താളം തെറ്റി മഴ; ഇന്തോനേഷ്യയിലും ശ്രീലങ്കയിലും തായ്‌ലൻഡിലുമായി മരണം 1200 കവിഞ്ഞു

ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 1,200 കവിഞ്ഞു. 800 ലധികം പേരെ കാണാതായിട്ടുണ്ട്.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 1,230 പേർ മരിച്ചു. ഇന്തോനേഷ്യയിൽ 659 പേരും ശ്രീലങ്കയിൽ 390 പേരും തായ്‌ലൻഡിൽ 181 പേരും മരിച്ചതായി സ്ഥിരീകരിച്ചു.
ശ്രീലങ്കയിൽ ദുരന്തത്തിന് ഇരയായി കടുത്ത സാഹചര്യത്തിൽ തുടരുന്ന 1.4 ദശലക്ഷം ആളുകളിൽ 2,75,000-ത്തിലധികം കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് യുണിസെഫ് കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യം ഇൻഡോനേഷ്യയാണ്. റോഡുകൾ ഒലിച്ചുപോകുകയും പാലങ്ങൾ തകർന്നുവീഴുകയും ചെയ്തു. സുമാത്ര ദ്വീപിലെ ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്താൻ പാടുപെടുന്ന സാഹചര്യമാണ്. ദേശീയ ദുരന്തനിവാരണ ഏജൻസിയുടെ കണക്കനുസരിച്ച്, കുറഞ്ഞത് 475 പേരെ കാണാതായിട്ടുണ്ട്.
ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാണാതായ 352 പേർക്കായി ശ്രീലങ്കയിലെ സൈനിക നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. റോഡുകളും പാലങ്ങളും തകർന്നത് എത്തിച്ചേരൽ വെല്ലുവിളിയായി മാറ്റിയിരിക്കുന്നു.
2022 ലെ സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള തുടർച്ചയായ ആഘാതങ്ങളിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾക്കിടെയാണ് ശ്രീലങ്കയിലെ വെള്ളപ്പൊക്കം.
തെക്കൻ തായ്‌ലൻഡിൽ 1.5 ദശലക്ഷത്തിലധികം വീടുകളെയും 3.9 ദശലക്ഷം ആളുകളെയും വെള്ളപ്പൊക്കം ബാധിച്ചു. വെള്ളം ഇറങ്ങിയതോടെ തെരുവുകളിലും കെട്ടിടങ്ങളിലും ശുചീകരണം ആരംഭിച്ചു. വെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ അധികാരികൾ വെല്ലുവിളി നേരിടുന്നു.









0 comments