Deshabhimani

എഐയുടെ അപകടങ്ങളെക്കുറിച്ച് ജനങ്ങളോട് പറയാൻ അനുവദിക്കണം; ഗൂഗിളിനെതിരെ ജീവനക്കാർ

google deepmind

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 04, 2026, 11:11 AM | 2 min read

ലണ്ടൻ: എഐ സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള സ്വാതന്ത്ര്യം വേണമെന്ന് ഗൂഗിളിലെ ജീവനക്കാർ. എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഗൂഗിൾ ഡീപ്‌മൈൻഡിലെ ജീവനക്കാരാണ് കമ്പനിയുടെ നിയന്ത്രണങ്ങൾക്കെതിരെ രംഗത്തെത്തിയത്. ജോലി ചെയ്യുന്ന സമയത്തും കമ്പനി വിട്ടശേഷവും ഗൂഗിളിനെ പരസ്യമായി വിമർശിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന കരാർ വ്യവസ്ഥകൾ പിൻവലിക്കണമെന്നാണ് ആവശ്യം.


ലണ്ടനിലെ ഗൂഗിൾ ഡീപ്‌മൈൻഡിൽ ജോലി ചെയ്യുന്ന ചില ജീവനക്കാരുടെ കരാറുകളിൽ കമ്പനി വിട്ടാലും ജീവിതകാലം മുഴുവൻ ഗൂഗിളിനെ വിമർശിക്കരുതെന്ന വ്യവസ്ഥയുണ്ടെന്നാണ് റിപ്പോർട്ട്. എഐ സാങ്കേതികവിദ്യ സമൂഹത്തിൽ ഉണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് തുറന്നുപറയുന്നതിൽനിന്ന് ഇത്തരം വ്യവസ്ഥകൾ ജീവനക്കാരെ പിന്തിരിപ്പിക്കുന്നതായി അവർ പറയുന്നു. വാഷിങ്ടൺ പോസ്റ്റ് പരിശോധിച്ച തൊഴിൽകരാറിലും ഇത്തരമൊരു വ്യവസ്ഥയുണ്ട്. നിലവിൽ കമ്പനിയിൽ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാരുമായും മാധ്യമം സംസാരിച്ചു.


എഐ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയാണെന്നും അതിന്റെ അപകടങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി. എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനിടെ കണ്ടെത്തുന്ന പ്രശ്നങ്ങളും അവയുടെ പ്രത്യാഘാതങ്ങളും പൊതുസമൂഹത്തിൽനിന്ന് മറച്ചുവയ്ക്കരുതെന്നാണ് അവരുടെ നിലപാട്. മനുഷ്യരുടെയും ജനാധിപത്യത്തിന്റെയും ഭാവിയെ വലിയ തോതിൽ ബാധിക്കാവുന്ന സാങ്കേതികവിദ്യയാണിതെന്നും അതിന്റെ വികസനം എങ്ങോട്ടാണ് പോകേണ്ടതെന്ന് തീരുമാനിക്കുന്നതിൽ ഗവേഷകർക്കും പങ്കുണ്ടെന്നും അവർ വ്യക്തമാക്കി.


ഗൂഗിൾ ഡീപ്‌മൈൻഡിലെ മുൻ ജീവനക്കാരിയായ സോഫിയ ലിഗ്വോറി കഴിഞ്ഞ മാസം നടത്തിയ വെളിപ്പെടുത്തലോടെയാണ് വിവാദം ശക്തമായത്. സൈനിക ആവശ്യങ്ങൾക്ക് എഐ വികസിപ്പിക്കുന്ന ഗൂഗിളിന്റെ നടപടിയെ വിമർശിക്കാൻ തൊഴിൽകരാറിലെ നിയന്ത്രണങ്ങൾ അവഗണിച്ചതായി അവർ ബിബിസിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിലവിലെ ജീവനക്കാർ സ്വന്തം കരാറുകൾ പരിശോധിച്ചപ്പോഴാണ് സമാനമായ നിയന്ത്രണങ്ങൾ കണ്ടെത്തിയത്.


തുടർന്ന് കമ്പനിയുടെ ആഭ്യന്തര സന്ദേശ സംവിധാനത്തിൽ നിരവധി ജീവനക്കാർ വിഷയം ചർച്ച ചെയ്തു. നിയന്ത്രണങ്ങൾക്കെതിരെ ചിലർ നേരിട്ട് വിമർശനമുന്നയിച്ചപ്പോൾ മറ്റു ചിലർ ജോർജ് ഓർവെലിന്റെ 1984 എന്ന നോവലിനെ ഓർമിപ്പിക്കുന്ന പ്രതികരണങ്ങളാണ് പങ്കുവച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന സാഹചര്യങ്ങളാണ് നോവലിന്റെ പ്രധാന പ്രമേയങ്ങളിലൊന്ന്.


പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിലെ തെറ്റുകൾ പുറത്തുകൊണ്ടുവരുന്ന ജീവനക്കാർക്ക് ബ്രിട്ടനിൽ നിയമപരമായ സംരക്ഷണമുണ്ട്. എന്നാൽ കരാറിലെ നിയന്ത്രണങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ കഴിയില്ലെങ്കിലും അവ ജീവനക്കാരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ഇടയാക്കുമെന്നാണ് വിമർശനം.


അതേസമയം, ജോലി വിട്ടുപോയവർക്കെതിരെ ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കാറില്ലെന്നാണ് ഗൂഗിളിന്റെ വിശദീകരണം. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ കരാറുകളിൽനിന്ന് ജോലി വിട്ടശേഷമുള്ള വിമർശനവിലക്ക് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. എഐ സുരക്ഷയെയും ഉത്തരവാദിത്തത്തെയും കുറിച്ച് തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പ്രശ്നങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ ആഭ്യന്തര സംവിധാനങ്ങളുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കി.


എന്നാൽ പുതിയ ജീവനക്കാർക്കു മാത്രമായി കരാർ മാറ്റുന്നത് മതിയാകില്ലെന്നാണ് നിലവിലെ ജീവനക്കാരുടെ നിലപാട്. നേരത്തേ ഒപ്പിട്ട കരാറുകളിലെയും നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും എഐയുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളോട് സംസാരിക്കുന്നതിന് വ്യക്തമായ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.


സൈനിക ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്നതിനെച്ചൊല്ലി ഗൂഗിളിൽ നേരത്തേയും പ്രതിഷേധമുണ്ടായിരുന്നു. 2018ൽ പെന്റഗണിന്റെ ഡ്രോൺ ദൃശ്യങ്ങൾ വിശകലനം ചെയ്യാനുള്ള പദ്ധതിക്കെതിരെ ജീവനക്കാർ രംഗത്തെത്തിയതോടെ കമ്പനി കരാറിൽനിന്ന് പിന്മാറിയിരുന്നു. പിന്നീട് സൈനിക ആവശ്യങ്ങൾക്കുള്ള എഐ ഉപയോഗവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളിൽ ഗൂഗിൾ ഇളവ് വരുത്തി. എഐയുടെ സുരക്ഷയെക്കുറിച്ച് കമ്പനിക്കുള്ളിൽ ഉയരുന്ന ആശങ്കകൾ പൊതുസമൂഹവുമായി പങ്കുവയ്ക്കാനുള്ള അവകാശത്തെച്ചൊല്ലിയാണ് ഇപ്പോഴത്തെ തർക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home