ad
Deshabhimani

ലൂവ്രെ കവർച്ചയിൽ വഴിത്തിരിവ്; അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തതായുള്ള വിവരം പുറത്ത്

Louvre Museum
വെബ് ഡെസ്ക്

Published on Oct 30, 2025, 05:33 PM | 1 min read

പാരീസ്:പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ കവർച്ച നടത്തിയ അഞ്ച് മോഷ്ടാക്കളെ പിടികൂടിയതായുള്ള വിവരം പുറത്ത്. പാരീസ് പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കവർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.


ഒക്ടോബർ 19ന് പ്രാദേശികസമയം രാവിലെ 9.30നും 9.40നും ഇടയിലാണ്‌ മ്യൂസിയം തുറന്നതിന് തൊട്ടുപിന്നാലെയായിരുന്നു കവർച്ച നടന്നത്. ലൂവ്രെയ്‌ക്കുള്ളിൽ നാലംഗസംഘം നാലു മിനിറ്റിൽ താഴെ മാത്രമേ ചെലവഴിച്ചുള്ളൂവെന്നാണ്‌ അധികൃതർ പറയുന്നത്‌. ഇതിനകം കെട്ടിടത്തിന് പുറത്തുനിന്ന് യന്ത്രഗോവണി ഉപയോഗിച്ച് രണ്ടാംനിലയിൽ പ്രവേശിച്ച് ചില്ലുപേടകം തകർത്ത് അമൂല്യവസ്‌തുക്കൾ അപഹരിച്ച് മോട്ടോർ സൈക്കിളുകളിൽ രക്ഷപ്പെടുകയായിരുന്നു.


നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ യൂജിൻ ചക്രവർത്തിനിയുടെ ആഭരണങ്ങൾ ഉൾപ്പെടെ 19-ാം നൂറ്റാണ്ടിലെ രാജകുടുംബത്തിന്റെ രത്നകിരീടം, മാലകൾ, കമ്മലുകൾ എന്നിവയുൾപ്പെടെ എട്ടു അമൂല്യവസ്‌തുക്കളാണ്‌ നഷ്‌ടമായത്‌. യൂജിൻ ചക്രവർത്തിയുടെ കിരീടം മ്യൂസിയത്തിന് പുറത്ത്‌ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.


ഫ്രഞ്ച് രാജകുടുംബത്തിന്റെ കിരീടവും ആഭരണങ്ങളും കവർന്ന പകൽക്കൊള്ളക്കുശേഷം ബുധനാഴ്‌ച ലൂവ്രെ മ്യൂസിയം വീണ്ടും തുറന്നു. മൂന്നു ദിവസത്തെ ഫോറൻസിക് പരിശോധനകൾക്കും ചോദ്യംചെയ്യലുകൾക്കും ശേഷമാണ്‌ മ്യൂസിയത്തിലേക്ക്‌ വീണ്ടും പൊതുജനങ്ങൾക്ക്‌ പ്രവേശനം അനുവദിച്ചത്‌. എന്നാൽ, കവർച്ച നടന്ന അപ്പോളോ മുറി തുറന്നില്ല. 10.2 കോടി ഡോളർ മൂല്യമുള്ള ആഭരണങ്ങളാണ് നഷ്‌ടമായതെന്ന് ലുവ്രെ ക്യുറേറ്റർ വിലയിരുത്തി.


വർഷങ്ങളായി മോണലിസയുടേതുൾപ്പെടെ നിരവധി മോഷണങ്ങൾക്കും കവർച്ച ശ്രമങ്ങൾക്കും മ്യൂസിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1911-ൽ, മ്യൂസിയത്തിൽ നിന്ന് ലിയോനാർഡോ ഡാവിഞ്ചിയുടെ ഛായാചിത്രം തൊഴിലാളിയായ വിൻസെൻസോ പെറുഗ്ഗി കോട്ടിനുള്ളിൽ ഒളിപ്പിച്ച് കടത്തി. രണ്ട് വർഷത്തിന് ശേഷം ഫ്ലോറൻസിൽ നിന്നാണ് ഇത് കണ്ടെടുത്തത്. ലൂവ്രിലെ അവസാനത്തെ വൻ കവർച്ച 1983 ലായിരുന്നു. അന്ന് നവോത്ഥാന കാലഘട്ടത്തിലെ രണ്ട് കവചങ്ങൾ മ്യൂസിയത്തിൽ നിന്ന് മോഷ്ണം പോയി. മോഷ്ടിച്ച വസ്തുക്കൾ 2021 ൽ കണ്ടെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home