ഫ്ലൈദുബായ് വിമാനാക്രമണത്തിന് സഹപൈലറ്റിന്റെ വൻ ഗൂഢാലോചന; സുരക്ഷാ വീഴ്ചകളും ചർച്ചയാകുന്നു

അബുദാബി: തെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റ് ബെൻ ഗുറിയോൺ വിമാനത്താവളം ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. അറസ്റ്റിലായ ഹമാം അൽ-ഹമ്മാമി യുഎഇ അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനത്തിന്റെ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം സാധാരണ രീതിയിൽ വിമാനം പറത്തി ലാൻഡിങ് അനുമതി നേടുകയായിരുന്നു പദ്ധതിയെന്നാണ് റിപ്പോർട്ട്. തുടർന്ന് വിമാനത്താവളത്തിലെ കെട്ടിടത്തിലേക്കോ മറ്റൊരു വിമാനത്തിലേക്കോ വിമാനം ഇടിച്ചുകയറ്റി 9/11 മാതൃകയിലുള്ള ആക്രമണം നടത്താനായിരുന്നു നീക്കം.
എന്നാൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ തിരിച്ചടിക്കുകയും അടിയന്തര സന്ദേശം അയച്ച് കോക്പിറ്റ് വാതിൽ തുറക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാരും യാത്രക്കാരും ചേർന്ന് സഹപൈലറ്റിനെ കീഴടക്കി വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. പിന്നീട് ഡ്യൂട്ടിയിലില്ലായിരുന്ന രണ്ട് പൈലറ്റുകൾ വിമാനം സുരക്ഷിതമായി സൗദി അറേബ്യയിൽ ഇറക്കി.
ജൂലൈയിൽ തന്നെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവെച്ചതായും റിപ്പോർട്ടുണ്ട്. ഫ്ലൈദുബായിയിൽ ചേരുന്നതിന് മുമ്പുതന്നെ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും തെൽ അവീവിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനി ഏതാണെന്ന് അന്വേഷിച്ച ശേഷമാണ് ഫ്ലൈദുബായിയിൽ ജോലിക്ക് ചേർന്നതെന്നും ഇയാൾ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
29 കാരനായ ഹമ്മാമിക്ക് തീവ്രവാദ ആശയങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നും അൽ-ഖായിദയെ പിന്തുണച്ചുള്ള സന്ദേശങ്ങൾ ഓൺലൈനിൽ പങ്കുവെച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സ്വന്തം രാജ്യം ഇയാളെ വിമാനമോടിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നുവെന്ന വിവരവും പുറത്തുവന്നു.
സംഭവത്തിന് പിന്നാലെ വിമാനസുരക്ഷയിലെ വീഴ്ചകളും ചർച്ചയായി. യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ കൈമാറിയിരുന്നെങ്കിലും ഹമ്മാമിയെ സംബന്ധിച്ച് ഇസ്രയേലിൽ സുരക്ഷാ മുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.








0 comments