അഞ്ചുലക്ഷത്തിലേറെ മനുഷ്യർ പട്ടിണിദുരന്തം നേരിടുന്നു
ഗാസയിൽ ക്ഷാമം പ്രഖ്യാപിച്ച് യുഎന്‍ ; മുന്നൂറോളംപേർ പട്ടിണിമൂലം മരിച്ചു

ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയിലെ കാഴ്ച. തുര്‍ക്കിയ വാര്‍ത്താഏജന്‍സിയായ അനദോലു പുറത്തുവിട്ട ചിത്രം
റോം
ഇസ്രയേലി വംശഹത്യയിൽ തീരാദുരിതത്തിലായ ഗാസയിൽ ഭക്ഷ്യക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്‌ട്ര സംഘടന. പശ്ചിമേഷ്യയിൽ ആദ്യമായാണ് ക്ഷാമം പ്രഖ്യാപിക്കുന്നത്. റോം ആസ്ഥാനമായ ഭക്ഷ്യ പരമാധികാരത്തിനായുള്ള അന്താരാഷ്‌ട്ര ആസൂത്രണ സമിതിയുടെ (ഐപിസി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ചുലക്ഷത്തിലേറെപ്പേർ പട്ടിണിദുരന്തം നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് പറഞ്ഞു.
ക്ഷാമം പൂർണമായും തടയാവുന്നതാണെന്നും ഇസ്രയേലിന്റെ തടസ്സങ്ങൾ കാരണമാണ് ഭക്ഷണം എത്തിക്കാൻ കഴിയാത്തതെന്നും യുഎൻ സഹായ ഏജൻസി മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു.
പലസ്‌തീൻ പ്രദേശത്തെ മാനുഷിക സാഹചര്യം വഷളാവുകയാണെന്ന് യുഎൻ ഏജൻസികൾ പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പോഷകാഹരക്കുറവ് മൂലം കുട്ടികൾ മരണത്തിന്റെ വക്കിലാണെന്ന് തുടർച്ചയായ മുന്നറിയിപ്പ് നൽകിയിട്ടും അന്താരാഷ്‌ട്ര സഹായം എത്തിക്കാൻ ഇസ്രയേൽ അനുവദിച്ചില്ല. മുന്നൂറോളം പേർ ഇതിനകം വിശന്നുമരിച്ചു.
വെള്ളിയാഴ്‌ചത്തെ പുതുക്കിയ റിപ്പോർട്ടിലാണ് വ്യക്തമായ തെളിവുകളോടെ ഗാസ സിറ്റി ഉൾപ്പെടെ മുനമ്പിന്റെ 20 ശതമാനം ഉൾപ്പെടുന്ന പ്രദേശത്ത് ക്ഷാമം (ഐപിസി ഘട്ടം 5) സ്ഥിരീകരിച്ചത്. സെപ്തംബർ അവസാനത്തോടെ ദെയ്ർ എൽ-ബലാഹ്, ഖാൻ യൂനിസ് ഗവർണറേറ്റുകളിലേക്ക് ക്ഷാമം വ്യാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. പലസ്‌തീൻ പ്രദേശത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഉൾക്കൊള്ളുന്ന മേഖലയിൽ ഏകദേശം 6.41 ലക്ഷംപേർ പട്ടിണിയിലാകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, യുഎൻ റിപ്പോർട്ടിനെ പൂർണമായി തള്ളിയ ഇസ്രയേൽ വിദേശ മന്ത്രാലയം ഗാസയിൽ ക്ഷാമമില്ല എന്ന് പ്രതികിച്ചു. "നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള സംഘടനകൾ വഴി ഹമാസ് പ്രചരിപ്പിക്കുന്ന കള്ളങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടെന്ന് ഇസ്രയേൽ ആരോപിച്ചു.









0 comments