ad
Deshabhimani

ഇസ്രയേല്‍സേന പിന്‍വാങ്ങി ; പ്രിയ മണ്ണിലേക്ക്‌ പലസ്തീൻജനത

gaza ceasefire
വെബ് ഡെസ്ക്

Published on Oct 11, 2025, 01:59 AM | 1 min read


ഗാസ സിറ്റി

പ്രിയപ്പെട്ടവരടക്കം സകലതും നഷ്‌ടപ്പെട്ട നഗരത്തിലേക്ക്‌ ബാക്കിയായ ജീവനുംപിടിച്ച്‌ പലസ്‌തീൻകാർ മടങ്ങിത്തുടങ്ങി. രണ്ടുവര്‍ഷംനീണ്ട വംശഹത്യയ്ക്ക് അറുതിവരുത്താനുള്ള കരാറിന്റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണിത്‌. കരാർപ്രകാരമുള്ള പ്രദേശങ്ങളിലേക്ക്‌ ഇസ്രയേൽ സൈന്യം മടങ്ങി. ഇസ്രയേൽ നരനായാട്ടിൽ ഭയന്ന്‌ തെക്കൻ ഭാഗങ്ങളിലേക്ക്‌ കുടിയിറക്കപ്പെട്ട കുടുംബങ്ങളാണ്‌ ഗാസയുടെ വടക്കൻ മേഖലകളിലേക്ക്‌ മടങ്ങുന്നത്.


വെള്ളിപുലർച്ചെയാണ്‌ ഇസ്രയേൽ മന്ത്രിസഭ സമാധാന പദ്ധതി അംഗീകരിച്ചത്‌. 48 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് 72 മണിക്കൂർ സമയപരിധി നൽകിയിട്ടുണ്ട്. തിങ്കള്‍ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടുമണിക്കകം ബന്ദികളെ പൂർണമായും കൈമാറണം. ഇസ്രയേൽ തടങ്കലിലാക്കിയ നൂറുകണക്കിന്‌ പലസ്‌തീൻകാരെയും മോചിപ്പിക്കും. മോചിപ്പിക്കപ്പെടുന്ന 250 പലസ്തീൻ തടവുകാരുടെ പേരുകൾ ഇസ്രയേൽ പുറത്തുവിട്ടു. ഇവരിൽ 15 പേരെ കിഴക്കൻ ജറുസലേമിലേക്കും 100 പേരെ വെസ്റ്റ് ബാങ്കിലേക്കും അയക്കും. 135 പേരെ നാടുകടത്താനാണ്‌ തീരുമാനം. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായാൽ പ്രദേശത്ത്‌ തുടരുമെന്നാണ് ഇസ്രയേൽ സേനയുടെ നിലപാട്.


​കരാറിൽ തിരുത്ത്‌

ഇസ്രയേൽ ജയിലുകളിൽ നിന്നും മോചിപ്പിക്കുന്ന 250 പലസ്‌തീൻകാരുടെ പേരുവിവരങ്ങളിൽ തിരുത്തലുകൾ ഉണ്ടായതായി റിപ്പോർട്ട്‌. അമേരിക്ക അംഗീകരിച്ച തടവുകാരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന പലസ്തീനിലെ മണ്ടേല എന്നറിയപ്പെടുന്ന പോരാളി മർവാൻ ബർഗൗട്ടി, ഹമ്മദ് സാദത്ത്, ഹസൻ സലാമ, അബ്ബാസ് അൽ-സയ്യിദ് എന്നിവരെ ഒഴിവാക്കിയാണ്‌ ഇസ്രയേൽ പട്ടിക പുറത്തുവിട്ടത്‌. ഇത്‌ കരാർ ലംഘനമാണെന്ന ആക്ഷേപം ഉയർന്നു. ഇരുപത് വര്‍ഷമായി ഇസ്രയേൽ ജയിലിൽ കഴിയുകയാണ് ബര്‍ഗൗട്ടി.


​ഗാസയിലേക്ക്‌ പ്രതിദിനം 600 സഹായ ട്രക്കുകൾ
ഗാസയിലേക്ക് പ്രതിദിനം 600 സഹായ ട്രക്കുകൾ പ്രവേശിക്കാനേ ഇസ്രയേൽ അനുവദിക്കൂ. ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ഷെൽട്ടർ സാമഗ്രികൾ, ഇന്ധനം, പാചക വാതകം എന്നിവയുമായി ഗാസയ്ക്ക് പുറത്ത് ആയിരക്കണക്കിന് ട്രക്കുകളാണ് കെട്ടിക്കിടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home