ad
Deshabhimani

print edition ലെബനനിലെ ഇസ്രയേൽ ആക്രമണം: പ്രതിഷേധവുമായി ഫ്രാൻസും സ്പെയിനും

 Israeli airstrike AT Beirut

ബെയ്റൂത്തില്‍ ഇസ്രയേൽ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടം | Photo: AFP

വെബ് ഡെസ്ക്

Published on Apr 10, 2026, 12:22 AM | 1 min read

പാരീസ്: ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണത്തെ അപലപിച്ച് ഫ്രാൻസ്‌ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സ്‌പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസും. ഇസ്രയേൽ വ്യോമാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇപ്പോൾ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിൽ ലെബനനെയും ഉൾപ്പെടുത്തണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു.


മേഖലയിൽ വെടിനിർത്തൽ കരാറിന്റെ നിലനിൽപ്പിന് ഈ ആക്രമണം ഭീഷണിയാണ്‌. ലെബനൻ പൂർണമായും കരാറിന്റെ പരിധിയിൽ വരണമെന്നും ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ, പ്രധാനമന്ത്രി നവാഫ് സലാം എന്നിവരുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാക്രോൺ പറഞ്ഞു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌ക്യൻ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുമായും അദ്ദേഹം സംസാരിച്ചു.


ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ലെബനനിൽ നടത്തുന്നത് കടുത്ത ആക്രമണമാണെന്ന് പെദ്രോ സാഞ്ചസ് പറഞ്ഞു. ഇസ്രയേലുമായുള്ള കരാർ യൂറോപ്യൻ യൂണിയൻ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേൽ തുടരുന്ന സൈനിക നടപടികൾ അംഗീകരിക്കാനാവില്ലെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ അൽബാരസും പറഞ്ഞു.


ഹിസ്ബുള്ള തലവന്റെ അനന്തരവനെ വധിച്ചെന്ന്‌


ബെയ്റൂത്ത്: ഹിസ്ബുള്ള തലവൻ നയീം ഖാസെമിന്റെ അനന്തരവനെ വധിച്ചതായി ഇസ്രയേൽ. വ്യാഴാഴ്ച ബെയ്റൂത്തിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള സെക്രട്ടറി ജനറൽ നയീം ഖാസെമിന്റെ പേഴ്സണൽ സെക്രട്ടറിയും അനന്തരവനുമായ അലി യൂസഫ് ഹർഷിയെ വധിച്ചതെന്ന് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു.


യുറേനിയം സമ്പുഷ്ടീകരണം അവകാശം: ഇറാൻ


തെഹ്‌റാൻ: ഉ‍ൗർജാവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഇറാൻ ആണവോർജ്ജ ഏജൻസി മേധാവി മുഹമ്മദ് എസ്​​ലാമി വ്യക്തമാക്കി. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനേയിയുടെ അനുസ്മരണ ചടങ്ങുകൾക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിനിർത്തലിനായി ഇറാൻ മുന്നോട്ടുവച്ച പത്തിന പദ്ധതിയിൽ യുറേനിയം സമ്പുഷ്ടീകരണം പ്രധാനപ്പെട്ടതാണ്‌. അംഗീകരിക്കാൻ യുഎസ് വിസമ്മതിക്കുന്നുവെങ്കിലും അത്യാവശ്യ കാര്യമാണിതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home