ad
Deshabhimani

യുഎഇ എണ്ണവിപണിയുടെ നിയന്ത്രണകേന്ദ്രം; ഫുജൈറ തുറമുഖം നിലച്ചാൽ സംഭവിക്കുന്നത്

fujairah

ഫുജൈറയിലെ ഓയിൽ ടെർമിനൽ

വെബ് ഡെസ്ക്

Published on Mar 16, 2026, 02:44 PM | 2 min read

ദുബൈ : യുഎഇയിലെ ഫുജൈറ തുറമുഖത്ത് ശനിയാഴ്ച ഡ്രോൺ ആക്രമണത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് എണ്ണ കയറ്റുമതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനും അസംസ്‌കൃത എണ്ണയുടെയും മറ്റ് ഇന്ധനങ്ങളുടെയും കയറ്റുമതിക്കും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഈ തുറമുഖം.


അമേരിക്ക ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ രണ്ടാഴ്ച പിന്നിട്ടു. കഴിഞ്ഞ ദിവസമാണ് ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാർ​ഗ് യുഎസ് ആക്രമിച്ചത്. ​ഗൾഫ് രാജ്യങ്ങളിലെ സൈനിക താവളങ്ങൾ വഴിയാണ് അമേരിക്ക ആക്രമണം നടത്തിയെതെന്ന് ഇറാൻ ഇതിനെതിരെ പ്രതികരിച്ചു. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം ഇറാൻ നിർത്തിവച്ചിരിക്കുകയാണ്.


യുദ്ധമോ മറ്റ് തടസ്സങ്ങളോ കാരണം ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ എണ്ണ കയറ്റുമതിക്കായി ഗൾഫ് രാജ്യങ്ങൾ ആശ്രയിക്കുന്ന പ്രധാന കവാടമായി ഫുജൈറയെ കണക്കാക്കാം. അബുദാബിയിൽ നിന്ന് 'ഹബ്ഷാൻ-ഫുജൈറ' പൈപ്പ്‌ലൈൻ വഴി എണ്ണ നേരിട്ട് ഇവിടെ എത്തിക്കാൻ സാധിക്കും. ഏകദേശം 1.8 കോടി ക്യുബിക് മീറ്റർ എണ്ണ സംഭരിക്കാനുള്ള ശേഷി ഈ തുറമുഖത്തിനുണ്ട്.


കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 1.7 ദശലക്ഷം വീപ്പയിലധികം അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച ഇന്ധനവുമാണ് ഫുജൈറ വഴി കയറ്റുമതി ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഇത് ലോകത്തെ പ്രതിദിന എണ്ണ ആവശ്യകതയുടെ ഏകദേശം 1.7 ശതമാനത്തിന് തുല്യമാണ്.


ഹോ‌ർമുസ് കടലിടുക്കിന് ഏകദേശം70 നോട്ടിക്കൽ മൈലിനകലെ ഒമാൻ തീരത്ത് സ്ഥിതിചെയ്യുന്ന ഫുജൈറയുടെ പ്രവർത്തനം നിലച്ചാൽ നിലവിലെ സാഹചര്യത്തിൽ അത് ആ​ഗോള വിപണിയെ ബാധിക്കും.


2025ൽ 7.4 ദശലക്ഷം ക്യുബിക് മീറ്റർ ഇന്ധനമാണ് വിറ്റഴിച്ചതോടെ ലോകത്തിലെ നാലാമത്തെ ഇന്ധനവിതരണ കേന്ദ്രമായി ഫുജൈറ മാറി. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങുന്നതിന് മുൻപ് പ്രതിദിനം 3.4 ദശലക്ഷം വീപ്പയിലധികം അസംസ്‌കൃത എണ്ണ ഉൽപ്പാദിപ്പിച്ചിരുന്നു. നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയല്ലാതെ പ്രതിദിനം 1.5 ദശലക്ഷം വീപ്പ എണ്ണ എത്തിക്കാവുക്കുന്ന ഒരു പൈപ്പ്‌ലൈൻ ഫുജൈറ തുറമുഖത്ത് പ്രവർത്തിക്കുന്നുണ്ട്.


ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈൻ വഴി അബുദാബിയിലെ എണ്ണപ്പാടങ്ങളിൽ നിന്ന് ഫുജൈറയിലേക്ക് എണ്ണ എത്തിക്കാം. യുഎഇ ഉൽപാദിപ്പിക്കുന്ന പ്രധാന അസംസ്കൃത എണ്ണയായ മർബൻ ഈ തുറമുഖം വഴിയാണ് കയറ്റി അയക്കുന്നത്. ഇതിന്റെ പ്രധാന ഉപഭോക്താക്കൾ ഏഷ്യൻ രാജ്യങ്ങളാണ്.


ഹോർമുസ് കടലിടുക്ക് വഴിയുള്ള കയറ്റുമതി തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഫുജൈറ തുറമുഖത്തുണ്ടായ ആക്രമണം ഒപെക്കിലെ മൂന്നാമത്തെ വലിയ എണ്ണ ഉൽപ്പാദകരായ യുഎഇയെ ഉൽപ്പാദനം വീണ്ടും വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാക്കും. ഇത് ആ​ഗോള വിപണിയിൽ അസംസ്കൃത എണ്ണക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകും.


അസംസ്കൃത എണ്ണയുടെ വിവിധ ഘടകങ്ങൾ തമ്മിൽ കലർത്തി പെട്രോളോ കപ്പൽ ഇന്ധനമോ ആയി മാറ്റുന്ന പ്രക്രിയക്കും ഇവ സംഭരിക്കുന്നതിനും ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായ ഈ തുറമുഖത്തിന് 1.8 കോടി ക്യുബിക് മീറ്റർ എണ്ണ സംഭരണ ശേഷിയുണ്ട്.


അസംസ്‌കൃത എണ്ണ സംഭരണത്തിൽ മാത്രമല്ല, പെട്രോൾ, ഡീസൽ, ജെറ്റ് ഫ്യുവൽ തുടങ്ങിയ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ വിപണനത്തിലും ഫുജൈറ മുൻപന്തിയിലാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കേന്ദ്രമായതുകൊണ്ട് തന്നെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും അസംസ്കൃത എണ്ണ കയറ്റുമതിക്ക് ഫുജൈറയെ ആശ്രയിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home