ഫ്രാൻസിൽ യുദ്ധ വിമാനം തകർന്നുവീണ് അപകടം; ഒരു മരണം, ഒരാളെ കാണാതായി

എഐ നിർമിത ചിത്രം
പാരിസ് : ഫ്രാൻസിൽ യുദ്ധ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു മരണം. ഒരു സൈനികനെ കാണാതായി. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ഫ്രഞ്ച് വ്യോമസേന അറിയിച്ചു. ഫ്രാൻസിന്റെ കിഴക്കൻ മേഖലയിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. പരിശീലന ദൗത്യം പൂർത്തിയാക്കി നാൻസി-ഒഷേ (Nancy-Ochey) വ്യോമതാവളത്തിലേക്ക് മടങ്ങിയ മിറാഷ് 2000ഡി (Mirage 2000D) യുദ്ധവിമാനമാണ് തകർന്നുവീണത്. നാൻസി നഗരത്തിൽനിന്ന് ഏകദേശം 18 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള റൊജെവിൽ പ്രദേശത്താണ് അപകടമുണ്ടായത്.
പൈലറ്റടക്കം രണ്ട് സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടസ്ഥലത്തുനിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ഫ്രഞ്ച് സേന സ്ഥിരീകരിച്ചു. വനമേഖലയിലാണ് വിമാനം തകർന്നുവീണത്. പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. പൈലറ്റിനെകൂടാതെ ആയുധസംവിധാനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് നാൻസി-ഒഷേ വ്യോമതാവളത്തിന്റെ കമാൻഡറായ കേണൽ ലുഡോവിക് ഹംബർട്ട് അറിയിച്ചു.
കര വഴിയുള്ള ആക്രമണങ്ങൾക്കായി രൂപകൽപ്പന ചെയ്ത രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് മിറാഷ് 2000ഡി. 1993ലാണ് ഫ്രഞ്ച് സേനയിലെത്തുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2019 ജനുവരിയിലും മിറാഷ് വിമാനം തകർന്ന് അപകടമുണ്ടായിരുന്നു. കിഴക്കൻ ഫ്രാൻസിൽ രാത്രികാല പരിശീലനത്തിനിടെ മിറാഷ് 2000ഡി തകർന്നുവീണ് രണ്ട് സൈനികർ മരിച്ചു. 2021 ജൂലൈയിലും നാൻസിക്ക് സമീപം ഇതേ വിഭാഗത്തിൽപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടെങ്കിലും ജീവനക്കാർ രക്ഷപ്പെട്ടിരുന്നു.









0 comments