ad
Deshabhimani

യുഎൻ തലപ്പത്ത് ആദ്യമായൊരു വനിത എത്തുമോ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി

UN
വെബ് ഡെസ്ക്

Published on Apr 20, 2026, 12:53 PM | 2 min read

ജനീവ: ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറലിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ഔദ്യോഗിക 'അഭിമുഖങ്ങൾ' (Auditions) ഈ ആഴ്ച നടക്കും. 2026 ഡിസംബർ 31-ന് കാലാവധി തീരുന്ന അന്റോണിയോ ഗുട്ടെറസിനു പകരക്കാരെ കണ്ടെത്തുന്ന നടപടി ക്രമങ്ങളുടെ ആദ്യഘട്ടമാണ്.


ഒരു വനിത ആദ്യമായി ഐക്യരാഷ്ട്രസഭയുടെ തലപ്പത്ത് വരണമെന്ന ശക്തമായ ആവശ്യം നിലനിൽക്കുന്നുണ്ട്. ബ്രിട്ടനും ഫ്രാൻസും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുമുണ്ട്. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതോടെ, ഒരു വനിതാ സെക്രട്ടറി ജനറൽ വരുന്നതിനോട് അമേരിക്ക എങ്ങനെ പ്രതികരിക്കും എന്നതിൽ നയതന്ത്ര വിദഗ്ധർക്കിടയിൽ സംശയങ്ങളുണ്ട്.


യുഎൻ രൂപീകൃതമായതിന്റെ 80-ാം വാർഷികത്തിലേക്ക് കടക്കുമ്പോൾ, ഇതുവരെ ഒരു വനിത ഈ സ്ഥാനം വഹിച്ചിട്ടില്ല എന്നത് വലിയ ചർച്ചാ വിഷയമാണ്. രണ്ട് കരുത്തരായ വനിതകൾ മത്സരരംഗത്തുള്ളത് മാറ്റത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 'വുമൺ എസ്.ജി' (Woman SG), '1 ഫോർ 8 ബില്യൺ' തുടങ്ങിയ ആഗോള കൂട്ടായ്മകൾ ഇവര്‍ക്കായി ശക്തമായ പ്രചാരണം നടത്തുന്നുണ്ട്.


Rebeca Grynspan and Michelle BacheletRebeca Grynspan and Michelle Bachelet


നാല് പേര്‍ മാത്രമാണ് ഇത്തവണ രംഗത്തുള്ളത്. ഇതിൽ രണ്ട് പേര്‍ വനിതകളായി എന്നതാണ് പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പ് 2016 ൽ ആയിരുന്നു. അന്ന് 13 പേര്‍ രംഗത്തുണ്ടായിരുന്നതാണ് നാലുപേരായി കുറഞ്ഞത്. ഇപ്പോൾ ആഗോള രാഷ്ട്രീയ സാഹചര്യം മാറിയിരിക്കയാണ്. ലോകം അതീവ സംഘർഷഭരിതമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനാൽ വൻശക്തികളെ പിണക്കാതെയും പ്രശ്നങ്ങളിൽ ലോക താത്പര്യത്തിന് ഒപ്പം ഇടപെട്ടും പ്രവർത്തിക്കാൻ കഴിയുന്നവർ മാത്രമേ രംഗത്തുള്ളൂ. ഇതാണ് മത്സരാര്‍ഥികൾ കുറയാൻ കാരണം എന്നാണ് വിലയിരുത്തൽ.


ഇവര്‍ നാലുപേര്‍


193 അംഗരാജ്യങ്ങളുടെ പ്രതിനിധികൾക്ക് മുന്നിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ നാല് പ്രധാന സ്ഥാനാർത്ഥികളാണ് ഈ ആഴ്ച എത്തുന്നത്.


  • മിഷേൽ ബാച്ചലെറ്റ് (ചിലി): ചിലിയുടെ മുൻ പ്രസിഡന്റും യുഎൻ മനുഷ്യാവകാശ വിഭാഗം മുൻ മേധാവിയുമാണ്. ചൊവ്വാഴ്ചയാണ് ഇവരുടെ അഭിമുഖം. ബ്രസീലും മെക്സിക്കോയും ഇവരെ പിന്തുണയ്ക്കുന്നു.

