ad
Deshabhimani

​ഗൾഫ് രാജ്യങ്ങളെ യുദ്ധമുഖത്തേക്ക് തള്ളിവിട്ടത് അമേരിക്ക

Trump.jpg
വെബ് ഡെസ്ക്

Published on Mar 03, 2026, 02:02 PM | 1 min read

തിരുവനന്തപുരം: യുഎസിനായി സെെനിക താവളങ്ങൾ ഒരുക്കാൻ ​ഗൾഫ് രാജ്യങ്ങൾ നൽകിയ അനുമതി അപകടകരമായത് അവർക്ക് തന്നെ. തങ്ങളുടെ സുരക്ഷയ്ക്കായി സെെനിക താവളം ഒരുക്കാൻ യുഎസിന് അനുമതി നൽകുകയായിരുന്നു ​ഗൾഫ് രാജ്യങ്ങൾ. ആ താവളങ്ങളാണ് ഇപ്പോൾ ആക്രമണത്തിനിരയാകുന്നത്. യുദ്ധം ആരംഭിച്ചാൽ പ്രാദേശിക യുദ്ധമായി മാറുമെന്ന് ഖമനേയി മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയ്‌ക്ക് ഗൾഫിലുള്ള 19 സൈനികതാവളങ്ങൾ മാത്രമല്ല, അമേരിക്കൻ സാമ്പത്തികതാൽപ്പര്യങ്ങളെയും ഹനിക്കുമെന്ന് ഇറാൻ വിദേശമന്ത്രി ഗൾഫ് രാഷ്ട്രങ്ങളെ അറിയിച്ചിരുന്നു. നിലവിൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ സംഭവിച്ചിരിക്കുന്നതും അത് തന്നെയാണ്.


യുദ്ധത്തിന്റെ ആദ്യദിവസം ഇറാൻ ലക്ഷ്യമിട്ടത് അമേരിക്കയുടെ ഗൾഫിലെ സെൻട്രൽ കമാൻഡായ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളവും യുഎഇയിലെയും കുവൈത്തിലെയും ബഹ്റൈനിലെയും ജോർദാനിലെയും സൗദിയിലെയും യുഎസ് താവളങ്ങളായിരുന്നുവെങ്കിൽ രണ്ടാംദിവസം ഒമാനിലെ സൈനികതാവളവും ദുബായിലെയും അബുദാബിയിലെയും അമേരിക്കൻ ഫിനാൻഷ്യൽ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടത്. അമേരിക്കൻ ബാങ്ക്, സിറ്റി ബാങ്ക്, മൈക്രോസോഫ്റ്റ്, മോർഗൻ സ്റ്റാൻലി, ആമസോൺ, ഐബിഎം തുടങ്ങിയ അമേരിക്കൻ കമ്പനികളുടെ ഗൾഫ് ഹെഡ്ക്വാർട്ടേഴ്‌സുള്ള ദുബായിലെ പ്രദേശമാണ് ഇറാൻ ലക്ഷ്യമാക്കിയത്.


അതായത് അമേരിക്കയ്‌ക്കുനേരെ നേരിട്ട് ആക്രമണം നടത്താതെതന്നെ അമേരിക്കൻ താൽപ്പര്യങ്ങളെ ഹനിക്കാൻ കഴിയുമെന്നാണ് ഇതുവഴി ഇറാൻ ലോകത്തോട് പറയുന്നത്. ഇതുമാത്രമല്ല, അമേരിക്കൻ പ്രസിഡന്റിന്റെയും കുടുംബാംഗങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളും ലക്ഷ്യമാക്കുമെന്ന് ഇറാൻ വ്യക്തമാക്കി.ഇതിന്റെ മറ്റൊരുവശം സൗദിയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ അവരുടെ സുരക്ഷകൂടി കണക്കിലെടുത്താണ് അമേരിക്കയ്‌ക്ക് സൈനികതാവളങ്ങൾ നിർമിക്കാൻ അനുമതി നൽകിയത്. ഈ നടപടി അവർക്ക് സുരക്ഷ പ്രദാനം ചെയ്യുന്നില്ലെന്നുമാത്രമല്ല, സുരക്ഷ അപകടത്തിലാക്കുകയാണെന്നുകൂടി തിരിച്ചറിയപ്പെടുകയാണ്. യുഎസ് തങ്ങളുടെ താൽപര്യങ്ങൾക്കായി സെെനിക താവളങ്ങൾ ​ഗൾഫ് രാജ്യങ്ങളിൽ നിർമിച്ചത് ജിസിസി രാജ്യങ്ങളുടെ മാത്രമല്ല, ഈ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ലോകമെമ്പാടുമുള്ള മനുഷ്യരുടെ കൂടി ജീവനെയാണ് അപകടത്തിൽ പെടുത്തുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home