ad
Deshabhimani

ഇസ്രയേലിന്റെ ഖത്തർ കടന്നാക്രമണം; അപലപിച്ച് ​ഗൾഫ് രാജ്യങ്ങൾ

qatar attack
വെബ് ഡെസ്ക്

Published on Sep 09, 2025, 11:06 PM | 1 min read

ദോഹ : ഖത്തറിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തെ അപലപിച്ച് ​ഗൾഫ് രാജ്യങ്ങൾ. ഒമാൻ ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇസ്രയേലിന്റേത് ക്രൂരമായ ആക്രമണ നടപടിയാണെന്നും സമാധാനത്തിലേക്കുള്ള പാതയെ ദുർബലപ്പെടുത്തുന്നതാണെന്നും ഒമാൻ വ്യക്തമാക്കി. ഖത്തറിലെ സർക്കാരിനും ജനങ്ങൾക്കും പിന്തുണ നൽകുന്നതായി മന്ത്രാലയം വ്യക്തമാക്കി. രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ഒമാൻ പ്രസ്താവനയിൽ പറഞ്ഞു.


ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും മേഖലാ സമാധാനത്തിന് നേരിട്ട് തുരങ്കം വയ്ക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ സുരക്ഷാ കൗൺസിൽ അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും മേഖലയിലെ രാജ്യങ്ങൾക്കെതിരായ വ്യവസ്ഥാപിതമായ ഇസ്രയേൽ ആക്രമണം തടയാൻ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്നും കുവൈത്ത് മന്ത്രാലയം വ്യക്തമാക്കി.


ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള ഇസ്രയേലിന്റെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് സൗദി അറേബ്യ പറഞ്ഞു. ഖത്തറിനോടുള്ള പൂർണ ഐക്യദാർഢ്യവും പിന്തുണയും സൗദി അറേബ്യ പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രയേലിന്റെ തുടർച്ചയായ ക്രിമിനൽ ആക്രമണത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനത്തിന്റെയും ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. ഈ ഹീനമായ ആക്രമണത്തെ അപലപിക്കണമെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തുരങ്കം വയ്ക്കുന്ന ഇസ്രയേലി നിയമലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും രാജ്യം പറഞ്ഞു.


ഗാസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതുമുതൽ വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാനും ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്ത ഖത്തറിന്റെ പരമാധികാരത്തിന്റെ ലംഘനമാണ് നടന്നതെന്ന് അറബ് ലീഗ് പ്രസ്താവനയിൽ പറഞ്ഞു. ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള നഗ്നമായ ആക്രമണത്തിൽ അറബ് ലീഗ് ഖത്തറിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും പിന്തുണ നൽകുമെന്നും അറബ് ലീ​ഗ് പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home