  • റഫാൽ മരിയാനോ ഗ്രോസി (അർജന്റീന): നിലവിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) മേധാവിയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ ഊഴം.

  • റെബേക്ക ഗ്രിൻസ്‌പാൻ (കോസ്റ്റാറിക്ക): യുഎൻ വ്യാപാര വിഭാഗമായ UNCTAD-ന്റെ മേധാവിയാണ്. ബുധനാഴ്ച രാവിലെ ഇവർ അംഗങ്ങളെ അഭിസംബോധന ചെയ്യും.

  • മാക്കി സാൽ (സെനഗൽ): സെനഗലിന്റെ മുൻ പ്രസിഡന്റാണ്. ബുധനാഴ്ച വൈകിട്ടാണ് ഇദ്ദേഹത്തിന്റെ അഭിമുഖം. ബുറുണ്ടിയാണ് ഇദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തത്.



ലാറ്റിൻ അമേരിക്ക എന്ന സാധ്യത

ഇത്തവണ സെക്രട്ടറി ജനറൽ സ്ഥാനം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കാണ് ലഭിക്കേണ്ടത് എന്ന പൊതുധാരണയുണ്ട്. മിഷേൽ ബാച്ചലെറ്റിനെ ചിലി ആദ്യം പിന്തുണച്ചിരുന്നെങ്കിലും, അവിടെ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ പിന്തുണ പിൻവലിച്ചു. എങ്കിലും ബ്രസീലിന്റെയും മെക്സിക്കോയുടെയും പിന്തുണയുള്ളതിനാൽ അവർക്ക് മത്സരത്തിൽ തുടരുന്നു. എന്നാൽ അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ മിഷേൽ ബാച്ചലെറ്റിനെതിരെ രംഗത്തുണ്ട്. അവരുടെ നിലപാടുകൾ അമേരിക്കൻ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് റിപ്പബ്ലിക്കൻമാര്‍ ആരോപിക്കുന്നു.


സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നതിൽ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് 'വീറ്റോ' അധികാരമുണ്ട്.


ഐക്യരാഷ്ട്രസഭയിൽ നിലവിൽ ഔദ്യോഗിക പദവികൾ വഹിക്കുന്നവർ പ്രചാരണ വേളയിൽ ആ സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് ചില രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത് റെബേക്ക ഗ്രിൻസ്‌പാൻ മാർച്ച് ആദ്യവാരം തന്റെ യുഎൻ പദവിയിൽ നിന്ന് താൽക്കാലികമായി അവധി എടുത്തു. എന്നാൽ റഫാൽ ഗ്രോസി ഐ എ ഇ എ തലവൻ എന്ന സ്ഥാനത്ത് തുടർന്നു കൊണ്ട് തന്നെ മത്സരിക്കാൻ തീരുമാനിച്ചത് ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.


un4റഫാൽ മരിയാനോ ഗ്രോസി,മിഷേൽ ബാച്ചലെറ്റ്,റെബേക്ക ഗ്രിൻസ്‌പാൻ,മാക്കി സാൽ


തെരഞ്ഞെടുപ്പ് രീതി


യുഎൻ ചാർട്ടർ അനുസരിച്ച്, സെക്യൂരിറ്റി കൗൺസിൽ ശുപാർശ ചെയ്യുന്ന വ്യക്തിയെ ജനറൽ അസംബ്ലി വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. ജൂലൈയിൽ സെക്യൂരിറ്റി കൗൺസിലിൽ രഹസ്യ വോട്ടെടുപ്പുകൾ (Straw Polls) ആരംഭിക്കും.


പുതിയ സെക്രട്ടറി ജനറൽ 2027 ജനുവരി ഒന്നിന് ചുമതലയേൽക്കും. ഈ ആഴ്ച നടക്കുന്ന അഭിമുഖങ്ങൾ സ്ഥാനാർത്ഥികളുടെ ഭാവി തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home