വെടിനിർത്തൽ ലംഘിച്ച് ഇസ്രയേൽ ആക്രമണം; ഗാസയിൽ വീണ്ടും 11 മരണം

ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ
ഗാസ സിറ്റി: അന്താരാഷ്ട്ര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ വ്യവസ്ഥകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ ഗാസയിൽ വീണ്ടും നടത്തിയ വ്യോമാക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയായിരുന്നു ഗാസയിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഇസ്രയേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും വീണ്ടും ബോംബർ ഷെല്ലുകൾ വർഷിച്ചതെന്ന് പലസ്തീൻ സിവിൽ ഡിഫൻസ് ഏജൻസി വ്യക്തമാക്കി.
ആക്രമണങ്ങളിൽ പതിനഞ്ചിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗാസ സിറ്റിയുടെ വടക്കുപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഒൻപത് പേർ കൊല്ലപ്പെട്ടത്.
ഇതിനുപുറമെ നഗരമധ്യത്തിലും തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും പ്രാദേശിക പൊലീസിനെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് പേർ കൂടി മരണപ്പെടുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസ്സാൽ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ മുതൽ സാങ്കേതികമായി വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഗാസയിൽ ഇസ്രയേലിന്റെ സൈനിക അതിക്രമങ്ങൾക്ക് യാതൊരു കുറവുമില്ല. നിലവിൽ ഗാസയുടെ പകുതിയിലധികം പ്രദേശങ്ങളും ഇസ്രയേൽ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്.
ഒക്ടോബറിലെ സമാധാന കരാറിന് ശേഷം മാത്രം ഇസ്രയേൽ നടത്തിയ അക്രമങ്ങളിൽ 936 പലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഹമാസിന്റെ പക്കലുള്ള ഇസ്രയേലി തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രയേൽ തടവിലാക്കിയ പലസ്തീനികളെ വിട്ടയക്കുന്നതായിരുന്നു വെടിനിർത്തലിന്റെ ഒന്നാം ഘട്ടം. എന്നാൽ ഹമാസിന്റെ നിരായുധീകരണവും ഇസ്രയേൽ സൈന്യത്തിന്റെ ഘട്ടം ഘട്ടമായുള്ള പിന്മാറ്റവും ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട ചർച്ചകൾ മാസങ്ങളായി ഇസ്രയേലിന്റെ കടുംപിടുത്തം മൂലം തടസ്സപ്പെട്ടു കിടക്കുകയാണ്.
ഇതിനിടെ ഗാസയുടെ 70 ശതമാനം പ്രദേശവും സൈന്യത്തിന്റെ അധീനതയിലാക്കാൻ നെതന്യാഹു ഉത്തരവിട്ടതും മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.









0 comments