യുഎസിലെ ഫോർട്ട് ഹുഡ് വെടിവെയ്പ്പ്; നിദാല് ഹസന്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യില്ലെന്ന് ട്രംപ്

ടെക്സസ് : 2009 ൽ യുഎസിനെ നടുക്കിയ ഫോർട്ട് ഹുഡ് സൈനിക വെടിവെയ്പ്പ് പ്രതി നിദാൽ ഹസന്റെ വധശിക്ഷ തത്സമയം ലൈവ് സ്ട്രീം ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. രാജ്യത്തിനകത്തും ആഗോളതലത്തിലുമുള്ള കടുത്ത വിമർശനങ്ങളെ തുടർന്നാണ് തീരുമാനം.
ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഇക്കാര്യമറിയിച്ചത്. നിദാൽ ഹസനെപ്പോലുള്ള ഭീകരവാദികളോട് യുഎസ് എന്താണ് ചെയ്യുന്നതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ തത്സമയ സംപ്രേക്ഷണത്തിലൂടെ സാധിക്കുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, സന്മനസുള്ളവരായ നിരവധി ആളുകൾ ഇത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ലൈവ് സ്ട്രീം ചെയ്യില്ലെന്നും ട്രംപ് കുറിച്ചു. അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് വേണമെങ്കിൽ വധശിക്ഷ നേരിട്ട് കാണാമെന്നും അവർക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
ഡിസംബർ 3 ന് നിദാൽ ഹസന്റെ വധശിക്ഷ നടപ്പാക്കുമെന്നും അത് ലൈവ് സ്ട്രീം ചെയ്യുമെന്നും കഴിഞ്ഞ ആഴ്ച യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കഠിനമായ ശിക്ഷ ഉറപ്പാണെന്ന് ജനങ്ങൾ മനസ്സിലാക്കാനാണ് തത്സമയ സംപ്രേക്ഷണം നടത്തുന്നതെന്നായിരുന്നു അറിയിച്ചിരുന്നത്.
2009 നവംബർ 5 നാണ് ടെക്സാസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ ആർമി സൈക്യാട്രിസ്റ്റായിരുന്ന നിദാൽ ഹസൻ വെടിയുതിർത്തത്. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നടന്ന വിചാരണയിൽ 2013-ലാണ് സൈനിക കോടതി നിദാൽ ഹസന് വധശിക്ഷ വിധിച്ചത്.









0 comments