എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ കണ്ടത് തുണയായി; ഫ്ലൈദുബായ് വിമാനം നിയന്ത്രിച്ച ഹയൂൺ പറയുന്നു

വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരുന്ന യാനിവ് ഹയൂൺ | The Age
ദുബായ് : ദുബായിൽ നിന്ന് ടെൽഅവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിലെ യാത്രക്കാരൻ മാത്രമായിരുന്നു ഇന്നലെ വരെ യാനിവ് ഹയൂൺ. ഇന്ന് യാത്ര ചെയ്തിരുന്ന വിമാനത്തിലെ സഹയാത്രികരുടെ ജീവൻ തിരിച്ചുപിടിക്കാൻ ധൈര്യം കാണിച്ച വ്യക്തിയും. കോ-പൈലറ്റ് പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നു ഫ്ലൈദുബായ് വിമാനം. പരിക്കേറ്റ ക്യാപ്റ്റൻ കോക്പിറ്റ് വാതിൽ തുറന്നതോടെയാണ് യാത്രക്കാർ അകത്തേക്ക് പ്രവേശിച്ചത്. കോ-പൈലറ്റിനെ കീഴ്‌പ്പെടുത്തിയെങ്കിലും വിമാനത്തിന്റെ നിയന്ത്രണം വിട്ടിരുന്നു. ഉടൻ തന്നെ ഹയൂൺ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ പൈലറ്റ് പരിക്കേറ്റിട്ടും ഹയൂണിനൊപ്പം വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനൊരുങ്ങി. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് ഓഫ്-ഡ്യൂട്ടി ഫ്ലൈദുബായ് പൈലറ്റുമാർ പിന്നീട് കോക്പിറ്റിലെത്തി നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് വിമാനം സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
ഒരു യാത്രക്കാരനായിരുന്നിട്ടും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതെങ്ങനെയെന്ന ചോദ്യത്തിന് ഹയൂണിന് ഒരൊറ്റ മറുപടിയേ ഉള്ളൂ. "ഞാൻ സ്ഥിരമായി എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ വ്ലോഗുകൾ കാണാറുണ്ടായിരുന്നു" എന്നതാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഹയൂൺ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നത് വിമാനം ഏകദേശം രണ്ട് മിനിറ്റിനുള്ളിൽ 17,400 അടി വരെ താഴേക്ക് പതിച്ചതായാണ്. വിമാനത്തിലുണ്ടിയിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ഇസ്രയേൽ പൗരന്മാരായിരുന്നു. ഒമാൻ പൗരനായ കോ-പൈലറ്റിനെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഗുരുതരമായി പരിക്കേറ്റ വിമാനത്തിന്റെ പൈലറ്റായിരുന്ന ഇന്ത്യക്കാരനായ സ്മിത് മച്ചാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. നിലവിൽ സ്മിത്തിന്റെ സ്ഥിതി മെച്ചപ്പെട്ടതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.








0 comments