ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു; സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ

ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം| Photo Screengrab Reuters
ഗാസ : ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ദമ്പതികളും ആറ് വയസ്സുകാരിയായ മകളും കൊല്ലപ്പെട്ടു. യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന ഗാസ വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായി തുടരുന്നതിനിടയിലാണ് വീണ്ടും ആക്രമണമുണ്ടായത്. മധ്യ ഗാസയിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെയായിരുന്നു ആക്രമണം. ഒമർ അബു ഖാസിം, ഭാര്യ അസ്മ, ഇവരുടെ മകൾ ഹബീബ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂന്ന് വയസ്സുള്ള മകൻ സാമി പരിക്കുകളോടെ രക്ഷപ്പെട്ടു. ഹമാസ് കമാൻഡറെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം.
മറ്റൊരു സംഭവത്തിൽ, ഗാസ സിറ്റിയിലെ ഷെയ്ഖ് റദ്‌വാൻ പരിസരത്തുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബറിലെ താൽക്കാലിക വെടിനിർത്തലിന് ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതിനകം ഭൂരിഭാഗവും സാധാരണക്കാരായ 1,100ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവിൽ ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. ഒക്ടോബറിലെ വെടിനിർത്തൽ വലിയ രീതിയിലുള്ള യുദ്ധത്തിന് താൽക്കാലിക ശമനം വരുത്തിയെങ്കിലും, ദിവസേനയുള്ള ഇസ്രയേൽ വ്യോമാക്രമണങ്ങൾക്ക് ഇപ്പോഴും കുറവില്ല.
ഹമാസ് പ്രതിനിധികൾ പങ്കെടുത്ത മറ്റൊരു റൗണ്ട് സമാധാന ചർച്ചകൾ കെയ്‌റോയിൽ അവസാനിച്ചു. ഈജിപ്ത്, തുർക്കി, ഖത്തർ എന്നിവരുടെ മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ നടന്നത്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. ഹമാസിനെ നിരായുധീകരിക്കുക, ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുക എന്നിവയാണ് ഈ ഘട്ടത്തിലെ പ്രധാന വിഷയങ്ങൾ.
എന്നാൽ ഇരുപക്ഷവും തമ്മിലുള്ള കടുത്ത സംഘർഷം കാരണം ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ട്രംപ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ വ്യവസ്ഥകൾ പൂർണമായി നടപ്പിലാക്കാതെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാകില്ലെന്ന നിലപാടിലാണ് ഹമാസ്. ഇസ്രയേൽ തങ്ങളുടെ സൈന്യത്തെ നിശ്ചിത അതിർത്തിയിലേക്ക് പിൻവലിക്കണമെന്നായിരുന്നു ഒന്നാം ഘട്ടത്തിലെ പ്രധാന വ്യവസ്ഥയെങ്കിലും, അവർ ഗാസയുടെ 60 ശതമാനത്തിലധികം പ്രദേശവും നിലവിൽ അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് ഹമാസ് ആരോപിക്കുന്നു.










0 comments