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ട്.


​യുഎഇ ആമസോണ്‍
 ക്ലൗഡ് തകരാറില്‍

യുഎഇയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ തിങ്കളാഴ്ചയും ആക്രമണം അഴിച്ചുവിട്ടു. ദുബായിലെ വ്യവസായ മേഖലയിലും അബുദാബിയിലെ സായിദ് പോര്‍ട്ടിന് സമീപവും സ്‌ഫോടനങ്ങള്‍ ഉണ്ടായി. ആമസോണ്‍ വെബ് സര്‍വീസസിന്റെ ഡാറ്റാ സെന്ററിന് നേരെ ആക്രമണമുണ്ടായത് രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെ ഭാഗികമായി ബാധിച്ചു. ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ച യുഎഇ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ഇറാനില്‍ നിന്ന് അടിയന്തരമായി തിരിച്ചുവിളിച്ചു.


​കുവൈത്തില്‍ 
ഇന്ധന ടാങ്കിന് തീപിടിച്ചു

കുവൈത്തിലെ ദോഹ വെസ്റ്റ് പവര്‍ സ്റ്റേഷന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ധന ടാങ്കിന് തീപിടിച്ചു. ഞായറാഴ്ച ആക്രമണത്തില്‍ ഒരാര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.​


ദുബായ്, ദോഹ അസ്വസ്ഥം ; ഇന്ത്യൻ തൊഴിലാളികൾ ആശങ്കയിൽ

ഏഴ് വർഷമായി റക്കിബ് സിക്ദർ (37) ദുബായിലെ പാർപ്പിട സമുച്ചയത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്‍തുവരികയാണ്. ദുബായ് സിലിക്കൺ ഒയാസിസ് എന്ന തിരക്കേറിയ വാണിജ്യ മേഖലയിലാണ്‌ താമസം. ഫെബ്രുവരി 28-ന് വൈകിട്ട്‌, സിക്ദർ റംസാൻ നോമ്പ് തുറന്ന് ഇന്ത്യയിലുള്ള കുടുംബത്തെ വിളിക്കാൻ ഒരുങ്ങുമ്പോഴാണ് പുറത്തേക്കിറങ്ങാന്‍ ആളുകള്‍ വിളിച്ചുപറയുന്നത് കേട്ടത്. “ഞങ്ങൾ പുറത്തേക്ക് ഓടി, ഒരു ഡ്രോൺ താഴേക്ക് വീഴുന്നത് പോലെ തോന്നി” സിക്ദർ പറഞ്ഞു.


യുഎഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ നഗരങ്ങളിൽ യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ വ്യോമാക്രമണം ശക്തമാക്കിയതോടെ ഈ മേഖലയിൽ താമസിക്കുന്ന ഇന്ത്യൻ തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്.“രാത്രി ആർക്കും ഉറങ്ങാൻ കഴിഞ്ഞില്ല,” സിക്ദർ പറഞ്ഞു. “സ്‌ഫോടന ശബ്‌ദം കേൾക്കുമ്പോഴെല്ലാം ആളുകൾ ബാൽക്കണിയിലേക്ക് ഓടി.”


ജിസിസി രാജ്യങ്ങളിൽ 90 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ദുബായിലെയും ഖത്തർ തലസ്ഥാനമായ ദോഹയിലെയും പ്രവാസി ഇന്ത്യക്കാര്‍ സ്ഥിതിഗതികള്‍ അവരെ എങ്ങനെ ബാധിക്കുന്ന കാര്യത്തിൽ ഉത്കണ്ഠാകുലരാണ്. ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ദുബായിലെ പ്രമുഖ ഹോട്ടലായ ബുർജ് അൽ അറബ്, ജബൽ അലി പോർട്ട്, പാം ജുമൈറ ദ്വീപിലെ കെട്ടിടങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ നാശനഷ്‌ടമുണ്ടായതായി ദുബായ് ഭരണകൂടം സ്ഥിരീകരിച്ചു.


ദുബായ് അധികൃതർ കൃത്യസമയത്ത് എല്ലാവരുടേയും ഫോണുകളിലേക്ക് വിവരം കൈമാറുന്നുണ്ട്. നിലവിലെ സാഹചര്യം, മിസൈൽ ഭീഷണി ഉണ്ടാവാന്‍ സാധ്യതയുള്ള മേഖല, അടുത്തുള്ള സുരക്ഷിതമായ കെട്ടിടം എന്നിവ ഈ മുന്നറിയിപ്പില്‍ ഉണ്ടാകും.

“ഇന്ത്യൻ മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാൽ ദുബായ് കത്തിയെരിയുകയാണെന്ന് തോന്നും. എന്നാൽ കാര്യം അങ്ങനെയല്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത 59കാരനായ ഇന്ത്യൻ ബിസിനസുകാരൻ ദേശീയമാധ്യമത്തോട് പറഞ്ഞു. “തീർച്ചയായും വെല്ലുവിളികളുണ്ട്, എന്നാൽ ഈ ആക്രമണങ്ങളെ തടയുന്നതിലും നിർദേശങ്ങൾ നൽകുന്നതിലും യുഎഇ അധികൃതർ മികച്ച പ്രവർത്തനമാണ് നടത്തുന്നത്.


മുൻകരുതലെടുത്ത്‌ ആളുകൾ ദൈനംദിന ജീവിതവുമായി മുന്നോട്ടുപോകുന്നു. ദുബായിലെ സ്വകാര്യ മേഖല സാധാരണ നിലയിൽ തുടരുന്നു” യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ എല്ലാ ഇന്ത്യൻ പൗരരും "അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും" അബുദാബിയിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.


റദ്ദാക്കിയത്‌ 3400 വിമാനങ്ങൾ

സംഘർഷം തുടങ്ങിയശേഷം ഗൾഫ്‌ രാജ്യങ്ങളിൽ റദ്ദാക്കിയത് 3,400-ലധികം വിമാനങ്ങള്‍. 300,000-ത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ദുബായ്, ഷാർജ, അബുദാബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തി. ഈ മേഖലയിലെ ഭൂരിഭാഗം വ്യോമാതിർത്തികളും അടഞ്ഞുകിടക്കുകയാണ്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മറ്റ് ഭൂഖണ്ഡങ്ങൾ എന്നിവയ്ക്കിടയിലുള്ള നിർണ്ണായക പ്രവേശന കവാടങ്ങളാണ് പശ്‌ചിമേഷ്യയിലെ വിമാനത്താവളങ്ങൾ. അതിനാൽ ലോകമാകമാനം പ്രതിസന്ധിയിലായിരിക്കയാണ്‌.


ഹമദ് ഇന്റർനാഷണൽ, ദുബായ്‌, അബുദാബി എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ ദുരിതം സമൂഹമാധ്യമങ്ങളിൽപങ്കുവച്ചിട്ടുണ്ട്‌. പലരും വിമാനത്താവളത്തിനുള്ളിൽത്തന്നെ കഴിയുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home