ആശുപത്രികളിൽ 2 ദിവസത്തേക്കുള്ള ഇന്ധനംമാത്രം
‘ഗ്രെറ്റയെ കാലുകുത്തിക്കില്ല’ ; ഭീഷണിയുമായി ഇസ്രയേൽ

ടെൽ അവീവ്
ഇസ്രയേൽ കടന്നാക്രമണത്തിൽ കൊടുംദുരിതത്തിലായ ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കാനുള്ള സന്നദ്ധപ്രവർത്തകരുടെ ശ്രമം അനുവദിക്കില്ലെന്ന് ബെന്യമിൻ നെതന്യാഹു സർക്കാർ. സഹായവസ്തുക്കളുമായി എത്തുന്ന ഗ്രെറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള സാമൂഹ്യപ്രവർത്തകരെ ഗാസയിൽ കാലുകുത്തിക്കില്ലെന്നാണ് ഭീഷണി. പലസ്തീൻ മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള നാവിക ഉപരോധം ഭേദിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് വ്യക്തമാക്കി. ഗ്രെറ്റയടക്കമുള്ളവർ യാത്ര ചെയ്യുന്ന കപ്പൽ ‘മാഡ്‌ലീൻ’ തിങ്കളാഴ്ച ഗാസ തീരംതൊടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഭീഷണി.
സന്നദ്ധസംഘടനകളുടെ കൂട്ടായ്മയായ ഫ്രീഡം ഫ്ലോട്ടില്ലയുടെ ചെറുകപ്പലിൽ അവശ്യവസ്തുക്കളുമായി 12 സാമൂഹ്യപ്രവർത്തകരാണ് കഴിഞ്ഞ ഞായറാഴ്ച സിസിലിയിൽനിന്ന് ഗാസയിലേക്ക് തിരിച്ചത്. ഇസ്രയേൽ നിരോധനം പ്രഖ്യാപിച്ചിരിക്കുന്ന പലസ്തീൻ വംശജയും ഫ്രാൻസിൽനിന്നുള്ള യൂറോപ്യൻ പാർലമെന്റ് അംഗവുമായ റിമ ഹാസനും സംഘത്തിലുണ്ട്. മൂന്നുമാസം നീണ്ട ഉപരോധത്തിൽ കുഞ്ഞുങ്ങളടക്കം നിരവധിയാളുകൾ പട്ടിണിയിൽ മരിച്ചു.
ആശുപത്രികളിൽ 2 ദിവസത്തേക്കുള്ള ഇന്ധനംമാത്രം
ആശുപത്രികളിൽ 48 മണിക്കൂറത്തേക്കുള്ള ഇന്ധനം മാത്രമാണ് ശേഷിക്കുന്നതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡയാലിസിസ് ആവശ്യമായ 300 പേരുടെ ജീവൻ അപകടത്തിലായിരിക്കുകയാണെന്ന് അൽ ഷിഫ ആശുപത്രി ഡയറക്ടർ പറഞ്ഞു. ആശുപത്രികളിൽ മരുന്നിനും ചികിത്സോപകരണങ്ങൾക്കും കടുത്ത ക്ഷാമമാണ്. മുനമ്പിൽ ഞായറാഴ്ച ഇസ്രയേൽ സൈന്യം കൊന്നൊടുക്കിയത് 31 പേരെ. ഇസ്രയേൽ സന്നദ്ധസംഘടന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഗാസയിൽ രണ്ടു താൽക്കാലിക സഹായവിതരണകേന്ദ്രം തുടങ്ങി. തെക്കൻ ഗാസയിലെ വിതരണകേന്ദ്രത്തിന് മുന്നിൽ ഭക്ഷണത്തിനായി തടിച്ചുകൂടിയവർക്കുനേരെ ഇസ്രയേൽ സൈന്യം ഞായറാഴ്ചയും വെടിവച്ചു. 14 പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്ക് പരിക്ക്. വടക്കൻ മേഖലയിൽ പട്ടിണി അതിരൂക്ഷമാണ്.
‘തുരങ്കം’ കെട്ടുകഥ
തെക്കൻ ഗാസയിൽ യൂറോപ്യൻ ആശുപത്രിക്ക് താഴെ ഹമാസിന്റെ തുരങ്കം കണ്ടെത്തിയതായ ഇസ്രയേൽ വാദം കെട്ടിച്ചമച്ചതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈന്യം പുറത്തുവിട്ട തുരങ്കത്തിന്റെ ദൃശ്യങ്ങൾ വിശ്വാസയോഗ്യമല്ല. അഴുക്കുചാലിനെയാണ് തുരങ്കമെന്ന നിലയിൽ പെരുപ്പിച്ച് കാട്ടിയത്.
അൽ ഷിഫ, നാസർ, ഹമദ് ആശുപത്രികളെക്കുറിച്ചും ഇരസയേൽ സമാന ആരോപണം ഉന്നയിച്ചിരുന്നതായും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഹമാസ് ആസ്ഥാനമെന്ന് ആരോപിച്ച് ആശുപത്രികളിൽ കടന്നുകയറി ആക്രമിക്കുന്നത് പതിവാക്കിയിരിക്കുകയാണ് ഇസ്രയേൽ. അൽ ഷിഫ ആശുപത്രി, അൽ അഹ്‌ലി അറബ് ആശുപത്രി എന്നിവയ്ക്കുനേരെയും ഞായറാഴ്ച ആക്രമണമുണ്ടായി.









0 comments