ഗ്രെറ്റയെ കയറ്റിവിട്ടു ; മഡ്‌ലിന്‍ കപ്പല്‍ ഇസ്രയേലിൽ എത്തിച്ചു

ടെൽ അവീവ്
ഗാസയിലേക്ക് സഹായവുമായി പോയ ‘മഡ്‌ലിൻ’ കപ്പൽ തടഞ്ഞ് ഇസ്രയേൽ കസ്റ്റഡിയിലെടുത്ത സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ നാടുകടത്തി. കപ്പലിൽ ഉണ്ടായിരുന്ന 12 പ്രവർത്തകരിൽ നാടുകടത്തൽ ഉത്തരവിൽ ഒപ്പിടാൻ വിസമ്മതിച്ചവരെ നിയമനടപടികൾക്ക് വിധേയരാക്കാനെന്ന പേരിൽ തടങ്കൽപാളയത്തിലേക്ക് മാറ്റി.
തിങ്കളാഴ്‌ച പുലർച്ചെ ഗാസയിൽനിന്ന് 185 കിലോമീറ്റർ അകലെ മെഡിറ്ററേനിയനിൽ സൈന്യം പിടികൂടിയ കപ്പൽ തിങ്കളാഴ്‌ച രാത്രി ആഷ്‌ഡോഡ് തുറമുഖത്ത് എത്തിച്ച് യാത്രക്കാരെ ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് മാറ്റി. ചൊവ്വ രാവിലെ ഗ്രെറ്റ തുൻബെർഗ് ഫ്രാൻസ് വഴി സ്വീഡനിലേക്കുള്ള വിമാനത്തിൽ പുറപ്പെട്ടുവെന്ന് മന്ത്രാലയം അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ആറ് ഫ്രഞ്ച് പൗരരിൽ അഞ്ചുപേർ നാടുകടത്തലിനുള്ള ഉത്തരവിൽ ഒപ്പിടാൻ വിസമ്മതിച്ചു. ഇവരെ നിയമനടപടിക്ക് വിധേയരാക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.
ഇസ്രയേൽ അറസ്റ്റുചെയ്ത ആറു ഫ്രഞ്ച് പൗരരെ പ്രതിനിധിക്ക് കാണാൻ കഴിഞ്ഞതായി ഫ്രാൻസ് വിദേശമന്ത്രി ഴാങ് -നോയൽ ബാരോട്ട് എക്‌സിൽ കുറിച്ചു. ഇയു പാർലമെന്റംഗമായ റിമ ഹസ്സൻ, അൽ ജസീറയിലെ ഒമർ ഫയാദ്, ഓൺലൈൻ പ്രസിദ്ധീകരണമായ ബ്ലാസ്റ്റിലെ യാനിസ് മഹ്ദി എന്നിവരടക്കം ഫ്രാൻസ്, സ്വീഡൻ, ബ്രസീൽ, ജർമനി, നെതർലൻഡ്‌സ്, സ്‌പെയിൻ, തുർക്കിയ പൗരരാണ് കപ്പലിലുണ്ടായിരുന്നത്. ടെൽ അവീവിനടുത്തുള്ള റാംലെയിലുള്ള തടങ്കൽകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ഫ്രീഡം ഫ്ലോട്ടില്ല സഖ്യം പ്രസ്‌താവനയിൽ അറിയിച്ചു. ഇസ്രയേൽ സൈന്യം കപ്പലിൽ കയറുമ്പോൾ യാത്രക്കാർ കൈകൾ ഉയർത്തിപ്പിടിച്ച് ഇരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സംഘം പുറത്തുവിട്ടു.
ഇസ്രയേലിന്റെ സമുദ്ര ഉപരോധത്തെ ചോദ്യംചെയ്‌തും ഗാസയിലെ മാനുഷിക പ്രതിസന്ധി ഉയർത്തിക്കാട്ടുകയും ലക്ഷ്യമിട്ടാണ് പലസ്‌തീൻ അനുകൂല കൂട്ടായ്‌മയായി ഫ്രീഡം ഫ്‌ളോട്ടില്ല സഖ്യം ജൂൺ ഒന്നിന് ഇറ്റാലിയൻ ദ്വീപായ സിസിലിയിൽനിന്ന് മഡ്‌ലിനിൽ പുറപ്പെട്ടത്.









0 comments